Connect with us

Kerala

വിസ്മയയുടെ മരണം: ഐ ജി നേരിട്ടെത്തി ഇന്ന് തെളിവെടുപ്പ് നടത്തും

Published

|

Last Updated

കൊല്ലം | സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ശാസ്താംകോട്ട പോരുവഴി സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐ ജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. വിസ്മയയുടെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം പ്രതി കിരണിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പോലീസ് പദ്ധതിയിടുന്നത്. റിമാന്‍ഡിലുള്ള പ്രതിയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടും.

വിസ്മയയുടെ മരണത്തില്‍ അന്വേഷണം ഭര്‍ത്താവ് കിരണിന്റെ വീട്ടുകാരിലേക്ക് കൂടി നീളുകയാണ്. കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ദക്ഷിണ മേഖലാ ഐ ജി ഹര്‍ഷിത അട്ടല്ലൂരി രാവിലെ തന്നെ ഇരു വീടുകളിലും നേരിട്ടെത്തി തെളിവുകള്‍ ശേഖരിക്കും. രാവിലെ 11 മണിക്ക് നിലമേല്‍ കൈതോടുള്ള വിസ്മയയുടെ വീട്ടിലാകും ആദ്യ സന്ദര്‍ശനം. പിന്നീട് ശാസ്താംകോട്ട പോരുവഴിയിലുള്ള കിരണിന്റെ വീട്ടിലേക്ക് 12.30 ന് പോകും. ഉദ്യോഗസ്ഥരുമായി ഇന്നലെ ഓണ്‍ലൈനിലൂടെ അന്വേഷണ പുരോഗതി വിലയിരുത്തിയ ഹര്‍ഷിത അട്ടല്ലൂരി ഇന്ന് ഇവരെ നേരില്‍ കാണും. ഉച്ച്ക്ക് ഒരു മണിക്കാണ് ഉദ്യോഗസ്ഥ യോഗം.

കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി കിരണിനെ പോലീസ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആവശ്യപ്പെടും. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷമാകും പ്രതിയെ കസ്റ്റഡിയില്‍ ആവശ്യപ്പെടുക.