Kerala
ക്രമിനില്‍ പ്രവര്‍ത്തനങ്ങളെ സംരക്ഷിക്കുന്ന സര്‍ക്കാറല്ലിത്,പ്രതികരണങ്ങളുടെ ഉത്തരവാദിതവം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാകില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം | ഒരു തരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ നടത്തുന്ന പ്രതികരണങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ പാര്‍ട്ടിക്ക് കഴിയില്ലെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പ്രതികരിച്ചു. ഏതുതരത്തിലുള്ള രാഷ്ട്രീയ അഭിപ്രായം പ്രകടിപ്പിക്കുന്നവരായാലും തെറ്റ് ചെയ്താല്‍ കര്‍ശന നടപടി സ്വീകരിക്കും.
ചില കാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടുന്നതിനുള്ള പരിമിതികളുണ്ട്. സംസ്ഥാനത്ത് സംഘടിത കുറ്റകൃത്യങ്ങള്‍ നടക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന് അന്വേഷണത്തില്‍ ഇടപെടാന്‍ കഴിയുന്ന വിധത്തില്‍ നിയമപരമായ ക്രമീകരണം കൊണ്ടുവരുന്നതിനേക്കുറിച്ച് ആലോചിക്കേണ്ട സാഹചര്യമാണിത്. ഉള്ള അധികാരം ഫലപ്രദമായി ഉപയോഗിച്ച് ഇത്തരം ശക്തികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ എല്ലാക്കാലത്തും സ്വീകരിച്ചിട്ടുള്ളത്
പാര്‍ട്ടിക്കുവേണ്ടി ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം നടത്തിയവരാണെങ്കില്‍ കൂടി തെറ്റ് പറ്റിയാല്‍ നടപടി എടുക്കുന്ന പാര്‍ട്ടിയാണ് സിപിഎം. നിരവധി പേരെ ഇത്തരത്തില്‍ പാര്‍ട്ടിയില്‍നിന്നും പുറത്താക്കിയ ചരിത്രമുണ്ടല്ലോ. ഒരു തെറ്റിന്റെ കൂടെയും നിലനില്‍ക്കുന്ന പാര്‍ട്ടിയല്ല സിപിഎം.
ഞങ്ങള്‍ പാര്‍ട്ടിയാണെന്ന് അവകാശപ്പെട്ട് ഫേസ്ബുക്ക് പോസ്റ്റ് ഇടുന്നവരെല്ലാം ഔദ്യോഗിക വക്താക്കളോ പാര്‍ട്ടിക്കുവേണ്ടി പോസ്റ്റിടുന്നവരോ അല്ല. പണ്ട് എന്തെങ്കിലും തോന്നിയാല്‍ കവലയില്‍ വിളിച്ചുപറയുകയാണ് ചെയ്തിരുന്നത്. ഇന്നാണെങ്കില്‍ ഫേസ്ബുക്കില്‍ പോസ്റ്റിടും. ഇതിന്റെയെല്ലാം ഉത്തരവാദിത്വം പാര്‍ട്ടിക്ക് ഏറ്റെടുക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയ ലക്ഷ്യംവച്ചുള്ള ആരോപണങ്ങള്‍ക്ക് മറുപടിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.