Connect with us

Kerala

പെരുന്നാള്‍ ആഘോഷം കുടുംബത്തില്‍ മാത്രമാക്കി കരുതലാകണം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം |  മഹാമാരിയുടെ കാലത്ത് പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ തന്നെ നിര്‍വഹിച്ച് വ്രതകാലത്ത് കാണിച്ച കരുതല്‍ പെരുന്നാള്‍ ദിനത്തിലും കാത്തുസൂക്ഷിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.കൂട്ടം ചേരല്‍ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷം കുടുംബത്തിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

മഹാമാരിയുടെ കാലത്തും വിശ്വാസ ലോകമാകെ 30 ദിവസം നീണ്ട വ്രതാനുഷ്ഠാനത്തിന്റെ ആഹ്ലാദത്തിലാണ്. എല്ലാവര്‍ക്കും പെരുന്നാള്‍ ആശംസകള്‍. മാനവികതയുടെ, ഒരുമയുടെ, സഹാനുഭൂതിയുടെ ദാനധര്‍മ്മങ്ങളുടെ ഏറ്റവും ഉദാത്തമായ ആശയമാണ് ചെറിയ പെരുന്നാള്‍. ഒത്തുചേരലുകളും സന്തോഷം പങ്കുവെക്കലും പെരുന്നാളിനും പ്രധാനമാണ്. കൂട്ടം ചേരല്‍ അപകടത്തിലാക്കുന്ന കാലത്ത് ആഘോഷം കുടുംബത്തിലാക്കണം. പെരുന്നാള്‍ നിസ്‌കാരം വീടുകളില്‍ നടത്തി വ്രതകാലത്ത് കാട്ടിയ കരുതല്‍ പെരുന്നാള്‍ ദിനത്തിലും നടത്തണം. റമദാന്‍ കാലത്ത് നിയന്ത്രണം പൂര്‍ണമായി പാലിച്ചു. അതില്‍ സഹകരിച്ച മുഴുവന്‍ സഹോദരങ്ങളെയും അഭിവാദ്യം ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷവും കൊവിഡ് കാലത്തായിരുന്നു റമദാന്‍. ഈ ദിനത്തിലും വീടുകളില്‍ പ്രാര്‍ത്ഥന നടത്തി കൊവിഡ് പ്രതിരോധത്തോട് സഹകരിച്ചു. ഇത്തവണ കൊവിഡ് കൂടുതല്‍ രൂക്ഷമാണ്. ഈദ് ദിന പ്രാര്‍ത്ഥന വീട്ടില്‍ നടത്തുന്നതടക്കമുള്ള സ്വയം നിയന്ത്രണം പാലിക്കണം. ചെറിയ പെരുന്നാളിനോട് അനുബന്ധിച്ച പ്രാര്‍ത്ഥന വീടുകളില്‍ നടത്താന്‍ തീരുമാനിച്ച സഹോദരങ്ങളോട് പ്രത്യേകം നന്ദി അറിയിക്കുന്നു. വ്രതാനുഷ്ഠാനത്തിലൂടെ ആര്‍ജിച്ച സ്വയം നവീകരണം മുന്നോട്ടുള്ള ജീവിതത്തില്‍ കുടുംബത്തിനും സമൂഹത്തിനും ഒരുപോലെ പ്രയോജനപ്പെടട്ടെ- മുഖ്യമന്ത്രി പറഞ്ഞു