Connect with us

Business

ഫ്ളാഷ് സെയില്‍ നിരോധിക്കും; ഇ-കൊമേഴ്‌സ് മേഖലയെ ഉടച്ചുവാര്‍ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇ-കൊമേഴ്‌സ് വെബ്‌സൈറ്റുകള്‍ നടത്തുന്ന ഫ്ളാഷ് സെയിലിന് നിരോധനമേര്‍പ്പെടുത്താനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള കമ്പനികളുടെ ഫ്ളാഷ് സെയില്‍സിനെതിരെ വ്യാപാരികളും വിവിധ അസോസിയേഷനുകളും നല്‍പികയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുള്‍പ്പെടെ 2020 ലെ ഉപഭോക്തൃ സംരക്ഷണ (ഇകൊമേഴ്‌സ്) നിയമങ്ങളില്‍ നിരവധി ഭേദഗതികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 15 ദിവസത്തിനകം നിര്‍ദ്ദിഷ്ട ഭേദഗതികളെക്കുറിച്ച് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ വ്യവസായ സ്ഥാപനങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം നല്‍കിയിട്ടുണ്ട്.

സെര്‍ച്ച് ഫലങ്ങളില്‍ കൃത്രിമം കാണിച്ച് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നത് നിരോധിക്കുക, ചീഫ് കോംപ്ലിയന്‍സ് ഓഫീസര്‍, റെസിഡന്റ് ഗ്രീവന്‍സ് ഓഫീസര്‍ എന്നിവരെ നിയമിക്കുക എന്നിവയാണ് മറ്റ് ഭേദഗതികള്‍. പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ വില്‍പനയ്ക്ക് മുന്‍ഗണന നല്‍കുക, വ്യവസായ, ആഭ്യന്തര വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വകുപ്പില്‍ (ഡിപിഐഐടി) ഇറീട്ടെയിലര്‍മാരെ നിര്‍ബന്ധിതമായി രജിസ്റ്റര്‍ ചെയ്യുക തുടങ്ങിയ നിയമങ്ങളും ഈ നിര്‍ദ്ദേശത്തില്‍ ഉള്‍പ്പെടുന്നു.

ഏതെങ്കിലും നിയമപ്രകാരം കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും അന്വേഷഷിക്കുന്നതിനും പ്രോസിക്യൂട്ട് ചെയ്യുന്നതിനും ഒരു സര്‍ക്കാര്‍ ഏജന്‍സിയില്‍ നിന്ന് ഉത്തരവ് ലഭിച്ച് 72 മണിക്കൂറിനുള്ളില്‍ ഇകൊമേഴ്‌സ് സ്ഥാപനങ്ങള്‍ വിവരങ്ങള്‍ നല്‍കണമെന്നും നിര്‍ദിഷ്ട നിര്‍ദേശങ്ങളിലുണ്ട്.

എന്താണ് ഫ്ളാഷ് സെയില്‍

മുന്‍കൂട്ടി നിശ്ചയിച്ച തീയതിയില്‍ ഒരു ഉത്പന്നം വന്‍ വിലക്കുറവില്‍ വിറ്റഴിക്കുന്നതാണ് ഫ്ളാഷ് സെയില്‍. ആമസോണ്‍, ഫ്ളിപ് കാര്‍ട്ട് തുടങ്ങിയ ഇ കൊമേഴ്‌സ് വെബ്‌െൈസറ്റുകള്‍ വിശേഷാല്‍ ദിവസങ്ങളില്‍ എല്ലാം ഇത്തരം വില്‍പനകള്‍ നടത്താറുണ്ട്. ഒരു ഉല്‍പ്പന്നത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി ഒരു ഇകൊമേഴ്‌സ് കമ്പനി വില്‍ക്കുമ്പോള്‍ അതിനെ മിസ് സെല്ലിംഗ് (Mis-selling) എന്ന് വിളിക്കുന്നു.

കമ്പനികളെ ഉപഭോക്താക്കളോട് ഉത്തരവാദിത്തമുള്ളവരാക്കുകയും നിയന്ത്രണ സംവിധാനം കര്‍ശനമാക്കുകയുമാണ് ഈ നീക്കത്തിന്റെ ലക്ഷ്യം. റീട്ടെയില്‍ വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് (സിഐഐടി) ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ഫഌഷ് സെയിലിനെതിരെ പരാതി നല്‍കിയിരുന്നു.

ഉപഭോക്തൃ കാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ച ഉപഭോക്തൃ സംരക്ഷണ (ഇകൊമേഴ്‌സ്) ചട്ടങ്ങള്‍ 2020 അനുസരിച്ച് ഫ്ളാഷ് വില്‍പ്പന പരിമിതപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത് പരമ്പരാഗതമായി നടത്തുന്ന ഇകൊമേഴ്‌സ് ഡിസ്‌കൗണ്ട് വില്‍പ്പനയ്ക്ക് തടസ്സമാവില്ല എന്നാണ് വിലയിരുത്തല്‍.

Latest