Kerala
ഉള്‍വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ആദിവാസിക്ക് ദാരുണാന്ത്യം

കോന്നി | പത്തനംതിട്ടയിൽ ഉള്‍വനത്തില്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് ആദിവാസിക്ക് ദാരുണാന്ത്യം. ഉള്‍വനത്തില്‍ നിന്ന് പുറത്തെത്തിക്കാന്‍ മാര്‍ഗമില്ലാതെ പോയതാണ് മരണകാരണമായത്. അരുവാപ്പുലം ഗ്രാമപഞ്ചായത്തിൽ ആവണിപ്പാറ ആദിവാസി കോളനിയിലെ കണ്ണന്‍ (53) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഒന്‍പതോടെ ആവണിപ്പാറ കോളനിയില്‍ നിന്നും 15 കിലോമീറ്ററോളം അകലെ ഉള്‍വനത്തില്‍ പേരള അഞ്ച് സെന്റ് മുത്തന്‍തോട് ഭാഗത്താണ് സംഭവം. വയണ മരത്തില്‍ കയറി പൂ ശേഖരിക്കുന്നതിനിടെ കണ്ണന്‍ കാല്‍ വഴുതി വീഴുകയായിരുന്നു.
നിലവിളി കേട്ട് സമീപത്ത് വനവിഭവങ്ങള്‍ ശേഖരിച്ചു കൊണ്ടിരുന്ന ഭാര്യ ഷീല ഓടിയെത്തി. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് സ്ത്രീകളും പരിശ്രമിച്ചിട്ടും കണ്ണനെ എടുത്തു കൊണ്ടുവരാന്‍ കഴിഞ്ഞില്ല. ഷീല കോളനിയിലേക്ക് നടന്നു പോയി കോളനിക്കാരെയും ഫോണ്‍ ചെയ്ത് വനപാലകരെയും വിവരം അറിയിച്ചു. തുടർന്ന് ചെമ്പോല ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ സുദര്‍ശന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജിജോ വര്‍ഗീസ്, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍മാരായ ജോണ്‍സണ്‍ ജോഷ്വാ, എച്ച് ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം കോളനി വാസികളോടൊപ്പം സംഭവസ്ഥലത്ത് എത്തി.
മൃതദേഹം മുളയില്‍ വച്ച് കെട്ടി ആദ്യം കോളനിയില്‍ എത്തിച്ചു. നിറഞ്ഞൊഴുകുന്ന അച്ചന്‍ കോവിലാറിന് കുറുകേ മൃതദേഹം ബോട്ടില്‍ കയറ്റിയാണ് മറുകര എത്തിച്ചത്. കെ യു ജനീഷ് കുമാര്‍ എം എല്‍ എയുടെ നിര്‍ദേശാനുസരണം ഗ്രാമ പഞ്ചായത്തംഗം സിന്ധുവിന്റെ നേതൃത്വത്തില്‍ ആംബുലന്‍സ് ഇവിടെ എത്തിച്ചിരുന്നു. ആദ്യം കോന്നി പോലീസ് സ്റ്റേഷനില്‍ എത്തിച്ച മൃതദേഹം അവിടെ നിന്ന് പോസ്റ്റുമോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് ടെസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. കഴിഞ്ഞ ബുധനാഴ്ചയാണ് കണ്ണനും ഭാര്യയുമടക്കം ആറ് പേര്‍ വനവിഭവങ്ങള്‍ ശേഖരിക്കാനായി കോളനിയില്‍ നിന്നും പോയത്.