National
അയോധ്യ രാമക്ഷേത്ര ട്രസ്റ്റ് വീണ്ടും അഴിമതിക്കുരുക്കില്‍; ഭൂമി തട്ടിപ്പ് നടത്തി ബി ജെ പി നേതാവിന്റെ ബന്ധു

അയോധ്യ | ബാബരി മസ്ജിദിന്റെ സ്ഥാനത്ത് നിര്‍മിക്കുന്ന രാമക്ഷേത്രത്തിന് നേതൃത്വം നല്‍കുന്ന രാം ജന്മഭൂമി തീര്‍ഥ ട്രസ്റ്റ് വീണ്ടും അഴിമതിക്കുരുക്കില്‍. ബി ജെ പി നേതാവും അയോധ്യ മേയറുമായ ഋഷികേശ് ഉപാധ്യായയുടെ അനന്തിരവന്‍ ദീപ് നാരായണ്‍ 20 ലക്ഷത്തിന് വാങ്ങിയ ഭൂമി, ട്രസ്റ്റ് 2.5 കോടി രൂപക്ക് വാങ്ങിയെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.
അയോധ്യയിലെ മഹന്ത് ആയ ദേവേന്ദ്ര പ്രസാദാചാര്യയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 890 ചതുരശ്ര മീറ്റര്‍ വരുന്ന ഭൂമിയാണ് ബി ജെ പി നേതാവിന്റെ ബന്ധു ട്രസ്റ്റിന് പത്തിരട്ടി തുകക്ക് മറിച്ചുവിറ്റത്. ഫെബ്രുവരി 20നാണ് ബി ജെ പി നേതാവിന്റെ ബന്ധു ഈ ഭൂമി വാങ്ങിയത്. മെയ് 21നാണ് ട്രസ്റ്റിന് മറിച്ചുവിറ്റത്.
ഈ വസ്തുവിന്റെ ഔദ്യോഗിക മതിപ്പുവില 35.6 ലക്ഷം മാത്രമാണ്. ന്യൂസ് ലോണ്‍ഡ്രി എന്ന വെബ്‌സൈറ്റാണ് ഈ തട്ടിപ്പ് പുറത്തുവിട്ടത്. സ്വകാര്യ വ്യക്തിയില്‍ നിന്ന് രണ്ട് കോടി രൂപക്ക് വാങ്ങിയ ഭൂമി 18.5 കോടി രൂപക്ക് രാം മന്ദിര്‍ ട്രസ്റ്റിന് റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാര്‍ മറിച്ചുവിറ്റുവെന്ന ആരോപണം ദിവസങ്ങള്‍ക്ക് മുമ്പ് ഉയര്‍ന്നിരുന്നു. ട്രസ്റ്റിലെ ചില അംഗങ്ങളുടെയും പ്രാദേശിക ബി ജെ പി നേതാക്കളുടെയും അറിവോടെയായിരുന്നു ഈ ഇടപാടും.