Kerala
രാജ്യദ്രോഹ കേസില്‍ ആഇശ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി | രാജ്യദ്രോഹ കേസില്‍ സംവിധായികയും ലക്ഷദ്വീപ് സ്വദേശിയുമായ ആഇശ സുല്‍ത്താനക്ക് മുന്‍കൂര്‍ ജാമ്യം. ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ കവരത്തി പോലീസ് എടുത്ത കേസില്‍ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. നേരത്തെ ആഇശയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ഹാജരാകാനും ഈ ഉത്തരവില്‍ പറഞ്ഞിരുന്നു. ഈ ഉത്തരവ് പുറത്തുവന്ന് ഒരാഴ്ച പൂര്‍ത്തിയായ സഹാചര്യത്തിലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.
വിധിയില്‍ സന്തോഷമുണ്ടെന്നും നീതി ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ആഇശ പ്രതികരിച്ചു. വിധി മാത്രമേ താന്‍ കേട്ടിട്ടുള്ളൂ. വിധിയെ കുറിച്ച് കൂടുതല്‍ കാര്യം അറിയില്ല. എന്റെ വായില്‍ നിന്ന് വീണുപോയ വാക്ക് തൊട്ടടുത്ത ദിവസം തന്നെ തിരുത്തിയിരുന്നു. നിയമത്തില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. ഇങ്ങിനെ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ ഇത്തരം നടപടികളുമായി ആളുകള്‍ പോകരുതെന്നാണ് തന്റെ ആഗ്രഹം.
ലക്ഷദ്വീപ് പോലീസുകാരുടെ ചോദ്യം ചെയ്യലില്‍ തനിക്ക് പരാതിയില്ല. കേസ് ഗൂഢാലോചനപരമാണ്. എന്നാല്‍ പോലീസുകാര്‍ തങ്ങളുടെ ജോലി ചെയ്തതാണ്. എന്റെ നാടിന്റെ പ്രശ്‌നം തരണം ചെയ്യാനാണ് താന്‍ ഇറങ്ങിയത്. ഞാനിപ്പോള്‍ ക്വാറന്റൈനിലാണ്. ഇനിയും മുന്നോട്ട് തന്നെ പോകും. ജനങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ആഇശ സുല്‍ത്താന പറഞു.