Kerala
'മക്കളുടെ കൊലയാളികള്‍ക്ക് ഭരണകൂടം പ്രത്യുപകാരം നല്‍കുന്നത് കണ്ട് നില്‍ക്കേണ്ടിവരുന്ന പിതാക്കന്‍മാര്‍'; ലോകപിതൃ ദിനത്തില്‍ കുറിപ്പുമായി കെ സുധാകരന്‍

കോഴിക്കോട് | ലോകപിതൃ ദിനത്തില്‍ തന്റെ പിതാവിനെക്കുറിച്ചുള്ള സ്മരണകള്‍ അയവിറക്കി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അമ്മ സ്‌നേഹമാണെങ്കില്‍ അച്ഛന്‍ കരുതലിന്റെ പര്യായമാണെന്ന് കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. മൂവര്‍ണക്കൊടി കയ്യില്‍ പിടിപ്പിച്ച് തന്ന് തന്നെ കോണ്‍ഗ്രസുകാരനാക്കിയ അച്ഛന്റെ മുഖം ഊര്‍ജമായിരുന്നു. നിരപരാധികളായ സ്വന്തം ആണ്‍മക്കള്‍ക്ക് അന്ത്യകര്‍മങ്ങള്‍ ചെയ്യേണ്ടിവന്ന പിതാക്കന്‍മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ടെന്നും അവരോയൊക്കെയും പിതൃദിനത്തില്‍ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്നുവെന്നും കെ സുധാകരന്‍ കുറിപ്പില്‍ പറയുന്നു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം:
അമ്മ സ്‌നേഹമാണെങ്കില്‍ അച്ഛന്‍ കരുതലിന്റെ പര്യായമാണ്. തങ്ങളുടെ വിയര്‍പ്പ് കൊണ്ട് മക്കളെ കൈപിടിച്ച് നടത്തുന്ന, അവര്‍ തളരുമ്പോള്‍ വീഴാതെ താങ്ങായി കൂടെ നില്‍ക്കുന്ന, സ്‌നേഹത്തോടെയും കാര്‍ക്കശ്യത്തോടെയും കരുതലിന്റെയും സാമീപ്യം നല്‍കുന്ന ഭൂമിയിലെ എല്ലാ അച്ഛന്മാര്‍ക്കും ഹൃദയം നിറഞ്ഞ പിതൃദിന ആശംസകള്‍…
ഞാനും അച്ഛന്‍ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ സുരക്ഷിതത്വത്തിന്റേയും സമാധാനത്തിന്റേയും തണലനുഭവിച്ചിരുന്നു. മൂവര്‍ണ്ണക്കൊടി കയ്യില്‍ പിടിപ്പിച്ചു തന്ന് എന്നെ കോണ്‍ഗ്രസു കാരനാക്കിയ അച്ഛന്റെ മുഖം എന്നും എനിക്ക് ഊര്‍ജ്ജമായിരുന്നു.
അതേപോലെ അനാഥരാക്കപ്പെട്ട പിതാക്കന്‍മാരെയും എനിക്കറിയാം. നിരപരാധികളായ സ്വന്തം ആണ്‍മക്കള്‍ക്ക് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യേണ്ടിവന്ന അനേകം പിതാക്കന്മാരുടെ വേദന കണ്ടറിഞ്ഞിട്ടുണ്ട്.
ശുഹൈബിന്റേയും ശുക്കൂറിന്റെയും വാപ്പമാര്‍..കൃപേഷിന്റേയും ശരത്ത് ലാലിന്റെയും അച്ഛന്‍മാര്‍..
കൊന്നിട്ടും തീരാതെ മക്കളുടെ കൊലയാളികള്‍ക്ക് ഭരണകൂടം പ്രത്യുപകാരങ്ങള്‍ നല്‍കുന്നത് കണ്ട് നില്‍ക്കേണ്ടി വരുന്ന അച്ഛന്മാര്‍. അവരെയൊക്കെയും ഈ പിതൃദിനത്തില്‍ ഹൃദയത്തോട് ചേര്‍ത്ത് വെക്കുന്നു.