Connect with us

National

ഡല്‍ഹി കലാപക്കേസ്; ജാമ്യം ലഭിച്ച വിദ്യാര്‍ഥി നേതാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ട് വിചാരണ കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി കലാപക്കേസില്‍ ജാമ്യം ലഭിച്ച വിദ്യാര്‍ഥി നേതാക്കളെ ഉടന്‍ മോചിപ്പിക്കാന്‍ ഉത്തരവിട്ട് കോടതി. ഡല്‍ഹി കര്‍ക്കദുമ വിചാരണ കോടതിയുടെതാണ് ഉത്തരവ്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ഥിനികളായ നതാഷ നര്‍വാല്‍, ദേവാംഗന കലിത, ജാമിയ മില്ല്യ ഇസ്ലാമിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരെ മോചിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. ജസ്റ്റിസ് മൃദുല്‍, എ ജെ ഭംഭാനി എന്നിവരടങ്ങിയ ഹൈക്കോടതി ബഞ്ച് വിദ്യാര്‍ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയും മോചിപ്പിക്കുന്നതിനായി വിചാരണ കോടതിക്ക് നിര്‍ദേശങ്ങള്‍ നല്‍കുകയുമായിരുന്നു.

ഈമാസം 15നാണ് ഡല്‍ഹി ഹൈക്കോടതി കേസിലെ പ്രതികളായ വിദ്യാര്‍ഥികള്‍ക്ക് ജാമ്യം നല്‍കിയത്. എന്നാല്‍, ജാമ്യം കിട്ടി 36 മണിക്കൂര്‍ കഴിഞ്ഞിട്ടും ജയില്‍ മോചിതരാകാന്‍ കഴിയാതെ വന്നതോടെ ഇവര്‍ ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു.
പ്രതികളുടെ വിലാസം, ആധാര്‍ വെരിഫിക്കേഷന്‍ തുടങ്ങിയ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയം വേണ്ടിവന്നതിനാലാണ് മോചനം വൈകുന്നതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. ഹരജി പരിഗണിച്ച ഹൈക്കോടതി തങ്ങളുടെ ഉത്തരവ് ഉടന്‍ പ്രാബല്യത്തിലാക്കണമെന്ന് പറഞ്ഞു. സമയം നീട്ടി നല്‍കണമെന്ന പോലീസ് ആവശ്യം തള്ളിയ വിചാരണക്കോടതി മൂന്ന് പേരെയും ഉടന്‍ മോചിപ്പിക്കാനുള്ള ഉത്തരവ് തീഹാര്‍ ജയില്‍ അധികൃതര്‍ക്ക് കൈമാറി.

Latest