Kerala
വീടിനുമുന്നില്‍ ശവപ്പെട്ടി കട നടത്തിയതിന് അയല്‍ക്കാരന്റെ പെട്രോള്‍ ബോംബ് ആക്രമണത്തിന് ഇരയായ അംഗപരിമിതന്‍ മരിച്ചു

തിരുവനന്തപുരം | വീടിന് മുന്നില്‍ ശവപ്പെട്ടി കട നടത്തിയതിന് അയല്‍വാസി പെട്രോള്‍ ബോംബെറിഞ്ഞതിനെത്തുടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭിന്നശേഷിക്കാരന്‍ മരിച്ചു. നെയ്യാറ്റിന്‍കര അരുവിയോട് സ്വദേശി വര്‍ഗ്ഗീസാണ് (48) മരിച്ചത്.
ഇക്കഴിഞ്ഞ 12നാണ് അയല്‍വാസിയായ സെബാസ്റ്റ്യന്‍ തൊട്ടടുത്ത് താമസിക്കുന്ന വര്‍ഗ്ഗീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞത്. ഗുരുതരമായി പൊള്ളലേറ്റ വര്‍ഗീസ് തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്നു.വീടിന് മുന്നില്‍ ശവപ്പെട്ടിക്കട നടത്തുകയാണ് വര്‍ഗീസ്. എന്നാല്‍ അയല്‍വാസിയായ സെബാസ്റ്റ്യന് ഇതില്‍ എതിര്‍പ്പുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. സെബാസ്റ്റ്യന്‍ പലതവണ വര്‍ഗീസിനെ ശവപ്പെട്ടിക്കട നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് പഞ്ചായത്തിലും, മാരായമുട്ടം പോലീസിലും പരാതി നല്‍കിയിരുന്നു. എന്നാല്‍ പഞ്ചായത്ത് മുന്‍വശത്ത് ടാര്‍പ്പൊലിന്‍ മറച്ച് ശവപ്പെട്ടിക്കട നടത്താന്‍ വര്‍ഗീസിന് അനുമതി നല്‍കി.
എന്നാല്‍ ഇതേച്ചൊല്ലി വീണ്ടും ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കങ്ങളുണ്ടായിരുന്നു. 12നും ഇവര്‍ തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. തുടര്‍ന്ന് സെബാസ്റ്റ്യന്‍ വര്‍ഗീസിന് നേരെ പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് തീ കെടുത്തി വര്‍ഗീസിനെ പുറത്തെത്തിച്ചത്. അംഗപരിമിതനായതിനാല്‍ ഓടി രക്ഷപ്പെടാന്‍ വര്‍ഗീസിനായില്ല.