Connect with us

Kerala

ഐക്യ പ്രതിരോധമുയര്‍ത്തി ലക്ഷദ്വീപ് നിവാസികള്‍; കൊവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ച് അധികൃതര്‍

Published

|

Last Updated

കവരത്തി | ലക്ഷദ്വീപില്‍ അഡ്മിനിസ്‌ട്രേറ്ററുടെ ഭരണ പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ദ്വീപില്‍ കൊവിഡ് കര്‍ഫ്യൂ പ്രഖ്യാപിച്ച് അധികൃതര്‍. ആറ് ദ്വീപുകളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്. ഇവിടങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതി വേണം. ലോക്ക്ഡൗണ്‍ ഒരാഴ്ച കൂടി നീട്ടിയിട്ടുണ്ട്. കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണമെന്നാണ് അധികൃതരുടെ ന്യായീകരണം. എന്നാല്‍ പ്രതിഷേധങ്ങള്‍ തണുപ്പിക്കാനാണ് നടപടിയെന്ന ആരോപണം വ്യാപകമാണ്.

അതിനിടെ, സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ജനകീയ നിരാഹാര സമരം തുടരുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് സമരം. രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായാണ് ദ്വീപുവാസികള്‍ പ്രതിഷേധിക്കുന്നത്. ലക്ഷദ്വീപിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ ഒമ്പത് യുഡിഎഫ് എം പിമാര്‍ കൊച്ചിയിലെ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചു.

ബി ജെ പി പ്രവര്‍ത്തകരും നിരാഹാരത്തില്‍ പങ്കെടുത്തു. കച്ചവട സ്ഥാപനങ്ങള്‍ അടഞ്ഞു കിടന്നു. വാഹനങ്ങള്‍ നിരത്തിലിറങ്ങിയില്ല. മത്സ്യ ബന്ധന ബോട്ടുകള്‍ പണിമുടക്കി. വീടുകളില്‍ പ്ലക്കാര്‍ഡുകളും ബാനറുകളും ഉയര്‍ത്തിയും കടലില്‍ മുങ്ങിയും ജനങ്ങള്‍ പ്രതിഷേധിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി വീടുകളില്‍ പ്ലക്കാര്‍ഡുകള്‍ വിതരണം ചെയ്ത മൂന്ന് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. കവരത്തി ദ്വീപിലെ മുജീബ്, സജീദ്, ജംഹാര്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ച ഇവര്‍ക്കെതിരെ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് കേസെടുത്തു.

Latest