Connect with us

Gulf

ഹജ്ജിന് ഇത്തവണ 60,000 പേര്‍ക്ക് മാത്രം അനുമതി; ഇന്ത്യയില്‍ നിന്ന് 5000 പേര്‍; വിശദമായ മാര്‍ഗരേഖ ഇങ്ങനെ

Published

|

Last Updated

കോഴിക്കോട് | കൊവിഡ് ഭീഷണി തുരടുന്ന സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിന് സ്വദേശികളും വിദേശികളുമടക്കം 60,000 പേര്‍ക്ക് മാത്രം അനുമതി. സഊദി ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 45000 വിദേശികള്‍ക്കും 15000 സ്വദേശികള്‍ക്കുമാണ് തീര്‍ഥാടനത്തിന് അവസരം ലഭിക്കുക. ഇന്ത്യയില്‍ നിന്ന് അയ്യായിരം പേര്‍ക്കായിരിക്കും ഇത്തവണ അവസരം ലഭിക്കുകയെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി സിഇഒ അറിയിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി സിറാജ് ലൈവിനോട് പറഞ്ഞു. കേരളത്തില്‍ നിന്ന് എത്രപേര്‍ക്ക് അവസരം ലഭിക്കുമെന്ന് വ്യക്തമല്ല.

ഹജ്ജ് കര്‍ത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും സഊദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഹജ്ജ് ചെയ്യുന്നവര്‍ 18 നും 60നും ഇടയില്‍ പ്രായക്കാരും നല്ല ആരോഗ്യ ശേഷി ഉള്ളവരുമാകണം. ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഏതെങ്കിലും അസുഖത്തിന് ആശുപത്രിയില്‍ കിടത്തി ചികിത്സക്ക് വിധേയരായവര്‍ ആകരുത് എന്നീ നിബന്ധനയും മന്ത്രാലയം വെച്ചിട്ടുണ്ട്.

വിശദമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഇങ്ങനെ:

പൊതു നിർദേശങ്ങൾ

  1. പ്രാദേശിക, വിദേശ തീര്‍ഥാടകര്‍ ഉള്‍പ്പെടെ 60,000 ഹാജിമാര്‍ മാത്രമാണ് ഈ വര്‍ഷം ഹജ്ജ് നിര്‍വഹിക്കുക.
  2. ഹജ്ജ് ചെയ്യുന്നവര്‍ 18-60 വയസ്സിനിടയില്‍ പ്രായക്കാരാകണം.
  3. ഹാജിമാര്‍ നല്ല ആരോഗ്യമുള്ളവരാകണം.
  4. ഹജ്ജ് യാത്ര ചെയ്യുന്നതിന് മുമ്പ് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ ഏതെങ്കിലും അസുഖത്തിന് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടില്ല എന്ന് വ്യക്തമാക്കുന്ന രേഖ വേണം.
  5. തീര്‍ഥാടകര്‍ കൊവിഡ് വാക്‌സിനേഷന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരിക്കണം.
  6. സഊദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച അംഗീകൃത പട്ടികയില്‍ ഉള്ള വാക്‌സിനാകണം സ്വീകരിക്കേണ്ടത്.
  7. വിദേശ തീര്‍ഥാടകര്‍ സൗദി അറേബ്യയില്‍ എത്തി മൂന്ന് ദിവസം ക്വാറന്റൈനില്‍ കഴിയണം
  8. വാക്സിന്റെ ആദ്യ ഡോസ് ചെറിയ പെരുന്നാള്‍ ദിവസത്തിനുള്ളില്‍ – 1442 ശവ്വാൽ ഒന്ന് – എടുത്തിരിക്കണം. (ഈ ദിവസം കഴിഞ്ഞു) എടുക്കണം.
  9. വാക്‌സിന്‍ 2-ാം ഡോസ് സൗദി അറേബ്യയില്‍ എത്തുന്നതിനു 14-ാം ദിവസത്തിനുള്ളില്‍ സ്വീകരിക്കണം.
  10. സാമൂഹിക അകലം പാലിക്കുക, മാസ്‌ക് ധരിക്കുക തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങളും മുന്‍കരുതല്‍ നടപടികളും തുടരും.

ഹജ്ജ് യാത്രയുടെയും കര്‍മങ്ങളുടെയും വിവിധ ഘട്ടങ്ങളില്‍ തീര്‍ഥാടകര്‍ പാലിക്കേണ്ട കാര്യങ്ങളും സഊദി വ്യക്തമാക്കിയിട്ടുണ്ട്.

പുണ്യ ഭൂമിയില്‍ എത്തുന്നതിന് മുമ്പ്:

  1. ഹാജിമാര്‍ അവരുടെ ആരോഗ്യ നിലയും അവസ്ഥയും പരിശോധിക്കുന്നതിന് ആവശ്യമായ എല്ലാ മെഡിക്കല്‍ രേഖകളും കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തണം.
  2. വാക്‌സിനേഷന്‍ നടത്തിയതിന്റെ രേഖയോ ചില രാജ്യങ്ങള്‍ നല്‍കുന്ന യാത്രാ സര്‍ട്ടിഫിക്കറ്റുകളോ കൈവശം വേണം.
  3. കോവിഡ് -19 മായി ബന്ധപ്പെട്ട നടപടിക്രമങ്ങളും മുന്‍കരുതല്‍ നടപടികളും അനുസരിച്ച് തീര്‍ഥാടകരെ വിഷ്വല്‍ സ്‌ക്രീനിംഗിന് വിധേയരാക്കും.
  4. സോഷ്യല്‍ മീഡിയ, ടൂര്‍ ഏജന്‍സികള്‍, എസ്എംഎസ് സന്ദേശങ്ങള്‍ എന്നിവ വഴി വിവരങ്ങള്‍ നല്‍കുന്നത് തുടരും.
  5. ഗ്രൂപ്പുകള്‍ ഒത്തുചേരുന്ന സ്ഥലത്ത് മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായി ഗതാഗത പോയിന്റുകള്‍ ക്രമീകരിക്കും

താമസ സ്ഥലത്ത് എത്തുമ്പോള്‍:

  1. തീര്‍ഥാടകരെ താപ പരിശോധനക്ക് വിധേയരാക്കും.
  2. ടൂറിസം മന്ത്രാലയം, ഹജ്ജ് മന്ത്രാലയം, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചുള്ള ഹോട്ടലുകളിലായിരിക്കും ഹാജിമാരുടെ താമസം.
  3. മുറികള്‍ക്കും ഹോട്ടലുകള്‍ക്കും ഉള്ളില്‍ തിരക്ക് ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതല്‍ നടപടികള്‍ നടപ്പിലാക്കും. ഹാജിമാര്‍ ഡൈനിംഗ് ഹാളുകളില്‍ ഒത്തുകൂടുന്നത് ഒഴിവാക്കാന്‍ മുറികളില്‍ കാറ്ററിംഗ് സേവനം ഉറപ്പാക്കും.
  4. എല്ലാ അന്തര്‍ദ്ദേശീയ തീര്‍ഥാടകരും മൂന്ന് ദിവസം ക്വാറന്റൈില്‍ കഴിയണം. ഹാജിമാരെ അവരുടെ താമസസ്ഥലത്ത് പിസിആര്‍ പരിശോധനക്ക് വിധേയരാക്കും.
  5. തീര്‍ത്ഥാടകര്‍ക്ക് രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അവര്‍ സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും കരുതി നേരിട്ട് ഡോക്ടര്‍മാരെ സമീപിക്കണമെന്ന് ബോധവത്കരിക്കും.
  6. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് ഹജ്ജ് തീര്‍ഥാടകരെ കുറഞ്ഞ ആളുകളടങ്ങിയ ബാച്ചുകളായി തിരിക്കും.
  7. തീര്‍ഥാടകരുടെ എല്ലാ ബാഗേജുകളും അണുവിമുക്തമാക്കും.
  8. തീര്‍ഥാടകര്‍ക്ക് അനുവദിച്ച സമയമനുസരിച്ച് വരവും പോക്കും നിയന്ത്രിക്കാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

അറഫയില്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍:

  1. ഓരോ ഗ്രൂപ്പിനും ഒരു ബസ് വീതം അനുവദിക്കും. തീര്‍ഥാടകരുടെ സീറ്റ് പ്രത്യേകം അടയാളപ്പെടുത്തി നല്‍കും. ബസ്സുകളില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം .
  2. യാത്രയ്ക്കിടെ തീര്‍ത്ഥാടകരെ നില്‍ക്കാന്‍ അനുവദിക്കില്ല
  3. കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് ഇരിക്കാന്‍ അനുവാദം നല്‍കും.
  4. ബസിലെ ഏതെങ്കിലും ഒരു തീര്‍ഥാടകന് കോവിഡ് -19 സ്ഥിരീകരിച്ചാല്‍ ബസ് അണുവിമുക്തമാക്കുകയും മറ്റ് നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്യും.
  5. ബസില്‍ യാത്രക്കാരുടെ എണ്ണം മൊത്തം ശേഷിയുടെ 50% കവിയരുത്.
  6. ഓരോ യാത്രക്കാര്‍ക്കും ഇടയില്‍ ഒരു സീറ്റ് ഒഴിച്ചിടും.
  7. യാത്രക്കാര്‍ അവരുടെ ലഗേജ് സ്വയം വഹിക്കണം.
  8. ഭക്ഷണം പ്രീപാക്ക് ചെയ്യണം.
  9. ഒത്തുചേരലുകള്‍ തടയും.
  10. തമ്പുകളുടെ വിസ്തൃതിയുടെ 50 ചതുരശ്ര മീറ്ററില്‍ തീര്‍ഥാടകരുടെ എണ്ണം 50 കവിയരുത്.

മറ്റ് നിര്‍ദേശങ്ങള്‍:

  • അണുവിമുക്ത ബാഗുകളില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കല്ലുകള്‍ സംഘാടകര്‍ നല്‍കും.
  • ജംറകളിലേക്കുള്ള വരവും പോക്കും ഷെഡ്യൂള്‍ ചെയ്യും.
    ജംറയുടെ ഓരോ നിലയിലും തീര്‍ഥാടകരുടെ എണ്ണം 50 കവിയരുത്.

മസ്ജിദുല്‍ ഹറമില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

  1. ഇലക്ട്രോണിക് ഹജ്ജ് പോര്‍ട്ടല്‍ വഴിയോ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ വഴിയോ ലഭിച്ച അനുമതിപത്രം തീര്‍ഥാടകരുടെ കൈവശം ഉണ്ടാകണം.
  2. തീര്‍ത്ഥാടകര്‍ സാമൂഹിക അകലം ഉറപ്പാക്കുകയും തിരക്ക് ഒഴിവാക്കുകയും വേണം.
  3. പ്രവേശന കവാടങ്ങളില്‍ താപനില അളക്കാന്‍ തെര്‍മല്‍ ഇമേജിംഗ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
  4. ഉയര്‍ന്ന താപനിലയോ രോഗ ലക്ഷണങ്ങേെളാ കണ്ടാല്‍ ആ തീര്‍ഥാടകനെ ഹറമില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ഇവരെ ആരോഗ്യ മന്ത്രാലയത്തിലെ സ്‌പെഷ്യലിസ്റ്റുകളുടെ അടുത്തേക്ക് റഫര്‍ ചെയ്യും.
  5. മസ്ജിദ് അല്‍ ഹറാമിലെ പരവതാനികള്‍ നീക്കംചെയ്യും.
  6. രണ്ട് മീറ്റര്‍ സാമൂഹിക അകലം പാലിക്കുന്നതിന് ഹറമില്‍ സ്റ്റിക്കറുകള്‍ പതിക്കും.
  7. പള്ളിക്കുള്ളില്‍ ഭക്ഷണം അനുവദിക്കില്ല.
  8. പള്ളിക്കുള്ളില്‍ ഹജ്ജ് ക്ലാസുകള്‍ അനുവദിക്കില്ല. എന്നാല്‍ ഇതിനാവശ്യമായ സ്റ്റഡി മെറ്റീരിയലുകള്‍ അനുവദിക്കും.
  9. അണു വിമുക്തമാക്കലും ശുചീകരണവും 24 മണിക്കൂറും നടത്തും.

എഡിറ്റർ ഇൻ ചാർജ്, സിറാജ്‍ലെെവ്. 2003ൽ പ്രാദേശിക ലേഖകനായി സിറാജ് ദിനപത്രത്തിൽ പത്രപ്രവർത്തനം തുടങ്ങി. 2006 മുതൽ കോഴിക്കോട് ഡെസ്കിൽ സബ് എഡിറ്റർ. 2010ൽ മലപ്പുറം യൂണിറ്റ് ചീഫായി സേവനമനുഷ്ടിച്ചു. 2012 മുതൽ സിറാജ്‍ലെെവിൽ എഡിറ്റർ ഇൻ ചാർജായി പ്രവർത്തിച്ചുവരുന്നു.

Latest