Kerala
INTERVIEW തോല്‍വി വിലയിരുത്താന്‍ കോവിഡ് ഒഴിയട്ടെ; ഉന്നതാധികാര സമിതി ഭരണഘടനാ പ്രകാരം: കെ പി എ മജീദ്

കോഴിക്കോട് : നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷമുള്ള സാഹചര്യം പാര്‍ട്ടി വിലയിരുത്തിയിട്ടില്ലെന്ന് മുസ്ലിം ലീഗ് ജന.സെക്രട്ടറി കെ പി എ മജീദ്. സിറാജ് ലൈവിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പു പരാജയം വിലയിരുത്താന്‍ വൈകുന്നതിനെതിരെ പാര്‍ട്ടിയില്‍ പല കേന്ദ്രങ്ങളും മുറുമുറുപ്പുമായി രംഗത്തുവന്നിരുന്നു. വിവിധ പാര്‍ട്ടികളില്‍ തലമുറമാറ്റവും തിരുത്തല്‍ പ്രക്രിയകളും തകൃതിയായി നടക്കുമ്പോള്‍ മുസ്്‌ലിം ലീഗിന്റെ നിഷ്‌ക്രിയത്വം ചര്‍ച്ചയാവുകയാണ്. ഉന്നതാധികാര സമിതിയെന്ന ഭരണ ഘടനാ ബാഹ്യമായ സമിതിയില്‍ തീരുമാനങ്ങള്‍ കേന്ദ്രീകരിക്കുന്നതാണ് മുസ്്‌ലിം ലീഗിനെ ക്ഷയിപ്പിക്കുന്നതെന്ന് ആരോപണവും വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സിറാജ് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ നിലപാട് വ്യക്തമാക്കുകയാണ് കെ പി എ മജീദ്.
നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കാര്യങ്ങള്‍ വിലയിരുത്താത്തതിനെതിരെ ലീഗില്‍ നിന്നു തന്നെ ചില ശബ്ദങ്ങള്‍ ഉയരുന്നുണ്ടല്ലോ?
കൊവിഡ് മൂലം യോഗം ചേരാന്‍ കഴിയാത്ത സാഹചര്യമാണു നിലനില്‍ക്കുന്നത്. വെര്‍ച്വല്‍ യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളല്ല പാര്‍ട്ടിക്കുമുമ്പാകെ ഉള്ളത്. ഉന്നതാധികാര സമിതി യോഗം ചേര്‍ന്നെങ്കിലും തിരഞ്ഞെടുപ്പിനു ശേഷമുള്ള കാര്യങ്ങളൊന്നും പരിശോധിച്ചിട്ടില്ല. അതെല്ലാം പരിശോധിക്കേണ്ടത് സംസ്ഥാന കൗണ്‍സില്‍, പ്രവര്‍ത്തക സമിതി, സെക്രട്ടേറിയറ്റ് തുടങ്ങിയ ഘടകങ്ങളാണ്. ഇതെല്ലാം ഫിസിക്കലായി ചേരാതെ ചര്‍ച്ച നടത്താന്‍ കഴിയില്ല.
മറ്റു പാര്‍ട്ടികളൊക്കെ വെര്‍ച്വല്‍ യോഗം ചേര്‍ന്നാണല്ലോ കാര്യങ്ങള്‍ ചെയ്യുന്നത് ?
ഒരു പാര്‍ട്ടിയും നിര്‍ണായക യോഗങ്ങള്‍ വെര്‍ച്വലായി ചേരുന്നില്ല. ലോക്ക് ഡൗണ്‍ തീരുന്ന മുറക്ക് യോഗങ്ങള്‍ ചേരുന്നതിനുള്ള ക്രമീകരണങ്ങള്‍ പാര്‍ട്ടി ഉണ്ടാക്കും. പാര്‍ട്ടിക്കു മുമ്പാകെയുള്ള വിവിധ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്ത് പരിഹാരം കാണുക എന്നതാണു പാര്‍ട്ടിയുടെ രീതി.
കോണ്‍ഗ്രസ് തലമുറ മാറ്റത്തിന്റെ സൂചനകള്‍ പ്രകടമാക്കുന്നു. പരാജയത്തിനു ശേഷമുള്ള തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുന്നു. ലീഗും ഈ മാര്‍ഗം പിന്‍തുടരുമോ?
കോണ്‍ഗ്രസ്സില്‍ എല്ലാം ഹൈക്കമാന്റാണ് ചെയ്യുന്നത്. ലീഗിന്റെ വഴി അതല്ല. ഞങ്ങള്‍ക്കു പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്തുവേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍. യോഗം ചേരാനുള്ള സാഹചര്യം ഒരുങ്ങിയാല്‍ ഞങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്ത് ആവശ്യമായ കാര്യങ്ങള്‍ ചെയ്യും.
ഉന്നതാധികാര സമിതി എന്നത് പാര്‍ട്ടി ഭരണഘടനക്കു ബാഹ്യമായ വേദിയാണെന്നും അവര്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് പാര്‍ട്ടിക്കുണ്ടായ ക്ഷീണത്തിനു കാരണമെന്നും ചില കേന്ദ്രങ്ങളില്‍ നിന്നു വിമര്‍ശനം ഉയരുന്നുണ്ടല്ലോ?
ആരു പറഞ്ഞു ഉന്നതാധികാര സമിതി ഭരണഘടനാ ബാഹ്യമാണെന്നു. അതു പാര്‍ട്ടി ഭരണ ഘടന നിശ്ചയിച്ചിട്ടുള്ള ബോഡിയാണ്. പുതുതായിട്ടു പാര്‍ട്ടിയില്‍ ഉണ്ടായതല്ല. വളരെ കാലമായി ഈ സംവിധാനം പ്രവര്‍ത്തിക്കുന്നു. എന്നു മുതല്‍ക്കാണ് ഉണ്ടായതെന്നു കൃത്യമായി പറയാന്‍ കഴിയില്ല. ഇത്തരം ഒരു വിമര്‍ശനവും പാര്‍ട്ടിയുടെ ശ്രദ്ധയില്‍ ഇതുവരെ പെട്ടിട്ടില്ല. വിമര്‍ശനങ്ങള്‍ പാര്‍ട്ടി സംവിധാനത്തിലൂടെ ഉയര്‍ന്നു വരുമ്പോഴാണ് പരിശോധിക്കുക. പാര്‍ട്ടിയുടെ എല്ലാ ഘടകങ്ങള്‍ക്കും യോഗം ചേര്‍ന്നു കാര്യങ്ങള്‍ വിലയിരുത്താന്‍ ലോക്ക്ഡൗണ്‍ അവസാനിക്കണം.
തലമുറ മാറ്റം എന്ന ആശയം പാര്‍ട്ടിക്കു മുമ്പില്‍ ഉണ്ടോ?
പാര്‍ട്ടി സമിതികള്‍ യോഗം ചേര്‍ന്നാണ് ഇത്തരം കാര്യങ്ങളെല്ലാം പരിഗണിക്കുക. നേതാക്കളുടെ മനസ്സില്‍ ഇത്തരം ആശയങ്ങള്‍ ഉണ്ടെങ്കില്‍ അതു പാര്‍ട്ടി വേദിയിലാണ് ഉന്നയിക്കുക. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കുമെല്ലാം അവരുടെ അഭിപ്രായങ്ങള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിക്കാന്‍ വഴികളുണ്ട്. അതെല്ലാം പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്‍ ചര്‍ച്ച ചെയ്്താണ് തീരുമാനം കൈക്കൊള്ളുക. യോഗം ചേരുന്നതിനു മുമ്പ് ഇത്തരം കാര്യങ്ങളെക്കുറിച്ചൊന്നും സംസാരിക്കാന്‍ കഴിയില്ല.