Connect with us

Kerala

കേരളത്തിലെ ഇടതുപക്ഷ എംപിമാര്‍ ലക്ഷദ്വീപിലേക്ക്; യാത്രാനുമതി തേടി

Published

|

Last Updated

തിരുവനന്തപുരം | കേളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ തീരുമാനം. എംഎല്‍എമാരായ എളമരം കരീം, ബിനോയ് വിശ്വം, തോമസ് ചാഴിക്കാടന്‍, എം. വി. ശ്രേയാംസ് കുമാര്‍, ഡോ. വി. ശിവദാസന്‍, കെ. സോമപ്രസാദ്, എ. എം. ആരിഫ്, ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ ലക്ഷദ്വീപ് സന്ദര്‍ശിക്കുമെന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി അറിയിച്ചു. ദ്വീപിലെ നിലവിലെ സാഹചര്യം വിലയിരുത്താനും പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കീഴില്‍ നടപ്പിലാക്കിയിട്ടുള്ള പരിഷ്‌കാരങ്ങളും നയങ്ങളും ദ്വീപ് നിവാസികളെ ഏത് രീതിയിലാണ് ബാധിച്ചിരിക്കുന്നത് എന്ന് നേരിട്ട് കണ്ട് മനസിലാക്കി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും വസ്തുതാന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. യാത്രാനുമതി നല്‍കണം എന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കും കവരത്തി അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റിനും എംപിമാര്‍ കത്ത് നല്‍കി.

ഇതിന് മുന്‍പും എംപിമാരുടെ പ്രതിനിധി സംഘം ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും കോവിഡ് സാഹചര്യം പരിഗണിച്ച് ഉടനെ അനുമതി തരാന്‍ സാധിക്കില്ലെന്നും യാത്ര മാറ്റിവെക്കണം എന്നും ദ്വീപ് ഭരണകൂടം അറിയിച്ചിരുന്നു. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഈ നിലപാട് ദൗര്‍ഭാഗ്യകരവും പാര്‍ലമെന്റ് അംഗങ്ങള്‍ക്കുള്ള അവകാശങ്ങളുടെ ലംഘനവുമാണ്. എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് ദ്വീപില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്താന്‍ എംപിമാരെ അനുവദിക്കണമെന്ന് എളമരം ആവശ്യപ്പെട്ടു.

ദ്വീപിലെ ജനപ്രതിനിധികളും മറ്റും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ അവരെ നേരിട്ട് കാണാനും കാര്യങ്ങള്‍ മനസിലാക്കാനുമാണ് സന്ദര്‍ശനം. അല്ലാതെ വിനോദ സഞ്ചാരികളെപ്പോലെ ദ്വീപില്‍ അങ്ങോളമിങ്ങോളം യാത്രചെയ്യാനല്ല. മാത്രമല്ല, ഈ എംപിമാര്‍ എട്ടുപേരും കോവിഡ് വാക്സിന്‍ എടുത്തവരാണ്. എല്ലാവരും ദ്വീപില്‍ എത്തുന്നതിനു മുന്‍പ് ആര്‍ ടി പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ തയ്യാറുമാണ്. ഈ സാഹചര്യത്തില്‍ ജൂണ്‍ 5ന് മുന്‍പായി ഇടത് എംപിമാര്‍ക്ക് ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ ദ്വീപ് ഭരണകൂടം അനുമതി നല്‍കണം. അനുമതി നല്‍കാത്തപക്ഷം ശക്തമായ സമരപരിപാടികളോടൊപ്പം നിയമ നടപടികളും സ്വീകരിക്കാന്‍ ആലോചിക്കുന്നതായും ഇടത് എംപിമാര്‍ അറിയിച്ചു.

Latest