Kerala
ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍ എന്നിവരടക്കം 18 പേരെ പ്രതികളാക്കി സിബിഐ എഫ്‌ഐആര്‍

തിരുവനന്തപുരം | ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന കേസില്‍ സിബി മാത്യൂസ്, ആര്‍ ബി ശ്രീകുമാര്‍, എസ് വിജയന്‍, കെ കെ ജോഷ്വയും എന്നിവരെ പ്രതി ചേര്‍ത്തു. കേരള പോലീസ്, ഐ ബി ഉദ്യോഗസ്ഥരടക്കം 18 പേരെ പ്രതി ചേര്‍ത്ത് തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയില്‍ സി ബി ഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ചാരക്കേസില്‍ നമ്പി നാരായണനെ അടക്കം പ്രതിയാക്കിയതിന്റെ ഗൂഢാലോചന സംബന്ധിച്ച് സി ബി ഐ അന്വേഷണത്തിന് സുപ്രീം കോടതിയാണ് നിര്‍ദേശം നല്‍കിയത്.
കേരളാ പോലീസിലേയും ഐബിയിലേയും 18 ഉദ്യോഗസ്ഥരെയാണ് സിബിഐ പുതിയ കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. അന്നത്തെ പേട്ട സിഐ ആയിരുന്ന എസ് വിജയന്‍ ഒന്നാം പ്രതിയും പേട്ട എസ് ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് രണ്ടാം പ്രതിയുമാണ്. തിരുവനനന്തപുരം സിറ്റി പോലീസ് കമ്മീഷണറായിരുന്ന വി ആര്‍ രാജീവനാണ് മൂന്നാം പ്രതി. സിബി മാത്യൂ നാലാം പ്രതിയും ഐബി ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍ ബി ശ്രീകുമാര്‍ ഏഴാം പ്രതിയുമാണ്.
നേരത്തെ, കേസ് അന്വേഷിച്ച സിബിഐ നമ്പി നാരായണന്‍ അടക്കമുള്ളവര്‍ക്കെതിരായ ചാരക്കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നമ്പി നാരായണനെ കുറ്റവിമുക്തനാക്കിയിരുന്നു. ഇത് സംബന്ധിച്ച് നടന്ന ഗൂഢാലോചനയില്‍ അന്വേഷണം വേണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.
മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടത്