Covid19
മരണം അഞ്ചുലക്ഷം കവിഞ്ഞു; കൊവിഡില്‍ നിന്ന് കരകയറാനാവാതെ ബ്രസീല്‍

ബ്രസീലിയ | ബ്രസീലില്‍ കൊവിഡ് മരണം അഞ്ചുലക്ഷം കവിഞ്ഞു. ലോകത്തെ രണ്ടാമത്തെ ഉയര്‍ന്ന കണക്കാണിത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ പ്രസിഡന്റ് ഹെയര്‍ ബൊല്‍സൊനാരോ ഉള്‍പ്പെടെയുള്ള അധികൃതര്‍ വിമുഖത കാണിച്ചതാണ് സ്ഥിതി ഇത്രയും ദയനീയമാക്കിയത്. ശൈത്യകാലവും വാക്സിനേഷനിലെ മെല്ലെപ്പോക്കും കാരണം മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത് 11 ശതമാനം മുതിര്‍ന്നവര്‍ക്കു മാത്രമാണ് ഇതുവരെ രണ്ടു ഡോസ് വാക്സിന്‍ നല്‍കിയിട്ടുള്ളത്.
ബ്രസീലിലെ കൊവിഡ് കേസുകളും മരണനിരക്കും ഉടന്‍ കുറയാന്‍ സാധ്യത കുറവാണെന്നാണ് ക്വസ്റ്റിയന്‍ ഓഫ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മൈക്രോബയോളജിസ്റ്റ് ഡോ. നതാലിയ പാസ്റ്റര്‍നക് ടാഷ്നര്‍ പ്രതികരിച്ചത്. ബ്രസീലിലെ ജനങ്ങള്‍ മരണങ്ങളോട് പൊരുത്തപ്പെട്ട നിലയിലാണെന്നും സാമൂഹിക അകലവും വാക്സിനേഷനും ഉള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.