Covid19
കൊവിഡ് അനാഥമാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കും: ഒഡീഷ സര്‍ക്കാര്‍

ഭുവനേശ്വര്‍ | കൊവിഡ് മൂലം അനാഥമായ കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായ്ക്. എല്ലാ ജീവിതവും വിലപ്പെട്ടതാണ്. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്ന കാര്യത്തില്‍ ഭരണകൂടം വിട്ടുവീഴ്ച ചെയ്യില്ലെന്നും നവീന്‍ പട്‌നായിക് അറിയിച്ചു. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ സര്‍ക്കാര്‍ വിര്‍ച്വല്‍ മീറ്റിംഗ് വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കൊവിഡ് 19 ലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താന്‍ വീടുകള്‍ തോറുമുള്ള സര്‍വ്വേ നടത്താന്‍ അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കേഴ്‌സ് എന്നിവരെ ചുമതലപ്പെടുത്തുമെന്ന് നവീന്‍ പട്‌നായിക് പ്രഖ്യാപിച്ചു.
മെയ് 24 മുതല്‍ ഈ സര്‍വ്വേ ആരംഭിക്കും. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മൂന്ന് മാസത്തേക്ക് പ്രതിമാസം 1000 രൂപ ഇന്‍സെന്റീവ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുന്നതിന് മിഷന്‍ ശക്തി ഗ്രൂപ്പുകള്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി വര്‍ക്കേഴ്‌സ് എന്നിവരെ തുടക്കം മുതല്‍ തന്നെ ചുമതലപ്പെടുത്തിയിരുന്നു. കൊവിഡിനെതിരെ മറ്റ് സംസ്ഥാനങ്ങള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച്, അവരുടെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ കൊവിഡിനെതിരെ സജീവമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ടെന്നും നവീന്‍ പട്‌നായ്ക് പറഞ്ഞു.