Connect with us

Articles

തട്ടിപ്പറിച്ചെടുത്തത് മുസ്‌ലിംകളല്ല

Published

|

Last Updated

പൊതു സമൂഹത്തില്‍ മാന്യതയും അന്തസ്സും കാത്തു സൂക്ഷിക്കുന്ന ഒരു സുസംഘടിത സമൂഹമാണ് ക്രിസ്ത്യാനികള്‍. അവരിലെ വ്യക്തികളും കുടുംബവും സമൂഹങ്ങളുമെല്ലാം ഒരു നിയന്ത്രിത ചട്ടക്കൂടിനുള്ളിലൂടെയാണ് ചലിക്കുന്നത്. ഇന്ത്യ സ്വാതന്ത്ര്യം നേടിയപ്പോള്‍ ഇവിടെ നിന്ന് മടങ്ങിപ്പോയ ബ്രിട്ടീഷുകാരായ സായിപ്പന്മാര്‍ അവര്‍ നടത്തിയിരുന്ന വിദ്യാലയങ്ങളും ആശുപത്രികളും ഇതര സ്ഥാപനങ്ങളുമൊക്കെ അവരുടെ സമുദായക്കാരായ ക്രിസ്ത്യാനികള്‍ക്ക് ഏല്‍പ്പിച്ചു കൊടുത്താണ് പോയത്. രാജ്യത്ത് മുക്കാല്‍ നൂറ്റാണ്ടിന് മുന്നോട്ടു പഴക്കമുള്ള സ്ഥാപനങ്ങളുടെ അന്നത്തെയും ഇന്നത്തെയും ഉടമസ്ഥരെ സംബന്ധിച്ച കണക്ക് ഇക്കാര്യം വ്യക്തമാക്കുന്നതാണ്.

മുസ്‌ലിംകള്‍ ക്രൈസ്തവരെപ്പോലെ വിദേശികളുമായി ബ്രദര്‍ഹുഡ് സൂക്ഷിച്ചിരുന്നെങ്കില്‍ ഇന്ന് ഉത്തരേന്ത്യയില്‍ സൈക്കിള്‍ റിക്ഷ ചവിട്ടുന്ന പലരും താജ് മഹലിന്റെയും ചെങ്കോട്ടയുടെയും കുത്തബ് മിനാറിന്റെയുമെല്ലാം ഉടമസ്ഥരായിരുന്നേനെ. മുഗളന്മാര്‍ അത് സര്‍ക്കാര്‍ വകയായി പ്രഖ്യാപിക്കുകയായിരുന്നു.

മുസ്‌ലിംകള്‍ ഒരു മതവിശ്വാസികള്‍ എന്ന നിലയില്‍ അസംഘടിതരാണ്. ഒറ്റ നിര്‍ദേശത്തിലൂടെ എല്ലാവരെയും ഒന്നിച്ച് നിര്‍ത്താന്‍ ഒരു ശാക്തിക കേന്ദ്രം ആഗോളതലത്തിലും ദേശീയ തലത്തിലും അവര്‍ക്കില്ല. അവരെ അങ്ങനെ ചിതറിയ രൂപത്തിലാക്കിയതിന്റെ കാരണങ്ങള്‍ കുരിശ് യുദ്ധത്തിലേക്കും തുര്‍ക്കി ഖിലാഫത്തിന്റെ പതനത്തിലേക്കും നീളുന്നതാണ്.

ആതുര -വിദ്യാഭ്യാസ മേഖലകളെ ഉപജീവിച്ചാണല്ലോ ക്രിസ്ത്യന്‍ സഭകള്‍ നിലനില്‍ക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള മാനേജ്‌മെന്റ് വിദ്യാലയങ്ങള്‍, അതില്‍ മാനേജര്‍ നിയമിക്കുകയും സര്‍ക്കാര്‍ ശമ്പളം നല്‍കുകയും ചെയ്യുന്ന എയ്ഡഡ് സ്ഥാപനങ്ങള്‍, മറ്റുള്ളവ എന്നിവയുടെ ജാതി തിരിച്ച കണക്ക് ശ്രദ്ധിച്ചാല്‍ ഇതില്‍ ഗണനീയ പങ്കും പറ്റുന്നത് ക്രിസ്ത്യാനികളാണെന്ന് വ്യക്തമാകുന്നു.
ഈ സ്ഥാപനങ്ങളെല്ലാം നടത്തുന്നത് അവരുടെ സഭകളും അതിലെ മതപണ്ഡിതരുമാണ്. അവര്‍ ഈ വക കാര്യങ്ങള്‍ക്കായി സഭാ വേഷവും പദവികളും എത്ര വശ്യമായി ഉപയോഗപ്പെടുത്തുന്നു. സര്‍ക്കാര്‍ ഓഫീസുകളിലും ഭരണ സിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലുമെല്ലാം അവര്‍ക്ക് ലഭിക്കുന്ന പരിഗണന എന്ത് മാത്രമാണ്.

എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും സെക്രട്ടേറിയറ്റില്‍ പോകാത്തവരാണ് മുസ്‌ലിം പണ്ഡിതരില്‍ അധികവും. ജീവിത വിഭവങ്ങള്‍ക്കും തലമുറകളെ പോറ്റുന്നതിനും സര്‍ക്കാറിനെ അവര്‍ തീരെ ആശ്രയിക്കുന്നില്ല എന്ന് സാരം. മുസ്‌ലിംകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ ഏറെയും വ്യക്തിഗത മാനേജ്‌മെന്റുകളുടേതാണ്. അവിടങ്ങളിലും മറ്റിടങ്ങളിലും അധ്യാപകര്‍, ഡോക്ടര്‍മാര്‍, ഇതര ജീവനക്കാര്‍ എന്നിവരുടെ കണക്കെടുത്താല്‍ പലേടത്തും മറ്റ് സമുദായക്കാരാണ് കൂടുതലെന്നും അതില്‍ നല്ലൊരു ഭാഗം ക്രിസ്ത്യാനികള്‍ ആണെന്നും അവര്‍ താക്കോല്‍ സ്ഥാനങ്ങളിലൊക്കെ ഇരിപ്പുണ്ടെന്നും ബോധ്യമാകും. എന്നാല്‍ ക്രിസ്ത്യന്‍ സ്ഥാപനങ്ങളില്‍ എത്ര മുസ്‌ലിംകള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്? എയ്ഡഡ് സ്ഥാപനങ്ങളുടെ കണക്ക് വ്യക്തമാക്കുന്നത് ആ മേഖലയിലെവിടെയും മുസ്‌ലിംകള്‍ അനര്‍ഹമായി ഒന്നും നേടിയിട്ടില്ല എന്നാണ്.
മദ്‌റസാ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുന്നത് പൊതുഖജനാവില്‍ നിന്നാണെന്ന് പ്രചരിപ്പിക്കുന്നവര്‍ അതിനുള്ള എന്തെങ്കിലും രേഖ ഇന്നോളം ഹാജരാക്കിയിട്ടില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുന്നത് ശബരിമലയിലെ ഭണ്ഡാരത്തില്‍ നിന്നാണെന്നും ദേവസ്വത്തിലെ പണം സര്‍ക്കാറിലേക്കാണ് അടയുന്നതെന്നും പ്രചരിപ്പിച്ചവര്‍ക്ക് നിയമസഭയില്‍ ലഭിച്ച നിഷേധ മറുപടി വായടപ്പിക്കുന്നതായിരുന്നു.

മുസ്‌ലിംകള്‍ എപ്പോഴും മുസ്‌ലിം പേരിലാണ് എല്ലാം ചെയ്യുന്നത്. എന്നാല്‍ പൊതു നാമങ്ങളില്‍ പ്രവര്‍ത്തിച്ച് സമുദായ ക്ഷേമം ഉറപ്പാക്കാന്‍ ക്രിസ്ത്യാനികളോളം അവര്‍ സമര്‍ഥരല്ല. 50 വയസ്സിന് മുകളിലുള്ള അവിവാഹിതക്ക് പഞ്ചായത്തില്‍ നിന്ന് മാസം തോറും പെന്‍ഷന്‍ നല്‍കുന്ന പദ്ധതി ക്രിസ്ത്യാനിയായ മന്ത്രിയും ക്രിസ്ത്യാനിയായ സര്‍ക്കാര്‍ സെക്രട്ടറിയും ക്രിസ്ത്യാനിയായ ചീഫ് സെക്രട്ടറിയും വിഭാവന ചെയ്ത് കൊണ്ടുവന്നപ്പോള്‍ അതിന്റെ ഭൂരിഭാഗത്തിനും അര്‍ഹരാകുന്നത് കന്യാസ്ത്രീകളാണെന്ന് പൊതുസമൂഹം പരാതി പറഞ്ഞില്ല. പഞ്ചായത്ത് സെക്രട്ടറിക്ക് ഒരു അപേക്ഷ കൊടുക്കുക മാത്രമേ വേണ്ടൂ.

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് എന്ന പോലെ മുന്നാക്ക സമുദായങ്ങള്‍ക്കുമുണ്ട്. കണക്കുകള്‍ പ്രകാരം ന്യൂനപക്ഷത്തിന് നല്‍കുന്ന തുക ശ്രദ്ധിച്ചാല്‍ ന്യൂനപക്ഷത്തിന്റെ കഞ്ഞി ഇന്നും കുമ്പിളില്‍ തന്നെയാണെന്ന് ബോധ്യമാകും. ഇത് ഭരണ സിരാകേന്ദ്രത്തിലിരിക്കുന്ന തമ്പ്രാക്കന്മാരുടെ കൗശലമാണ്.

സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ല. അത് സാമൂഹിക പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ അധികാരത്തില്‍ അവസര സമത്വത്തിനുള്ള ഭരണഘടനാദത്ത അവകാശമാണ്. ആ അവകാശത്തിന് സാമ്പത്തിക അവശത മാനദണ്ഡമാകാന്‍ പാടില്ല. എന്നാല്‍ നമ്മുടെ നാട്ടില്‍ ഇപ്പോള്‍ സംവരണത്തിന് മാനദണ്ഡം സാമ്പത്തിക പിന്നാക്കാവസ്ഥയാണ്. ഭരണഘടനയുടെ ഉത്തമ താത്പര്യത്തിനെതിരായ ഈ നിയമം കൊണ്ടുവന്നതിന്റെ പാപഭാരത്തില്‍ നിന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും ഒഴിഞ്ഞുമാറാനാകില്ല.

മുസ്‌ലിം സമുദായത്തിലെ ഒരു വിഭാഗത്തിനു മാത്രമേ ഇപ്പോള്‍ സംവരണത്തിന് അര്‍ഹതയുള്ളൂ. അവര്‍ ക്രീമീലെയറിന് പുറത്തായിരിക്കണം, വാര്‍ഷിക വരുമാനം കുറഞ്ഞവരായിരിക്കണം. അല്ലാത്തവരെല്ലാം മുസ്‌ലിംകളിലെ മുന്നാക്കക്കാരാണെന്ന് പരിഗണിക്കുന്നു. ഇപ്പോള്‍ മുന്നാക്ക വിഭാഗക്കാര്‍ക്കു വേണ്ടി വികസന കോര്‍പറേഷനും ക്ഷേമ ആശ്വാസ നടപടികളുമുണ്ട്. അതില്‍ മുസ്‌ലിംകളെ ഉള്‍പ്പെടുത്തി ജനസംഖ്യാനുപാതിക തുലനം പാലിക്കാന്‍ സ്‌കോളര്‍ഷിപ്പ് സംബന്ധിച്ച കോടതി വിധി ഉപകാരപ്പെടണം.

ക്രിസ്തു മതത്തിലേക്ക് എന്ന പോലെ ഹിന്ദു മതത്തിലേക്കും ഇസ്‌ലാം മതത്തിലേക്കും പരിവര്‍ത്തനം ചെയ്യുന്നവരുണ്ട്. അവരും നികുതി കൊടുക്കുന്നവരും വോട്ട് ചെയ്യുന്നവരുമാണ്. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗ വികസന കോര്‍പറേഷന്‍ പോലെ അവര്‍ക്കും ക്ഷേമൈശ്വര്യങ്ങള്‍ ഉറപ്പാക്കാന്‍ കോര്‍പറേഷനുകള്‍ വേണം.

(തുടരും)

nahahakkim@gmail.com

Latest