Connect with us

Kerala

കേരളം ഭാഗികമായി തുറന്നു; ഇളവുകള്‍ ഇന്നു മുതല്‍ പ്രാബല്യത്തില്‍

Published

|

Last Updated

തിരുവനന്തപുരം | ഒന്നരമാസത്തിന് ശേഷം സംസ്ഥാനം ഇന്ന് അണ്‍ലോക്കിലേക്ക്. ഇതിന്റെ ഭാഗമായുള്ള ഇളവുകള്‍ പ്രാബല്യത്തില്‍ വന്നു. രോഗവ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ഇന്ന് മുതല്‍ നിയന്ത്രണങ്ങള്‍. മിതമായ രീതിയില്‍ പൊതുഗതാഗതം പുനരാരംഭിച്ചു. രോഗതീവ്രത കുറഞ്ഞയിടങ്ങളില്‍ എല്ലാ കടകളും തുറക്കാന്‍ അനുവാദമുണ്ട്.

തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്രാദേശിക നിയന്ത്രണങ്ങളാണ് നിലവിലുള്ളത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിന് മുകളിലുള്ള തദ്ദേശസ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

20നും 30നും ഇടയിലുള്ള സ്ഥലങ്ങളില്‍ നേരിയ ഇളവും 8നും 20നും ഇടയിലുള്ള സ്ഥലങ്ങളില്‍ ഭാഗിക ഇളവും നല്‍കും. എട്ട് ശതമാനത്തിന് താഴെയുള്ളയിടത്ത് കൂടുതല്‍ ഇളവുകളുണ്ടാകും. പൊതുഗതാഗതം രാവിലെ അഞ്ച് മണി മുതല്‍ പുനരാരംഭിച്ചു. വൈകിട്ട് 7 മണി വരെയാണ് കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുക. ടിപിആര്‍ 20 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. ടാക്സികള്‍ക്കും ഓട്ടോകള്‍ക്കും അവശ്യയാത്രകള്‍ അനുവദിച്ചു.

സംസ്ഥാനത്ത് മദ്യവില്‍പന ഇന്ന് പുനരാരംഭിക്കും. ടിപിആര്‍ നിരക്ക് 20 ശതമാനത്തിന് താഴെയുള്ള തദ്ദേശ സ്ഥാപനങ്ങളിലെ ബെവ്കോ, കണ്‍സ്യമര്‍ഫെഡ് ഔട്ട്ലെറ്റുകളും ബാറുകളും വഴി രാവിലെ ഒന്‍പത് മണി മുതല്‍ആവശ്യക്കാര്‍ക്ക് നേരിട്ട് മദ്യം വാങ്ങാം. ബെവ്കോ നിരക്കില്‍ ബാറുകളില്‍ നിന്ന് മദ്യം ലഭ്യമാകും.
വിവാഹ,മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേര്‍ മാത്രമേ പാടുള്ളു. ആള്‍ക്കൂട്ടമോ പൊതു പരിപാടികളോ പാടില്ല.

ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമില്ല. ബേങ്കുകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പ്രവര്‍ത്തിക്കും. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കാം. മാളുകള്‍ തുറക്കാന്‍ അനുമതിയില്ല. സര്‍ക്കാര്‍ ഓഫീസുകള്‍ 25 ജീവനക്കാരെ വച്ച് തിങ്കള്‍ മുതല്‍ വെള്ളി വരെ പ്രവര്‍ത്തിക്കും.

ജില്ലകൾ തിരിച്ച് ‌ ട്രിപ്പിൾ ലോക്ഡൗൺ ഇങ്ങനെ:

കാസർകോട് മധൂർ,ബദിയടുക്ക ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണാണ്. വയനാട് ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. ടിപിആർ ഇരുപതിന് മുകളിലുളള വെങ്ങപ്പളളി, മൂപ്പൈനാട് പഞ്ചായത്തുകളിൽ ലോക്ഡൗൺ ഉണ്ടാകും.

മലപ്പുറത്ത് തിരുനാവായ ഗ്രാമപഞ്ചായത്തിൽ മാത്രമാണ് സമ്പൂർണ ലോക്ഡൗൺ.

പാലക്കാട് ജില്ലയിൽ നാഗലശ്ശേരി, നെന്മാറ, വല്ലപ്പുഴ ഗ്രാമപഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണായിരിക്കും.

തൃശ്ശൂരിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. എന്നാൽ ടിപിആർ ഇരുപതിനും മുപ്പതിനും ഇടയിലുളള പതിനഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗണുണ്ടാകും.

എറണാകുളത്ത് ചിറ്റാട്ടുകര ഗ്രാമപഞ്ചായത്തിലാണ് സമ്പൂർണ ലോക്ഡൗൺ. സി വിഭാഗത്തിൽപ്പെട്ട പതിനാല് തദ്ദേശ സ്ഥാപനങ്ങളിൽ ലോക്ഡൗണായിരിക്കും.

ആലപ്പുഴയിലും സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. കുത്തിയതോട്,വീയപുരം എന്നീ പഞ്ചായത്തുകളിൽ ലോക്ഡൗണായിരിക്കും.

കോട്ടയം ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. സി വിഭാഗത്തിൽപ്പെട്ട അഞ്ച് ഗ്രാമപഞ്ചായത്തുകളിൽ ലോക്ഡൗണായിരിക്കും.

കൊല്ലം ജില്ലയിൽ സമ്പൂർണ ലോക്ഡൗൺ എവിടെയുമില്ല. എന്നാൽ സി വിഭാഗത്തിൽപ്പെടുന്ന പത്ത് തദ്ദേശസ്ഥാപനങ്ങളിൽ ലോക്ഡൗണായിരിക്കും.

തിരുവനന്തപുരം ജില്ലയിൽ ആറ് പഞ്ചായത്തുകളിൽ സമ്പൂർണ ലോക്ഡൗണാണ്. കഠിനംകുളം, പോത്തൻകോട്, പനവൂർ, മണമ്പൂർ, അതിയന്നൂർ, കാരോട് എന്നീ പഞ്ചായത്തുകളാണ് പൂർണമായും അടച്ചിടുക.