Kerala
ലിഫ്റ്റ് തകര്‍ന്നു വീണ് യുവതിയുടെ മരണം; ആര്‍ സി സിക്കെതിരെ ആരോപണവുമായി സഹോദരി

തിരുവനന്തപുരം | ആര്‍ സി സി യില്‍ ലിഫ്റ്റ് തകര്‍ന്നു വീണ് യുവതി മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ ആരോപണവുമായി സഹോദരി രംഗത്ത്. മരിച്ച നദീറയുടെ സഹോദരി റജീനയാണ് ആരോപണമുന്നയിച്ചത്. ആര്‍ സി സിയുടെ അനാസ്ഥയാണ് മരണത്തിനിടയാക്കിയതെന്ന് റജീന പറഞ്ഞു. ഒരു ജീവനക്കാരനെ മാത്രം പുറത്താക്കിയത് കൊണ്ടായില്ല. നദീറയുടെ ഒന്നേകാല്‍ വയസ് മാത്രം പ്രായമുള്ള കുഞ്ഞിന് ജീവിക്കാനുള്ള നഷ്ടപരിഹാരം ആര്‍ സി സി നല്‍കണം. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും ഉള്‍പ്പെടെ പരാതി കൊടുത്തിട്ടുണ്ടെന്നും റജീന വ്യക്തമാക്കി.
അപകടത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പത്തനാപുരം സ്വദേശിനി നദീറ (21) ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്. മെയ് 15നായിരുന്നു അപകടം. അറ്റകുറ്റപ്പണിക്കായി നിര്‍ത്തിയിട്ടിരുന്ന ലിഫ്റ്റില്‍ കയറിയപ്പോഴാണ് അപകടമുണ്ടായത്. എന്നാല്‍ ലിഫ്റ്റില്‍ കയറരുതെന്ന മുന്നറിയിപ്പു ബോര്‍ഡുകളൊന്നും ഇവിടെ സ്ഥാപിച്ചിരുന്നില്ല. ചികിത്സയില്‍ കഴിയുന്ന മാതാവിനെ കാണാന്‍ എത്തിയപ്പോഴാണ് നദീറ അപകടത്തില്‍പ്പെട്ടത്.