Pathanamthitta
ആക്രമിച്ച് ഭീതി പരത്തി കവര്‍ച്ച നടത്തുന്ന യുവാവ് പിടിയില്‍

മല്ലപ്പള്ളി | ബൈക്കിലെത്തി മാല മോഷ്ടിക്കുന്നത് പതിവാക്കിയ വിരുതനെ നാട്ടുകാര്‍ പിടികൂടി പോലിസില്‍ എല്‍പ്പിച്ചു. റാന്നി പഴവങ്ങാടി കരികുളം കള്ളിക്കാട്ടില്‍ ബിനു തോമസ് (30) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാവിലെ 11ന് എഴുമറ്റൂര്‍ പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു സംഭവം. തെളളിയൂര്‍ അനിതാ നിവാസില്‍ രാധാമണിയമ്മയുടെ (70) മാലയാണ് പൊട്ടിച്ചത്. ബേങ്കില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയ രാധാമണിയമ്മയുടെ സമീപം ബിനു വഴി ചോദിക്കാനെന്ന വ്യാജേനെയാണ് എത്തിയത്. വഴി പറയുന്നതിനിടെ മോഷ്ടാവ് മാല പറിച്ചെടുത്തെങ്കിലും രാധാമണിയമ്മ മനോധൈര്യം കൈവിട്ടില്ല. പ്രായാധിക്യമൊക്കെ മറന്ന് മോഷ്ടാവുമായി അവര്‍ മല്‍പ്പിടുത്തം നടത്തി. ഇതിനിടെ ബൈക്ക് മറിഞ്ഞ് മോഷ്ടാവ് നിലം പതിച്ചു. രക്ഷയില്ലെന്ന് വന്നപ്പോള്‍ വാഹനവും ഹെല്‍മെറ്റും ഉപേക്ഷിച്ച് മാലയുടെ കുറെ ഭാഗവുമായി ബിനു കടന്നു കളയുകയായിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പോലീസ് നടത്തിയ തിരച്ചിലില്‍ മൂന്ന് മണിക്കൂറിന് ശേഷം പ്രതി സംഭവസ്ഥലത്തിന് സമീപം നിന്ന് പിടിയിലായി.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ നിരവധി മോഷണ, പിടിച്ചുപറി കേസുകളില്‍ പ്രതിയാണ് ബിനു. ആളുകളെ ആക്രമിച്ചു ഭീതി പരത്തി മോഷണം നടത്തുന്നത് ആണ് ഇയാളുടെ രീതി. തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ അപകടത്തില്‍പ്പെട്ടു വന്നയാളുടെ ആഭരണം മോഷ്ടിച്ചതിനും അടുത്ത കാലത്ത് അറസ്റ്റിലായിരുന്നു. മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപം ബൈക്കില്‍ എത്തി റിട്ട. ടീച്ചറെ ആക്രമിച്ച് പരുക്കേല്‍പ്പിച്ച് മൂന്നു പവന്‍ മാല കവര്‍ച്ച, മാവേലിക്കര റെയില്‍വേ സ്റ്റേഷന് സമീപം വീട്ടില്‍ നിന്ന സ്ത്രീയെ ആക്രമിച്ച് മാല കവര്‍ച്ച, ബൈക്ക് മോഷണം തുടങ്ങി നിരവധി കേസുകള്‍ ഇപ്പോള്‍ പേരിലുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളില്‍ പല ഭാഗത്ത് നിന്നും ബൈക്ക് മോഷണങ്ങളും അനവധി നടത്തിയിട്ടുണ്ട്.
2014 ല്‍ തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം താമസിക്കുന്ന റിട്ട. ഐ ബി ഉദ്യോഗസ്ഥന്റെ വീട്ടില്‍ പകല്‍ സമയം വെള്ളം ചോദിച്ച് എത്തി അകത്ത് കയറി ഗൃഹനാഥനേയും ഭാര്യയെയും ക്രൂരമായി മര്‍ദിച്ച ശേഷം കെട്ടിയിട്ട് സ്വര്‍ണവും പണവും കവര്‍ന്ന കേസിലും പ്രതിയാണ്. ലഹരി വസ്തുക്കള്‍ ഉപയോഗിച്ച ശേഷം ആളുകളെ മാരകമായി ഉപദ്രവിച്ചാണ് ഇയാള്‍ മോഷണം നടത്തുന്നത്. ജില്ലാ പോലീസ് മേധാവി ആര്‍ നിശാന്തിനിയുടെ നിര്‍ദേശാനുസരണം തിരുവല്ല ഡിവൈ എസ് പി സുനീഷ് ബാബുവിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തി വരുമ്പോഴാണ് ഇയാള്‍ പിടിയിലായത്. ബിനുവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.