National
തമിഴ്‌നാട്ടില്‍ ഏഴ് വയസുകാരനെ അമ്മയും സഹോദരിമാരും ചേര്‍ന്ന് തല്ലിക്കൊന്നു

ചെന്നൈ | തമിഴ്‌നാട്ടില്‍ ഏഴ് വയസ്സുകാരനെ അമ്മയും രണ്ട് ചെറിയമ്മമാരും ചേര്‍ന്ന് അടിച്ചുകൊന്നു. തിരുവണ്ണാമലയിലെ ആര്‍നിയിലാണ് സംഭവം. സംഭവത്തില്‍ മൂന്നു പേരെയും പോലീസ് അറസ്റ്റ് ചെയ്തു. അപസ്മാര ലക്ഷണങ്ങള്‍ കാണിച്ച കുട്ടിയില്‍ ബാധ കയറിയെന്ന് ആരോപിച്ച് അത് ഒഴിപ്പിക്കാനാണ് സ്ത്രീകള്‍ മര്‍ദ്ദിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ഏഴ് വയസുള്ള ശബരി എന്ന കുട്ടിയെയാണ് അമ്മ തിലകവതി, ചെറിയമ്മമാരായ ഭാഗ്യലക്ഷ്മി, കവിത എന്നിവര്‍ ചേര്‍ന്ന് മൃഗീയമായി തല്ലിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നു. സ്ത്രീകള്‍ കുട്ടിക്ക് ചുറ്റും നില്‍ക്കുന്നുണ്ടായിരുന്നു. പോലീസ് എത്തിയപ്പോഴേയക്കും കുട്ടി മരണപ്പെട്ടതായാണ് നാട്ടുകാര്‍ പറയുന്നത്.
ഞായറാഴ്ച രാത്രി കുട്ടിയെ അമ്മയും ചെറിയമ്മമാരും ചേര്‍ന്ന് ബാധ ഒഴിപ്പിക്കാനായി മന്ത്രവാദിയുടെ അടുക്കല്‍ കൊണ്ടുപോയിരുന്നു. പോകുന്നതിനിടെ കുട്ടിക്ക് അപസ്മാരം ഉണ്ടായി. ഇത് കണ്ട സ്ത്രീകള്‍ കുട്ടിക്ക് ബാധ കയറിയെന്ന് തെറ്റിദ്ധരിക്കുകയും ശബരിയെ ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. വഴിയാത്രക്കാരില്‍ ചിലര്‍ ഇത് ചോദ്യം ചെയ്‌തെങ്കിലും സ്ത്രീകള്‍ അവരെ ചീത്തവിളിക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്.