Connect with us

Kerala

ഡി സി സി പ്രസിഡന്റുമാര്‍ 25 നകം; ഗ്രൂപ്പുകളെ തഴഞ്ഞ് മുന്നോട്ട് പോകാനുറച്ച് സുധാകരന്‍

Published

|

Last Updated

കോഴിക്കോട് | കെ പി സി സി പ്രസിഡന്റായി ചുമതലയേറ്റ കെ സുധാകരന്‍ ഡി സി സി പുനസ്സംഘടനക്കു നീക്കം തുടങ്ങിയതോടെ ഗ്രൂപ്പ് മാനേജര്‍മാര്‍ ആശങ്കയില്‍. കേരളത്തില്‍ ഗ്രൂപ്പുകളുടെ ശക്തി ക്ഷയിപ്പിക്കാന്‍ ഹൈക്കമാന്റ് തയ്യാറാക്കിയ പദ്ധതി പ്രകാരമായിരിക്കും ഡി സി സി പുനസ്സംഘടന എന്നു വ്യക്തമായിട്ടുണ്ട്. 25നുള്ളില്‍ പുതിയ കെ പി സി സി ഭാരവാഹികളെയും ഡി സി സി പ്രസിഡന്റുമാരെയും നിര്‍ദേശിക്കാനാണ് ഹൈക്കമാന്‍ഡ് ധാരണ.

വി എം സുധീരന്‍ കെ പി സി സി പ്രസിഡന്റായിരുന്ന കാലത്ത് പുനസ്സംഘടിപ്പിക്കപ്പെട്ട ഡി സി സികളാണ് നിലവിലുള്ളത്. പുനസ്സംഘടനകാത്ത് ജില്ലകള്‍ പങ്കിട്ടെടുക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ കച്ചമുറുക്കിയിരിക്കെയാണ് ഗ്രൂപ്പു സമവാക്യങ്ങള്‍ പാലിക്കുന്നതിനു പകരം ജനങ്ങളുടെ അംഗീകാരമുള്ളവര്‍ പ്രസിഡന്റുമാരായി വരുമെന്ന സൂചന പുറത്തു വരുന്നത്.

ഹൈക്കമാന്റില്‍ കെ സി വേണുഗോപാലും കേരളത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ പി സി സിപ്രസിഡന്റ് കെ സുധാകരനും ചേര്‍ന്ന് ഗ്രൂപ്പുകള്‍ക്കതീതമായി ഡി സി സി പ്രസിഡന്റുമാരെ കൊണ്ടുവരാനുള്ള നീക്കം നടത്തുകയാണ്. ഇവര്‍ക്കു രാഹുല്‍ ഗാന്ധിയുടെ ശക്തമായ പിന്തുണയുമുണ്ട്.

കേരളത്തില്‍ എം പി ആയതോടെയാണ് രാഹുല്‍ ഗാന്ധിക്ക് കേരളത്തിലെ പാര്‍ട്ടിയെ നയിക്കുന്ന ഗ്രൂപ്പുകളുടെ അന്തര്‍ധാര കൃത്യമായി മനസ്സിലായത്. രാഹുല്‍ ഗാന്ധി കേരള രാഷ്ട്രീയത്തില്‍ അഭിപ്രായം പറയേണ്ടതില്ല എന്ന് ഒരിക്കല്‍ ചെന്നിത്തല തുറന്നടിച്ച ഘട്ടം മുതല്‍ ഗ്രൂപ്പിന്റെ തിണ്ണമിടുക്കിലാണ് ചിലര്‍ പാര്‍ട്ടിയെ വരുതിയിലാക്കുന്നത് എന്നു രാഹുലിനു വ്യക്തമായിരുന്നു. രണ്ടു ഘട്ടമായി തുടര്‍ച്ചയായി അധികാരത്തില്‍ നിന്നു പുറത്തു നില്‍ക്കുന്ന അവസരം നോക്കി, കെ കരുണാകരന്റെയും എ കെ ആന്റണിയുടെയും കാലം മുതല്‍ പോരടിക്കുന്ന ഗ്രൂപ്പുകളെ നാമാവശേഷമാക്കാനുള്ള നീക്കങ്ങള്‍ക്കു പിന്നില്‍ രാഹുല്‍ ഗാന്ധിയാണെന്ന സൂചനയും പുറത്തുവന്നിട്ടുണ്ട്.

ഡി സി സി പ്രസിഡന്റ് പദവിയില്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതംവയ്പില്‍ വിട്ടുവീഴ്ച ചെയ്യുന്നത് സ്വയം ശവക്കുഴി തോണ്ടലായിരിക്കുമെന്ന ആശങ്ക ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും അടുപ്പക്കാരോടു പങ്കു വച്ചിട്ടുണ്ട്. അതിനാല്‍ ഗ്രൂപ്പിനെ അവഗണിച്ചു മുന്നോട്ടുപോയാല്‍ ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്കു തങ്ങള്‍ ഉത്തരവാദിയായിരിക്കില്ല എന്ന കാര്യം അവര്‍ ഹൈക്കമാന്‍ഡിനെ അറിയിക്കുമെന്നാണു വിവരം. ഡി സി സി പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കാന്‍ എ, ഐ ഗ്രൂപ്പുകള്‍ ഓരോ ജില്ലയിലും തങ്ങളുടെ നോമിനികളെ കണ്ടുവച്ചിട്ടുണ്ട്. ഈ നോമിനികളെ അവഗണിച്ചാണ് കെ സുധാകരന്‍ നീങ്ങുന്നതെങ്കില്‍ വി എം സുധീരനെ നിരായുധനാക്കിയതുപോലെ നിസ്സഹകരണം അടക്കമുള്ള നിലപാടിലേക്കു പോകാനാണു ഇരു ഗ്രൂപ്പുകളുടേയും നീക്കം.

എന്നാല്‍ ഗ്രൂപ്പിനതീതമായിട്ടായിരിക്കും ഇത്തവണ കാര്യങ്ങള്‍ നടക്കുക എന്നു ബോധ്യപ്പെട്ടതോടെ ഗ്രൂപ്പ് മാനേജര്‍മാരേ വിട്ട് കെ സി വേണുഗോപാല്‍ വഴി ഓപ്പറേഷനുള്ള ശ്രമവുമായി നിരവധിപ്പേര്‍ രംഗത്തുവന്നിട്ടുണ്ട്.

തിരുവനന്തപുരത്ത് കെ സി വേണുഗോപാലിന്റെ നോമിനിയായി മണക്കാട് സുരേഷിനെ കൊണ്ടുവരാനാണ് ശ്രമം. തിരുവനന്തപുരത്ത് അധ്യക്ഷ പദവി ഐ ഗ്രൂപ്പിനായതിനാല്‍ അവര്‍ ചെമ്പഴന്തി അനില്‍, വര്‍ക്കല കഹാര്‍, എ ംഎ വാഹീദ്, കരകുളം കൃഷ്ണപിള്ള തുടങ്ങിയവരെ ഉയര്‍ത്തിക്കാട്ടുന്നു. എം എല്‍ എ സ്ഥാനം നഷ്ടപ്പെട്ട കെ എസ് ശബരിനാഥ്, ആര്‍ വി രാജേഷ്, പി എസ് പ്രശാന്ത് തുടങ്ങിയവരും കരുനീക്കങ്ങളുമായി രംഗത്തുണ്ട്.

കൊല്ലത്ത് ഐ ഗ്രൂപ്പിലെ എം എം നസീര്‍, ജ്യോതികുമാര്‍ ചാമക്കാല എന്നിവരാണ് മുന്നില്‍ നില്‍ക്കുന്നത്. ഐ എന്‍ ടി യുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, ഗ്രൂപ്പിനതീതമായി മോഹന്‍ശങ്കര്‍ എന്നിവരാണു രംഗത്തുള്ളത്.

പത്തനംതിട്ടയില്‍ രംഗത്തുള്ളവര്‍ ഗ്രൂപ്പിനപ്പുറം സമുദായ സമവാക്യങ്ങള്‍ കരുവാക്കി കിടമത്സങ്ങള്‍ ശത്തമാക്കാനാണു ശ്രമിക്കുന്നത്. ഇടുക്കിയില്‍ ഇബ്രാഹിംകുട്ടി കല്ലാറിനു പകരം യൂത്ത്‌കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് തോമസ് രാജന്‍, കെ എസ് യു മുന്‍ ജില്ലാ പ്രസിഡന്റ് എം എന്‍ ഗോപി എന്നിവരാണ് രംഗത്തുള്ളത്. ഗ്രൂപ്പുകള്‍ മാറിമാറി പരീക്ഷിച്ചാണ് ഇവര്‍ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത്.

എ ഗ്രൂപ്പിന് പ്രാമുഖ്യമുള്ള കോട്ടയത്ത് മുന്‍ ഡി സി സി പ്രസിഡന്റ് ടോമി കല്ലാനി, ഫില്‍സണ്‍ മാത്യൂസ്, നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ് എന്നിവരാണ് മുന്നിലുള്ളത്.

ആലപ്പുഴയില്‍ കെ സി വേണുഗോപാല്‍ പക്ഷക്കാരായ എ എ ഷുക്കൂര്‍, എം ജെ ജോബ്, മേഘനാഥന്‍ എന്നിവരാണ് അധ്യക്ഷസ്ഥാനത്തിനായി പോരാടുന്നത്. ചെന്നിത്തലയ്‌ക്കൊപ്പമുള്ള ഡി സുഗതനും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. എറണാകുളത്ത് ഐ ഗ്രൂപ്പിനാണ് പദവി എന്നതിനാല്‍ എന്‍ വേണുഗോപാല്‍ ഉള്‍പ്പെടെ മുതിര്‍ന്ന ഗ്രൂപ്പ് നേതാക്കള്‍ ശ്രമം ആരംഭിച്ചു. ടി ജെ വിനോദ് മാറുമെന്ന് ഉറപ്പായതോടെ മുഹമ്മദ് ഷിയാസിന്റെ പേരാണ് ഐ ഗ്രൂപ്പ് പറയുന്നത്.

പാലക്കാട് എ വി ഗോപിനാഥിന്റെ പേരാണ് പറഞ്ഞുകേള്‍ക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലത്ത് പാര്‍ടിയെ വെല്ലുവിളിച്ച നേതാവ് എന്ന നിലയില്‍ ഇരു ഗ്രൂപ്പുകള്‍ക്കും താല്‍പര്യമില്ല. എ തങ്കപ്പന്‍, പി ബാലഗോപാല്‍, സി ചന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളും രംഗത്തുണ്ട്. തൃശൂരില്‍ ഏതാനും മാസം മുമ്പ് പ്രസിഡന്റായ എം പി വിന്‍സെന്റ് ഐ ഗ്രൂപ്പ് വിട്ട് കെ സി വേണുഗോപാലിന്റെ ആളായി മാറിയതിനാല്‍ തുടരാന്‍ കഴിയുമോ എന്നാണ് ആരായുന്നത്. മലപ്പുറത്ത് വി വി പ്രകാശിന്റെ മരണത്തോടെ ഒഴിവുവന്ന പ്രസിഡന്റ് പദവിക്കായി ആര്യാടന്‍ ഷൗക്കത്താണ് രംഗത്തുള്ളത്.

കോഴിക്കോട്ട് കെ സുധാകരന്റെ സ്വന്തക്കാരനായ അഡ്വ. കെ ജയന്തിനെ കൊണ്ടുവരുമെന്ന സൂചനയുണ്ട്. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ പ്രവീണ്‍കുമാറും അഡ്വ. പി എം നിയാസുമാണ് പദവിക്കായി പിടിമുറുക്കിയത്.

കണ്ണൂരില്‍ സതീശന്‍ പാച്ചേനിയെ ഒഴിവാക്കി സുധാകരന്റെ പിന്തുണയോടെ കെ പി സി സി ജനറല്‍ സെക്രട്ടറി മാര്‍ട്ടിന്‍ ജോര്‍ജിനായി നീക്കം നടക്കുന്നുണ്ട്. ഇരിക്കൂരില്‍ സീറ്റ് നിഷേധിച്ച സോണി സെബാസ്റ്റിയന്‍, മുഖ്യമന്ത്രിക്കെതിരെ ധര്‍മടത്ത് മത്സരിച്ച സി രഘുനാഥ് എന്നിവര്‍ക്കുവേണ്ടിയും ആവശ്യമുയര്‍ന്നിട്ടുണ്ട്. കാസര്‍കോട് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ നോമിനിക്ക് പദവി ലഭിക്കുമെന്ന വിശ്വാസത്തില്‍ ഉണ്ണിത്താന്‍ വഴി നിരവധി പേരാണ് രംഗത്തുള്ളത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest