Kerala
ബി ജെ പിയില്‍ ഒപ്പുശേഖരണവും നിരീക്ഷകരുടെ റിപ്പോര്‍ട്ടും; പിടിവള്ളി നഷ്ടപ്പെട്ട് കെ സുരേന്ദ്രന്‍ പക്ഷം

കോഴിക്കോട് | ഗ്രൂപ്പ് പോരിന്റെ ഉച്ചസ്ഥായിയില്‍ ആടിയുലയുന്ന കേരളത്തിലെ ബി ജെ പി നേതൃത്വത്തിന് അവസാന പിടിവള്ളിയും നഷ്ടമാവുന്നു. പ്രധാന മന്ത്രി മോദിയുടെ നിര്‍ദേശപ്രകാരം സംസ്ഥാനത്തെ സംഘടനാ കാര്യങ്ങള്‍ പഠിച്ച സ്വതന്ത്ര നിരീക്ഷകര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ടതാണ് കെ സുരേന്ദ്രന്‍-വി മുരളീധരന്‍ പക്ഷത്തിന് നില്‍ക്കക്കള്ളിയില്ലാതാക്കുന്നത്.
കെ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിനു നിരന്തരം പരാതികള്‍ ലഭിച്ചതിനു പിന്നാലെ അടുത്ത ദിവസങ്ങളില്‍ പാര്‍ട്ടിയില്‍ ഒപ്പുശേഖരണം ആരംഭിച്ചിരുന്നു. ഒപ്പുശേഖരിച്ച് ദേശീയ നേതൃത്വത്തിന് അയയ്ക്കാന്‍ മുന്നില്‍ നില്‍ക്കുന്നത് സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളാണ്. സുരേന്ദ്രനെ നേതൃത്വത്തിലിരുത്തി മുന്നോട്ടുപോകാനാകില്ലെന്ന് വ്യക്തമാക്കുന്ന നിവേദനത്തിനു പിന്നില്‍ പി കെ കൃഷ്ണദാസ്-ശോഭ സുരേന്ദ്രന്‍ പക്ഷമാണെങ്കിലും ഗ്രൂപ്പു പ്രവര്‍ത്തനമല്ല എന്നു തോന്നും വിധമാണ് നീക്കം. ജൂലൈയില്‍ ചേരുന്ന ആര്‍ എസ്എസ് ബൈഠക്കിനു മുമ്പ് നേതൃ മാറ്റത്തിനായി പരമാവധി സമ്മര്‍ദം സൃഷ്ടിക്കുകയാണ് മറുപക്ഷത്തിന്റെ തന്ത്രം.
കോഴക്കേസും കുഴല്‍പ്പണ-ഫണ്ട് വെട്ടിപ്പുകളും ബി ജെ പിയുടെ മുഖം നഷ്ടപ്പെടുത്തിയ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ഗ്രൂപ്പ് സമ്മര്‍ദത്തെ ഒതുക്കാന്‍ ഓണ്‍ലൈന്‍ യോഗങ്ങള്‍ സംഘടിപ്പിക്കാനുള്ള നീക്കത്തിലായിരുന്നു സുരേന്ദ്രന്‍ പക്ഷം. ഇതിനിടെ വിശ്വാസ്യത നഷ്ടമായ നേതൃത്വം തുടരരുതെന്ന നിലപാടുമായി മറുപക്ഷം കരുക്കള്‍ നീക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം സ്വതന്ത്ര നിരീക്ഷകര്‍ കേരളത്തിലെ ഗുരുതരമായ സാഹചര്യം വ്യക്തമാക്കി പ്രധാന മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്.
പാര്‍ട്ടി നേതൃതല യോഗങ്ങള്‍ ഓണ്‍ലൈനിലല്ലാതെ വിളിച്ച് ചര്‍ച്ച ചെയ്യണമെന്ന കൃഷ്ണദാസ്-ശോഭ സുരേന്ദ്രന്‍ വിഭാഗങ്ങളുടെ ആവശ്യം വകവച്ചു കൊടുക്കേണ്ട എന്ന നിലപാടിലായിരുന്നു വി മുരളീധരന്‍-സുരേന്ദ്രന്‍ പക്ഷം. ഇതിന്റെ ഭാഗമാണ് ചൊവ്വാഴ്ച സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പകുതിയോളം പേര്‍ ഓണ്‍ലൈനില്‍ പങ്കെടുത്താല്‍ മതിയെന്നു നിര്‍ദേശിച്ചത്. പാര്‍ട്ടിയെ തകര്‍ക്കാന്‍ ഉള്ളില്‍ നിന്ന് ചിലര്‍ ശ്രമിക്കുന്നു എന്നാരോപിച്ച് വിമത ശബ്ദം ഒതുക്കാനുള്ള നീക്കമായിരുന്നു മുരളീധരന്‍ ആസൂത്രണം ചെയ്തത്. സംസ്ഥാനത്ത് പാര്‍ട്ടി ഒരു പ്രതിസന്ധിയില്‍ പെട്ടപ്പോള്‍ പാര്‍ട്ടിയെ പ്രതിരോധിക്കാന്‍ ബാധ്യതപ്പെട്ടവരെല്ലാം പിന്നില്‍ നിന്നു കുത്തുകയാണ് എന്ന് സ്ഥാപിക്കാനായിരുന്നു ശ്രമം. എന്നാല്‍ സാമ്പത്തിക തട്ടിപ്പിന്റെ പേരില്‍ വയനാട് ജില്ലയിലടക്കം പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിപ്രഖ്യാപിക്കുന്ന നില വന്നതോടെ നേതൃത്വം വെട്ടിലാവുകയായിരുന്നു.
തിരഞ്ഞെടുപ്പിനു വന്ന പണം എത്ര, എങ്ങനെ ചെലവഴിച്ചു തുടങ്ങിയ സുപ്രധാന ചോദ്യങ്ങള്‍ക്ക് മുതിര്‍ന്ന നേതാക്കള്‍ക്കു പോലും ഉത്തരം നല്‍കാതെയാണ് കോര്‍ കമ്മിറ്റി, സംസ്ഥാന ഭാരവാഹി യോഗങ്ങള്‍ ചേര്‍ന്നത്. കുഴല്‍പ്പണം സംബന്ധിച്ച ആരോപണം പാര്‍ട്ടിയുടെ താഴെ തട്ടില്‍ വരെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. നേതൃത്വം മാറാതെ കേരളത്തിലെ പാര്‍ട്ടിയെ രക്ഷിക്കാനാവില്ലെന്നും ഈ നിലയില്‍ മുന്നോട്ടു പോയാല്‍ പാര്‍ട്ടിയില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കു തടയാനാവില്ലെന്നുമാണ് ഒപ്പുശേഖരിച്ചു കൊണ്ടുള്ള നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നത്.
തിരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെയും തുടര്‍ന്നുള്ള സാമ്പത്തിക ആരോപണത്തിന്റെയും ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റ് രാജിവെക്കാന്‍ തയാറാകാത്ത സാഹചര്യത്തില്‍ കേന്ദ്ര നേതൃത്വം ഇടപെട്ട് പാര്‍ട്ടിയില്‍ പുനസ്സംഘടന നടപ്പാക്കണമെന്ന ആവശ്യമാണ് വിമതര്‍ മുന്നോട്ടു വയ്ക്കുന്നത്. ഇതിനിടെയാണ് സ്വതന്ത്ര നിരീക്ഷകരായ സി വി ആനന്ദബോസ്, ഇ ശ്രീധരന്‍, ജേക്കബ് തോമസ് എന്നിവര്‍ പ്രധാന മന്ത്രിക്ക് കേരളത്തിലെ കാര്യങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കിയത്. കേരളത്തിലെ ബി ജെ പിയില്‍ അടിമുടി മാറ്റം വേണമെന്നും അഴിമതിയില്‍ മുങ്ങിയ നിലവിലെ നേതൃത്വം മാറണമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇങ്ങനെയൊരു നിരീക്ഷക സംഘത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് കെ സുരേന്ദ്രന്‍ ആവര്‍ത്തിച്ചെങ്കിലും നിരീക്ഷകര്‍ പല കേന്ദ്രങ്ങളില്‍ നിന്നും തെളിവുകള്‍ ശേഖരിച്ചിരുന്നു. നിരീക്ഷകര്‍ക്കു മുമ്പില്‍ വിശദമായി പ്രതികരിച്ചതായി മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ സിറാജ് ലൈവിനോടു പ്രതികരിക്കുകയും ചെയ്തിരുന്നു.
തിരഞ്ഞെടുപ്പിലെ ബി ജെ പിക്ക് കനത്ത പരാജയം നേരിടുകയും തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറിയും കള്ളപ്പണക്കേസുമെല്ലാം ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് മോദി നേരിട്ട് സ്വതന്ത്ര നിരീക്ഷകരെ നിയമിച്ചത്. പാര്‍ട്ടിയില്‍ അഴിമതി വ്യാപകമാണെന്നും തിരഞ്ഞെടുപ്പ് തോല്‍വിക്ക് വി മുരളീധരനുള്‍പ്പടെ ഉത്തരവാദിത്തമുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ബൂത്തുതലത്തില്‍ പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പ് വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഇപ്പോള്‍ പ്രസിഡന്റ് സ്ഥാനം ഒഴിയാന്‍ നിര്‍ദേശിച്ചാല്‍ അതു പാര്‍ട്ടിക്കു ക്ഷീണം ചെയ്യുമെന്ന് കേന്ദ്ര നേതാക്കളെ ബോധ്യപ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കെ സുരേന്ദ്രന്‍ സ്ഥാനത്തു തുടരുന്നത്. ഇതിനിടെ സാമ്പത്തിക ഇടപാടിന്റെ പേരിലുള്ള തര്‍ക്കം വിവിധ ജില്ലകളില്‍ ഏറ്റുമുട്ടലിലേക്കും രാജിയിലേക്കും നീങ്ങുകയാണ്.
വയനാട് ബി ജെ പിയിലുണ്ടായ തര്‍ക്കവും കൂട്ടരാജിയുമാണ് സംസ്ഥാന തലത്തിലേക്കും വ്യാപിക്കുന്നത്.
കോഴ ഇടപാടില്‍ പങ്കുള്ള സംഘടനാ സെക്രട്ടറി എം ഗണേഷിന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തില്‍ വയനാട് യുവമോര്‍ച്ച നേതാവ് ദീപു പുത്തന്‍പുരയ്ക്കലിനെ പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് ബത്തേരി കമ്മിറ്റിയില്‍ കൂട്ടരാജിയുണ്ടായത്. നേതൃത്വത്തിന്റെ ഫണ്ട് വെട്ടിപ്പ് കൈയോടെ പിടിച്ച കരുനാഗപ്പള്ളി നിയോജക മണ്ഡലം സെക്രട്ടറി രാജി രാജനും ഇവര്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചു. നാല് ലക്ഷം രൂപ സ്ഥാനാര്‍ഥി തന്നെ മുക്കിയെന്നാണ് രാജി പറയുന്നത്.