Connect with us

Covid19

കേന്ദ്ര സര്‍ക്കാര്‍ ഈ രീതി തുടര്‍ന്നാല്‍ ജനങ്ങള്‍ക്ക് വാക്സീന്‍ വൈകും: ഹൈക്കോടതി

Published

|

Last Updated

കൊച്ചി | കൊവിഡ് വാക്സീന്‍ വിതരണത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നിലവിലെ അലംഭാവം തുടര്‍ന്നാല്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വാക്സീന്‍ വൈകുമെന്ന് ഹൈക്കോടതി. പൊതു താത്പര്യ ഹരജികളുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവിലാണ് കോടതി ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം. ജൂലൈ മാസത്തോടെ 13.2 കോടി ഡോസ് വാക്‌സീന്‍ ഉത്പാദനമാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്രം അറിയിച്ചത് പരിഗണിച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്.

ഇതാണ് സ്ഥിതിയെങ്കില്‍ 132 കോടി ജനങ്ങള്‍ക്ക് വാക്സീന്‍ എത്താന്‍ 10 മാസമെങ്കിലും വേണ്ടിവരും. രാജ്യത്തെ മുഴുവനാളുകള്‍ക്കും സൗജന്യമായി വാക്സീന്‍ നല്‍കുക, പൊതു വിപണിയില്‍ വില ഏകീകരിക്കുക, ലഭ്യത കൂട്ടാന്‍ നിര്‍മാണം ലാബുകളെ ഏല്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിച്ച പൊതു താത്പര്യ ഹരജികളാണ് കോടതി പരിഗണിച്ചത്.

ഉത്പാദിപ്പിക്കുന്ന വാക്സീന്‍ അമ്പത് ശതമാനം പൊതു വിപണിയില്‍ എത്തിച്ചാല്‍ വാക്സീന്‍ ലഭിച്ചവരും അല്ലാത്തവരും തമ്മിലുള്ള അന്തരം വര്‍ധിക്കുമെന്നും കോടതി പറഞ്ഞു. വാക്സീന്‍ പദ്ധതിക്കായി റിസര്‍ ബേങ്ക് 54,000 കോടി മാറ്റിവച്ചിട്ടുണ്ട്. ബജറ്റില്‍ പ്രഖ്യാപിച്ചത് 45,000 കോടിയാണ്. മുഴുവന്‍ ജനങ്ങള്‍ക്കും സൗജന്യ വാക്സീന്‍ നല്‍കുന്നതിന് 34,200 കോടി മതിയാകുമെന്നും മാധ്യമ റിപ്പോര്‍ട്ടുകളെ ഉദ്ധരിച്ച് കോടതി ചൂണ്ടിക്കാട്ടി. ഈ നിരീക്ഷണങ്ങള്‍ കണക്കിലെടുത്ത് കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചക്കകം വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു.

Latest