Business
പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നത് 20 ശതമാനമാക്കാന്‍ കേന്ദ്രം; ഇന്ധന ഇറക്കുമതി കുറക്കുക ലക്ഷ്യം

ന്യൂഡല്‍ഹി | രാജ്യത്ത് ഇന്ധന വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്ന സാഹചര്യത്തില്‍, പെട്രോളില്‍ എഥനോള്‍ ചേര്‍ക്കുന്നത് 20 ശതമാനമാക്കി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍. 2023 ഏപ്രിലോടെ എഥനോള്‍ സാന്നിധ്യം വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ വര്‍ഷം മുതല്‍ 10 ശതമാനം എഥനോള്‍ ചേര്‍ക്കുന്നത് ആരംഭിച്ചിട്ടുണ്ട്.
2022ഓടെ പത്ത് ശതമാനം എഥനോള്‍ ചേര്‍ക്കുന്നത് പൂര്‍ത്തിയാക്കാനാണ് നേരത്തേ ലക്ഷ്യമിട്ടിരുന്നത്. 2030ഓടെ 20 ശതമാനം ചേര്‍ക്കാനും പിന്നീട് 2025ഓടെ പൂര്‍ത്തിയാക്കാനും പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രണ്ട് വര്‍ഷത്തിനകം 20 ശതമാനമാക്കാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
10 ശതമാനം ലക്ഷ്യം കൈവരിക്കാന്‍ തന്നെ 400 കോടി ലിറ്റര്‍ എഥനോള്‍ ആണ് വേണ്ടിവരിക. 2023ഓടെ 20 ശതമാനം പൂര്‍ത്തിയാക്കാന്‍ 1,000 കോടി ലിറ്റര്‍ വേണം. കരിമ്പ് പഞ്ചസാരയാക്കുമ്പോഴാണ് രാജ്യത്ത് പ്രധാനമായും എഥനോള്‍ ലഭിക്കുന്നത്.
അധികമുള്ള 60 ലക്ഷം ടണ്‍ കരിമ്പ് കൊണ്ട് 700 കോടി ലിറ്റര്‍ എഥനോള്‍ നിര്‍മിക്കാനാകും. ബാക്കി എഥനോള്‍ അധിക കരിമ്പ് വിളവെടുപ്പിലൂടെ കണ്ടെത്തണം. ലോകത്തെ മൂന്നാമത്തെ വലിയ ഇന്ധന ഇറക്കുമതി രാജ്യമായ ഇന്ത്യക്ക്, ഈ പദ്ധതി ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.