Connect with us

Kerala

ഭക്ഷ്യ പൊതു വിതരണ മേഖല കൂടുതല്‍ ശക്തിപ്പെടുത്തും; വിലനിലവാരം പിടിച്ചുനിര്‍ത്തും

Published

|

Last Updated

തിരുവനന്തപുരം | ഭക്ഷ്യ പൊതു വിതരണ മേഖലയില്‍ കൂടുതല്‍ ശക്തമായി ഇടപെടുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പൊതു കമ്പോളത്തിലെ വിലനിലവാരം പിടിച്ചുനിര്‍ത്തുന്നതിന് നടപടികളുണ്ടാകും. വിലനിലവാരം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 70 പുതിയ വില്‍പന്‍ ശാലകള്‍ സിവില്‍ സപ്ലൈസ് വകുപ്പ് ആരംഭിച്ചിട്ടുണ്ട്. 97 വില്‍പന ശാലകളെ അപ്‌ഗ്രേഡ് ചെയ്തു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനെയും കണ്‍സ്യൂമര്‍ഫെഡിനെയും ശക്തിപ്പെടുത്തും. സഹകരണ സംഘങ്ങളുടെ അതിവിപുലമായ ശൃംഖലയെ ഉത്സവകാലത്തെ കമ്പോള ഇടപെടലിന് ഉപയോഗപ്പെടുത്തും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിക്കും.

കൊവിഡ് മഹാമാരിയുടെ കാലത്ത് ദുരിതം ലഘൂകരിച്ച് സംസ്ഥാനത്തെ എല്ലാവര്‍ക്കും ഭക്ഷ്യസാധനങ്ങള്‍ എത്തിക്കുന്നതില്‍ ഭക്ഷ്യ പൊതു വിതരണ വകുപ്പ് നിര്‍ണായക പങ്കാണ് വഹിച്ചതെന്ന് മന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. റേഷന്‍ വിതരണത്തിനൊപ്പം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 17 അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റ് വിതരണത്തിന് സപ്ലൈകോയും റേഷന്‍ കടകളും സവിശേഷ പ്രാധാന്യം നല്‍കി.

സംസ്ഥാനത്തെ റേഷന്‍ കട ശൃംഖലയെ നവീകരിക്കുന്നതിന്റെ ഭാഗമായി എന്‍ഡ് ടു എന്‍ഡ് കമ്പ്യൂട്ടറൈസേഷന്‍, ഇപോസ് മെഷീനുകള്‍, വാതില്‍പ്പടി വിതരണം എന്നിവ നടപ്പാക്കി. സംസ്ഥാനത്തുടനീളം ഏത് കാര്‍ഡ് ഉടമയ്ക്കും ഏത് റേഷന്‍ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാം. പരാതി പരിഹാരം സംവിധാനവും ആരംഭിച്ചിട്ടുണ്ട്.