Kerala
പിണറായിയെ ചവിട്ടി വീഴ്ത്തിയെന്ന് താന്‍ പറഞ്ഞിട്ടില്ല: കെ സുധാകരന്‍

കൊച്ചി | വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ ആരോപണങ്ങളോട് അതേ രൂപത്തില്‍ മറുപടി പറയാന്‍ തനിക്കാവില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പി ആര്‍ ഏജന്‍സിയില്‍ നിന്ന് പുറത്തുവന്ന പിണറായി വിജയനെയാണ് ഇന്നലെ കണ്ടത്. തന്റെ വ്യക്തിപരമായ സംസ്‌കാരവും താന്‍ ഇരിക്കുന്ന കസേരയുടെ മഹത്വവും പിണറായി വിജയന്റെ നിലവാരത്തിലേക്ക് താഴാന്‍ തന്നെ അനുവദിക്കുന്നില്ല. പിണറായിയുടേത് പൊളിറ്റിക്കല്‍ ക്രിമിനലിന്റെ ശൈലിയാണെന്നും കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിനിടെ സുധാകരന്‍ പറഞ്ഞു. ഇന്നലെ മുഖ്യമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പിണറായിയെ ചവിട്ടി താഴെയിട്ടെന്ന് താന്‍ പറഞ്ഞിട്ടില്ല. ബ്രണ്ണന്‍ കോളജില്‍ പഠിക്കുന്നതിന് മുമ്പും തനിക്ക് പിണറായിയെ അറിയാം. പിണറായിയെ ചവിട്ടിയിട്ട് താന്‍ വലിയ അഭ്യാസിയാണെന്ന് തെളിയിക്കേണ്ട ആവശ്യംമില്ല. ഓഫ് റെക്കോര്‍ഡ് ആയി പറഞ്ഞ ഒരു കാര്യം മനോരമ തെറ്റായി റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. പ്രസിദ്ധീകരിക്കരുതെന്ന് പറഞ്ഞ കാര്യമാണ് അഭിമുഖത്തില്‍ വന്നത്. മാധ്യമ ശൈലിക്ക് ചേരാത്ത നടപടിയാണിതെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുധാകരന്‍ പറഞ്ഞു.
കോളജ് വിദ്യാഭ്യാസ കാലത്ത് തനിക്ക് ഒരു ഫിനാന്‍ഷ്യല്‍ ഉണ്ടായില്ല. മുഖ്യമന്ത്രിയുടെ മകളെ താന്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞത് ആരാണ്. എന്തുകൊണ്ട് സ്വന്തം മക്കളെ ഒരു അധോലോകം തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയില്ല. ഇത്തരം ഒരു ഭീഷണി സംബന്ധിച്ച് എന്തുകൊണ്ട് ഭാര്യയോട് പറഞ്ഞില്ല. മക്കള്‍ക്ക് ഭീഷണിയുണ്ടെങ്കില്‍ അച്ചന്‍ എന്തായാലും അമ്മയോട് പറയും. പിണറായി അച്ഛന്റെ സ്ഥാനത്ത് ആയിരുന്നോയെന്ന് സംശയമുണ്ട്. ആരോപണം തെളിയിച്ചാല്‍ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കും.
എനിക്ക് വിദേശ കറന്‍സി ഇടപാടുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ആരാണ് ഭരണത്തിന്റെ തണലില്‍ കള്ളക്കടത്ത് നടത്തിയതെന്ന് എല്ലാവര്‍ക്കും അറിയാം. മുഖ്യമന്ത്രിയുടെ ഓഫീസ് ചേര്‍ന്ന് നടത്തിയ സ്വര്‍ണക്കടത്ത് എല്ലാവര്‍ക്കും അറിയുന്നതല്ലേ. മുഖ്യമന്ത്രി വിദേശത്ത് പോകുമ്പോഴും താമസിക്കുന്ന ഹോട്ടലിലുമെല്ലാം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് താമസിച്ചു. എന്നിട്ട് സ്വപ്‌ന സുരേഷിനെ അറിയില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. കേരളത്തിലെ കൊച്ചുകുട്ടികള്‍ പോലും ഇത് വിശ്വസിക്കില്ല.
തനിക്ക് മണല്‍ മാഫിയയുമായി ബന്ധമുണ്ടെങ്കില്‍ മുഖ്യമന്ത്രി അന്വേഷിക്കണം. എത് ഏജന്‍സിയെ വെച്ചും അന്വേഷിക്കാം. ഭരണം നിങ്ങളുടെ കൈയിലില്ലേ എന്നും സുധാകരന്‍ ചോദിച്ചു. തോക്കുമായി നടക്കുന്ന ഗുണ്ട ഞാനല്ല. പിണറായിയുടെ പക്കല്‍ നിന്നല്ലേ വെടിയുണ്ട പിടിച്ചത്. വെടിയുണ്ട കൊണ്ടുനടന്നത് പുഴുങ്ങിതിന്നാനാണോ?. വാടിക്കല്‍ രാമകൃഷ്ണനെ കൊന്ന കേസിലെ ഒന്നാം പ്രതിയാണ് പിണറായി. ഒന്നാം പ്രതിയായ പിണറായി എഫ് ഐ ആര്‍ റദ്ദാക്കി. തന്നെ പല തവണ സി പി എം കൊല്ലാന്‍ ശ്രമിച്ചു. മൂന്ന് തവണ കാര്‍ ബോംബെറിഞ്ഞ് തകര്‍ത്തു.
സി എച്ച് മുഹമ്മദ് കോയ ബ്രണ്ണന്‍ കോളജില്‍ വന്നപ്പോള്‍ ആ പരിപാടിക്ക് എതിരെ മുദ്രാവാക്യം വിളിച്ചിരുന്നു. എന്നാല്‍ സി എച്ച് മുഹമ്മദ് കോയ എന്ന വ്യക്തിക്ക് എതിരായായിരുന്നില്ല പ്രതിഷേധം. താന്‍ ബ്രണ്ണന്‍ കോളജില്‍ പഠിക്കുമ്പോള്‍ കെ എസ് എഫ് എന്ന സംഘടന നാമമാത്രമാണ്. അവരാണോ സി എച്ചിന് സംരക്ഷണം നല്‍കിയതെന്നും സുധാകരന്‍ ചോദിച്ചു. 1967ലാണ് പിണറായിയുമായി ബ്രണ്ണന്‍ കോളജില്‍ സംഘര്‍ഷമുണ്ടായത്. അന്ന് എ കെ ബാലനും മമ്പറം ദിവാകരനും ബ്രണ്ണന്‍ കോളജിലെത്തിയിട്ടില്ല. ബ്രണ്ണനില്‍ തന്നെ നഗ്നമായി നടത്തിച്ചെന്നത് പിണറായിയുടെ സ്വപ്‌നമാണ്. മമ്പറം ദിവാകരന്‍ പാര്‍ട്ടിക്ക് അകത്തോ പുറത്തോ എന്ന് വ്യക്തമല്ലാത്ത സാഹചര്യത്തിലാണെന്നും സുധാകരന്‍ പറഞ്ഞു.