Connect with us

Kerala

കുഴല്‍പ്പണം ഇടപാട് അഭിമാനക്ഷതം; അതൃപ്തി അറിയിച്ച് സംഘ്പരിവാര്‍

Published

|

Last Updated

കോഴിക്കോട് | നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബി ജെ പി കേരളത്തിലേക്ക് ഒഴുക്കിയ കുഴല്‍പ്പണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കടുത്ത അഭിമാനക്ഷതം അനുഭവിക്കുന്ന സംഘ്പരിവാര്‍ സംഘടനകള്‍ പാര്‍ട്ടി നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു. ആദര്‍ശത്തിലും ദേശസ്നേഹത്തിലും വിശ്വസിക്കുന്ന പ്രസ്ഥാനം എന്ന നിലയില്‍ കുഴല്‍പ്പണം ഇടപാടില്‍ ബി ജെ പിക്കു പങ്കുണ്ടെന്ന് ഇപ്പോഴും വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ ഇത്തരം ആരോപണങ്ങളിലേക്ക് പാര്‍ട്ടി നേതാക്കള്‍ വലിച്ചിഴക്കപ്പെടുന്നത് കടുത്ത ആശങ്കയുണ്ടാക്കുന്നതാണെന്നും വിശ്വഹിന്ദു പരിഷത്തിന്റെ പ്രമുഖ നേതാവ് പ്രതികരിച്ചു.

തിരഞ്ഞെടുപ്പ് രംഗത്ത് ബി ജെ പി സ്ഥാനാര്‍ഥികള്‍ ആരും പണത്തിന്റെ പളപളപ്പ് കാണിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് സംഘ്പരിവാര്‍ നേതാക്കള്‍ പറയുന്നത്. എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് ഒഴുക്കിക്കൊണ്ടുവന്ന കുഴല്‍പ്പണം സ്ഥാനാര്‍ഥികള്‍ക്കു നല്‍കാതെ ചില നേതാക്കള്‍ കൈക്കലാക്കി എന്ന ആരോപണവുമായി സ്ഥാനാര്‍ഥികള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളില്‍ എം എല്‍ എമാരെ കോടികള്‍ കൊടുത്തു വിലക്കെടുത്ത് അധികാരം പിടിക്കുന്നു എന്ന ആരോപണങ്ങള്‍ ഉയരുമ്പോള്‍ ബി ജെ പി അങ്ങിനെ കള്ളപ്പണം ഉപയോഗിച്ച് എം എല്‍ എമാരെ വിലക്കെടുക്കില്ലെന്ന വിശ്വാസത്തിലായിരുന്നു കേരളത്തിലെ സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ എന്നാണ് നേതാക്കള്‍ പറയുന്നത്.

ദേശസ്നേഹത്തില്‍ പടുത്തുയര്‍ത്തപ്പെട്ട പ്രസ്ഥാനമാണ് സംഘ്പരിവാര്‍ എന്നും കള്ളപ്പണത്തിനെതിരായി നരേന്ദ്ര മോദി നടത്തിയ പോരാട്ടത്തെ ദേശസ്നേഹ പ്രചോദിതമായ നടപടിയായി കണ്ടവരാണ് തങ്ങളെന്നും ആ പ്രസ്ഥാനങ്ങള്‍ക്ക് കള്ളപ്പണ ഇടപാടില്‍ പങ്കുണ്ടെന്നു വന്നാല്‍ ഇത്രയും കാലം ഒരേ ലക്ഷ്യത്തിനായി ജീവിതം ഉഴിഞ്ഞുവച്ചവരോടു ചെയ്യുന്ന മാപ്പില്ലാത്ത പിഴയായിരിക്കും അതെന്നുമാണ് മറ്റൊരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്. ശബരിമല സമരവുമായി ബന്ധപ്പെട്ട് നിരവധി കേസുകളില്‍ പ്രതിയാക്കപ്പെട്ട പല നേതാക്കള്‍ ഇന്നും കേസുമായി നടക്കുകയാണ്. ഇത്തരത്തില്‍ ബി ജെ പി-ആര്‍ എസ് എസ് നേതാക്കളേയും ബോധപൂര്‍വം ഈ കേസിലേക്കു വലിച്ചിഴച്ചതായിരിക്കും എന്നു സമാധാനിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് പരിവാര്‍ നേതാക്കളുടെ പ്രതികരണം.

കേരളത്തില്‍ ഏതു മുന്നണി ഭൂരിപക്ഷം നേടിയാലും ആരു ഭരിക്കണമെന്നു ബി ജെ പി തീരുമാനിക്കും, 30 സീറ്റുകള്‍ ലഭിച്ചാല്‍ തങ്ങള്‍ ഭരണമുണ്ടാക്കും തുടങ്ങി തിരഞ്ഞെടുപ്പു ഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനകളും കേരളത്തില്‍ പ്രചാരണത്തിന് ഹെലികോപ്റ്റര്‍ ഉപയോഗിച്ചതുമെല്ലാം സംഘ്പരിവാര്‍ സംശയത്തോടെയാണ് വീക്ഷിച്ചത്. വോട്ടിംഗ് ശതമാനം കൂപ്പുകുത്തിയതും ജയിച്ച ഒരു സീറ്റ് നഷ്ടപ്പെട്ടതുമെല്ലാം സംഘ്പരിവാര്‍ പ്രസ്ഥാനങ്ങളെ കടുത്ത നിരാശയിലേക്ക് തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് ബി ജെ പി നേതാക്കളും ആര്‍ എസ് എസ് നോമിനിയായ സംഘടനാ സെക്രട്ടറിയും അടക്കമുള്ള നേതാക്കള്‍ കുഴല്‍പ്പണ ഇടപാടില്‍ ചോദ്യം ചെയ്യപ്പെടുന്നത്.

കുഴല്‍പ്പണ കേസില്‍ ചില മാധ്യമങ്ങളും സി പി എമ്മും ബി ജെ പിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ നടത്തുകയാണെന്ന കെ സുരേന്ദ്രന്റെ ഇന്നലത്തെ പ്രസ്താവനയെ പരിവാര്‍ പ്രസ്ഥാനങ്ങള്‍ മുഖവിലക്കെടുത്തിട്ടില്ല. സി കെ ജാനുവിനു പണം കൊടുത്തിട്ടില്ലെന്നു പറയുമ്പോഴും ഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞ കാര്യങ്ങള്‍ നിഷേധിക്കാന്‍ കഴിയാത്തതും പരിവാര്‍ നേതാക്കളെ അസംതൃപ്തരാക്കുന്നു. ചോദ്യം ചെയ്യാന്‍ പരസ്യമായി ഹാജരായി എന്നതൊന്നും കേസില്‍ പങ്കില്ല എന്നതിനു തെളിവല്ല എന്നാണ് അവര്‍ പറയുന്നത്.

അന്വേഷണത്തിനിടെ ബി ജെ പി നേതാവ് വധഭീഷണി മുഴക്കിയെന്നാരോപിച്ച് ഒ ബി സി മോര്‍ച്ച ഉപാധ്യക്ഷന്‍ ഋഷി പല്‍പ്പു രംഗത്തുവന്നതും വാടാനപ്പള്ളി തൃത്തല്ലൂരിലെ കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ വച്ച് ബി ജെ പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയതിനിടയില്‍ തൃത്തല്ലൂര്‍ വ്യാസനഗറിലെ കിരണിന് കുത്തേറ്റതും അടക്കമുള്ള സംഭവങ്ങളും സംഘ്പരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് കടുത്ത നാണക്കേടുണ്ടാക്കി.

ബി ജെ പി നേതാക്കള്‍ക്ക് കുഴല്‍പ്പണ ഇടപാടില്‍ പങ്കുണ്ട് എന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. വൈകാതെ സുരേന്ദ്രനേയും മൊഴിയെടുക്കാന്‍ വിളിപ്പിച്ചേക്കുമെന്നാണു സൂചന. തിരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ കൊണ്ടുവന്ന 3.5 കോടി കുഴല്‍പ്പണം ഒരു വിഭാഗത്തിനു വേണ്ടി ഗുണ്ടാസംഘം തട്ടിയെടുത്തെന്ന് ആരോപണമുയര്‍ന്ന കേസില്‍ പണം കൊടുത്തുവിട്ട ധര്‍മ്മരാജന് ആര്‍ എസ് എസ് ബന്ധമുണ്ടെന്നും ഇയാള്‍ക്ക് പണം കൈമാറിയ സുനില്‍ നായിക്ക് യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷററാണെന്നും തിരിച്ചറിഞ്ഞിട്ടും പണം കടത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന പാര്‍ട്ടിയുടെ അഭിമാനം രക്ഷിക്കുമോ എന്നാണ് സംഘ്പരിവാര്‍ നേതാക്കള്‍ ചോദിക്കുന്നത്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest