Editorial
പരിശോധിക്കപ്പെടണം, യു എ പി എയുടെ സാധുത

ഡൽഹി വംശഹത്യാകേസിൽ മൂന്ന് വിദ്യാർഥി നേതാക്കൾക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കവെ, ജാമ്യ അപേക്ഷയിൽ യു എ പി എ നിയമത്തിന്റെ സാധുത പരിശോധിച്ച ഡൽഹി ഹൈക്കോടതി നടപടിയിൽ സുപ്രീം കോടതി അത്ഭുതവും അതൃപ്തിയും രേഖപ്പെടുത്തുകയുണ്ടായി. രാജ്യമെമ്പാടുമുള്ള യു എ പി എ കേസുകളെ ഈ ഉത്തരവ് സ്വാധീനിക്കുമെന്ന് അഭിപ്രായപ്പെട്ട പരമോന്നത കോടതി അപ്പീലുകളിൽ അന്തിമ തീരുമാനം ഉണ്ടാകുന്നത് വരെ മറ്റ് കേസുകൾക്ക് ഈ ഉത്തരവ് ബാധകമാക്കരുതെന്ന് നിർദേശവും നൽകി. ഹൈക്കോടതി പരാമർശം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആശങ്ക പ്രകടിപ്പിച്ചതിനെ തുടർന്നായിരുന്നു സുപ്രീം കോടതിയുടെ ഈ നിരീക്ഷണം.
യു എ പി എ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും എതിർ ശബ്ദങ്ങളെ അടിച്ചമർത്താൻ ഭരണവർഗം ഇത് ആയുധമാക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ യു എ പി എ നിയമത്തിന്റെ സാധുത ഹൈക്കോടതി പരിശോധിച്ചതിൽ അസാംഗത്യമുണ്ടോ? ഇക്കാര്യത്തിൽ പരമോന്നത കോടതി അതൃപ്തി രേഖപ്പെടുത്തേണ്ടതുണ്ടോ? നാലര പതിറ്റാണ്ടു മുമ്പ് കേന്ദ്ര ഭരണകൂടം അംഗീകരിച്ചതു തൊട്ടേ തുടങ്ങിയതാണ് യു എ പി എക്കെതിരായ വിമർശങ്ങളും നിയമത്തിന്റെ സാധുത സംബന്ധിച്ച ചർച്ചകളും. കർക്കശവും കഠിനവുമായ വ്യവസ്ഥകളോടെയും നേരത്തേ പിൻവലിച്ച “പോട്ട” നിയമത്തിന്റെതടക്കം വകുപ്പുകൾ ചേർത്തുമാണ് അന്നത്തെ യു പി എ സർക്കാർ ഈ ഭീകര നിയമം ആവിഷ്‌കരിച്ചത്.
പൗരാവകാശവും ജനങ്ങളുടെ മൗലികാവകാശങ്ങളും ഹനിക്കാത്ത വിധമാണ് രാജ്യത്തെ ക്രിമിനൽ നിയമങ്ങൾ തയ്യറാക്കപ്പെട്ടതെങ്കിൽ പൗരാവകാശങ്ങളെ ഹനിക്കുന്നതും ഭരണഘടനാധിഷ്ഠിതമായ നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നതുമാണ് യു എ പി എ. വ്യക്തിയുടെ ജീവിക്കാനുള്ള അവകാശത്തെയും സ്വാതന്ത്ര്യത്തെയും ഇത് ബാധിക്കുന്നു. സാധാരണഗതിയിൽ ഒരു വ്യക്തിയെ കസ്റ്റഡിയിലെടുക്കാൻ കോടതി ഉത്തരവോ ജുഡീഷ്യൽ വാറണ്ടോ വേണം. എന്നാൽ ഏതെങ്കിലും വ്യക്തിയോ രേഖയോ നൽകുന്ന വിവരമനുസരിച്ചോ, അന്വേഷണ ഉദ്യോഗസ്ഥന്റെ വ്യക്തിപരമായ അറിവനുസരിച്ചോ ഏതൊരു വ്യക്തിയെയും തിരയാനും അറസ്റ്റ് ചെയ്യാനും അയാളുടെ വസ്തുവകകൾ പിടിച്ചെടുക്കാനും അധികാരം നൽകുന്നു യു എ പി എ. ക്രിമിനൽ നടപടി ക്രമത്തിലെ കസ്റ്റഡി 15 ദിവസവും അധിക കസ്റ്റഡി 30 ദിവസവുമാണെങ്കിൽ യു എ പി എ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടാൽ 30 ദിവസം കസ്റ്റഡിയും 90 ദിവസം അധിക കസ്റ്റഡിയുമായി നീളും. കുറ്റപത്രം സമർപ്പിക്കാതെ 180 ദിവസം വരെ കുറ്റാരോപിതരെ ജയിലിലിടാൻ ഈ നിയമം അധികാരം നൽകുന്നു. ഇനി കുറ്റപത്രം സമർപ്പിച്ചാൽ തന്നെയും അനിശ്ചിതമായി വിചാരണയില്ലാതെ ജയിൽ വാസം നീട്ടിക്കൊണ്ടു പോകാം. ആയിരക്കണക്കിന് നിരപരാധികളാണ് ഈ നിയമത്തെ ചൊല്ലി അവരുടെ കുറ്റം എന്തെന്നുപോലുമറിയാതെ വർഷങ്ങളായി ജയിലറയിൽ കൊടിയ ദുരിത ജീവിതം നയിക്കുന്നത്.
ജാമ്യം എന്ന അടിസ്ഥാന അവകാശത്തെ പോലും ഈ നിയമം റദ്ദ് ചെയ്യുന്നു. യു എ പി എ 43 ഡി (5) പ്രകാരം പബ്ലിക് പ്രോസിക്യൂട്ടർ അനുവദിക്കാത്തിടത്തോളം പ്രതിക്ക് ജാമ്യം ലഭിക്കില്ല. നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടുന്ന സംഘടനകളെ പ്രതിരോധിക്കുക എന്നാതായിരുന്നു നിയമത്തിന്റെ ലക്ഷ്യമായി തുടക്കത്തിൽ പറയപ്പെട്ടിരുന്നതെങ്കിൽ 2019ൽ വ്യക്തികളെ അടക്കം ഭീകരവാദിയായി പ്രഖ്യാപിക്കാൻ കഴിയുന്ന വിധം നിയമത്തിൽ ഭേദഗതി വരുത്തി. സുപ്രീംകോടതി, കേന്ദ്ര ഏജൻസികൾ, ഇലക്്ഷൻ കമ്മീഷൻ തുടങ്ങി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും രാഷ്ട്രീയ സമ്മർദങ്ങൾക്ക് വിധേയമാകുകയും പോലീസ് ഉദ്യോഗസ്ഥരിൽ ഗണ്യമായൊരു വിഭാഗം ഭൂരിപക്ഷ വർഗീയതയുടെ വക്താക്കളായി മാറുകയും ചെയ്ത സാഹചര്യത്തിൽ ഇത്തരമൊരു നിയമത്തിന്റെ പ്രത്യാഘാതമെന്തായിരിക്കുമെന്നും ആരാണ് അതിന് ഇരകളാകുകയെന്നും ഊഹിക്കാവുന്നതേയുള്ളൂ. മുസ്‌ലിംകൾ, ദളിതർ, സർക്കാരിതര സംഘടനാ പ്രവർത്തകർ, ആദിവാസി ക്ഷേമ പ്രവർത്തകർ എന്നിവരാണ് യു എ പി എയുടെ ഇരകളിൽ 90 ശതമാനവും.
ഭരണകൂട ഭീകരതക്കും പോലീസ് ഉദ്യോഗസ്ഥർക്ക് അമിതപ്രയോഗത്തിനും പ്രചോദനം നൽകുന്ന ഈ കരിനിയമം 1967ൽ പാർലിമെന്റിൽ അവതരിപ്പിച്ചതു തൊട്ടേ, സഭക്കകത്തും പുറത്തും വിമർശിക്കപ്പെട്ടു. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഒട്ടേറെ നിയമജ്ഞരും മനുഷ്യാവകാശ പ്രവർത്തകരും ഇതിനോട് കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചു.
ഇന്ത്യൻ നിയമങ്ങളിൽ ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ടതും വിമർശന വിധേയമായതും യു എ പി എയാണ്. ഇതിന്റെ മറവിൽ ആരോഗ്യപരമായ വിമർശനത്തിനും തെറ്റായ ഭരണകൂട ചെയ്തികളെ ചോദ്യം ചെയ്യാനുമുള്ള പൗരന്മാരുടെ അവകാശം വിലക്കപ്പെടുകയാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ അഹ്മദാബാദിലെ ഗുജറാത്ത് ഹൈക്കോടതി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയതു പോലെ “ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിനും ജനാധിപത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള നമ്മുടെ പ്രതിജ്ഞാബദ്ധതയുടെ ഹൃദയഭാഗത്താണ് വിയോജിപ്പിനെ ദേശവിരുദ്ധമോ ജനാധിപത്യവിരുദ്ധമോ ആയി മുദ്രകുത്തുമ്പോൾ പരുക്കേൽക്കുന്നത്. ചോദ്യം ചെയ്യാനുള്ള ഇടങ്ങൾ നശിപ്പിക്കുന്നത് രാഷ്ട്രീയവും സാമ്പത്തികവും സാംസ്‌കാരികവും സാമൂഹികവുമായ എല്ലാ വളർച്ചയെയും നശിപ്പിക്കും” ഇന്ന് രാജ്യത്തെ ഏറ്റവും ദുഷിപ്പിക്കുന്ന ഘടകങ്ങളിൽ മുഖ്യം വിയോജിപ്പിനെ ദേശവിരുദ്ധമായി മുദ്രകുത്തുന്ന ഭരണകൂട പ്രവണതയാണ്. അതിനു വഴിയൊരുക്കുന്നത് യു എ പി എ പോലുള്ള കരിനിയമങ്ങളും.
ഹൈക്കോടതി യു എ പി എക്കെതിരെ പരാർശങ്ങൾ നടത്തിയ പശ്ചാത്തലം ഇതായിരിക്കണം. മനുഷ്യാവകാശത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും സംരക്ഷകരും കാവലാളുകളുമാണ് ന്യായാധിപന്മാർ. അവരാണ് ഇത്തരം കരിനിയമങ്ങളുടെ സാധുത പരിശോധിക്കാൻ കൂടുതൽ ബാധ്യസ്ഥരെന്നിരിക്കെ ഡൽഹി ഹൈക്കോടതിയുടെ ഇടപെടലിൽ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി നിലപാട് ദുരൂഹമാണ്.