Connect with us

Gulf

ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ നടത്തിയത് കടുത്ത നിയമലംഘനങ്ങള്‍: ഒ ഐ സി

Published

|

Last Updated

റിയാദ് | ഫലസ്തീനികള്‍ക്കെതിരെ ഇസ്‌റാഈല്‍ നടത്തിയത് കടുത്ത നിയമലംഘനങ്ങളാണെന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്റെ (ഒഐസി) അടിയന്തര യോഗം അഭിപ്രായപ്പെട്ടു.

ജറുസലേമിലെ ഫലസ്തീന്‍ ഭവനങ്ങള്‍ ഇസ്‌റാഈല്‍ ഏറ്റെടുക്കുന്നതിനെ അപലപിക്കുന്നുവെന്നും കിഴക്കന്‍ ജറുസലേം ഒരു ഫലസ്തീന്റെ ഭാഗമാണെന്നും അതിന് നേരെയുള്ള ആക്രമണങ്ങളെ അംഗീകരിക്കില്ലന്നും വിര്‍ച്വല്‍ യോഗം ഉദ്ഘാടനം ചെയ്ത സഊദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരന്‍ പറഞ്ഞു.

ഇസ്‌റാഈലിന്റെ നിയമ ലംഘനങ്ങള്‍ അവസാനിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇസ്ലാമിക പുണ്യസ്ഥലങ്ങളുടെ പവിത്രത ഇസ്‌റാഈല്‍ ലംഘിച്ചുവെന്നും കിഴക്കന്‍ ജറുസലേമിലെ ഫലസ്തീനികളെ അവരുടെ വീടുകളില്‍ നിന്ന് ബലമായി പുറത്താക്കിയത് ഉള്‍പ്പെടെ അപകടകരമായ ഇസ്‌റാഈല്‍ നീക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം നിറവേറ്റണമെന്നും യോഗം വ്യക്തമാക്കി. 57 രാജ്യങ്ങളില്‍ നിന്നുള്ള വിദേശ കാര്യ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുത്തു.

മുസ്ലിംകളുടെ മൂന്നാമത്തെ തീര്‍ഥാടന കേന്ദ്രമായ മസ്ജിദുല്‍ അഖ്‌സ യില്‍ തീവ്രവാദികള്‍ അക്രമം നടത്തിയതിന്റെ പശ്ചാതലത്തില്‍ 1969 സെപ്റ്റംബര്‍ 25 നാണ് മൊറോക്കോ തലസ്ഥാനമായ റബാത്തില്‍ വെച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഒഐസി) രൂപം കൊണ്ടത്. ഐക്യരാഷ്ട്ര സഭ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ സംഘടനയാണ് ഒ ഐ സി.