Kerala
പത്ത് വര്‍ഷം യുവതിയെ ഒളിവില്‍ പാര്‍പ്പിച്ചത് അസാധാരണം; തേനും പാലും നല്‍കി കൂട്ടിലിട്ടാലും അത് ബന്ധനം തന്നെ: വനിതാ കമ്മീഷന്‍

പാലക്കാട് | നെന്മാറയില്‍ യുവതിയെ പത്ത് വര്‍ഷത്തോളം ഒളിവില്‍ പാര്‍പ്പിച്ച സംഭവത്തോട് ശക്തമായി പ്രതികരിച്ച് വനിതാ കമ്മീഷന്‍. അസാധാരണവും അവിശ്വസനീയവുമായ സംഭവമാണ് നടന്നരിക്കുന്നതെന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവേ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു. തേനും പാലും നല്‍കി കൂട്ടിലിട്ടാലും അത് ബന്ധനം തന്നെയാണ്. നിരവധി വര്‍ഷങ്ങള്‍ ഒരു സ്ത്രീയെ ബന്ധനത്തിലാക്കി വെക്കുകയായിരുന്നു. പ്രയാസമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സജിത പറഞ്ഞത്. ഇനിയുള്ള കാലം സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ഇരുവരും പറയുന്നത്. എന്നാല്‍, കുടുസ്സുമുറിയില്‍ 10 കൊല്ലം സുരക്ഷിതയായി കഴിഞ്ഞുവെന്നത് അംഗീകരിക്കാന്‍ പ്രയാസമുണ്ട്. സമൂഹത്തില്‍ തെറ്റായ മാതൃകകള്‍ ഉണ്ടാകാന്‍ പാടില്ല. ജോസഫൈന്‍ വ്യക്തമാക്കി.
പെണ്‍കുട്ടിയെ കാണാതായെന്ന പരാതിയില്‍ കാര്യക്ഷമമായി ഇടപെടാന്‍ പോലീസ് തയാറായില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പോലീസ് കുറച്ചു കൂടി ജാഗ്രത കാണിക്കേണ്ടിയിരുന്നു. സാമ്പത്തിക പ്രയാസങ്ങളും വീട്ടുകാരുടെ എതിര്‍പ്പുമാണ് ഒളിച്ചു കഴിയാന്‍ പ്രേരിപ്പിച്ചതെന്നാണ് സജിതയും റഹ്മാനും കമ്മീഷന് മുന്നില്‍ നല്‍കിയ മൊഴിയെന്ന് കമ്മീഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. പൊതു സമൂഹത്തിന്റെ ആശങ്ക കമ്മീഷനുമുണ്ട്. ആ അടിസ്ഥാനത്തിലാണ് വന്നത്. പ്രണയിക്കുകയും ഒരുമിച്ച് ജീവിക്കുകയുമെല്ലാം ചെയ്യാം. പക്ഷെ, റഹ്മാന്‍ തിരഞ്ഞെടുത്ത രീതി ശരിയായില്ല. അതിനെ മഹത്വവത്ക്കരിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ഷിജി ശിവജി പറഞ്ഞു.