Connect with us

Articles

വാക്‌സീൻ: പേറ്റന്റ് പൂട്ട് പൊളിയുമോ?

Published

|

Last Updated

കൊവിഡ് വാക്‌സീനുകൾക്കായുള്ള കൂട്ടയോട്ടത്തിനിടയിൽ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങൾ ചവിട്ടിയമർത്തരുത്- ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനോം ഗബ്രിയോസിസിന്റെ വാക്കുകളാണിത്. വാക്‌സീൻ ഒരു രാജ്യത്തിന്റെയും സ്വകാര്യസ്വത്തല്ല. അത് ദരിദ്രരാജ്യങ്ങൾക്കും സമ്പന്ന രാജ്യങ്ങൾക്കും ഒരു പോലെ വിതരണം ചെയ്യപ്പെടേണ്ട പൊതു സ്വത്താണ്. ഉള്ളവനും ഇല്ലാത്തവനുമെന്ന വിവേചനം അവിടെ പാടില്ല. വിപണിയല്ല കാര്യങ്ങൾ തീരുമാനിക്കേണ്ടത്. ലോകത്തിന്റെ ഏത് മൂലയിൽ കണ്ടുപിടിക്കപ്പെടുന്ന മരുന്നും മാനവരാശിക്കാകെ അതിജീവിക്കാനുള്ള ഉപാധിയായി മാറേണ്ടതാണ്. അതിർത്തികൾ അപ്രസക്തമാകുന്ന ദുരന്തകാലത്ത് കൊലയാളി വൈറസ് എവിടെ അവശേഷിച്ചാലും ഭീഷണി തന്നെയാണ്. അതിജീവനം ഒരുമിച്ചു മാത്രമേ സാധ്യമാകൂ എന്നർഥം. നിലനിൽക്കണോ സർവനാശം വേണോ എന്നിടത്തേക്ക് ചോദ്യങ്ങൾ ചുരുങ്ങുമ്പോൾ കിടമത്സരത്തിന്റെ യുക്തി നഷ്ടപ്പെടുന്നു. അനിവാര്യ സൗഹൃദത്തിന്റെ നാളുകൾ തുടങ്ങുന്നു. കൊവിഡ് വാക്‌സീന്റെ പേറ്റന്റ് അവകാശം ഉപേക്ഷിക്കാനുള്ള അമേരിക്കൻ തീരുമാനത്തെ ഈ പശ്ചാത്തലത്തിലാണ് വിലയിരുത്തേണ്ടത്. കൊവിഡിന്റെ ഭീകരത ഏറ്റവും ക്രൂരമായി അനുഭവിച്ച രാജ്യത്തിന്റെ ഭരണത്തലവൻ എന്ന നിലയിൽ ജോ ബൈഡൻ കൈക്കൊണ്ട നിലപാടിന് ഉച്ചത്തിൽ കൈയടിക്കേണ്ടിയിരിക്കുന്നു.

നിലപാടിന് പിന്നിൽ

ആഭ്യന്തരമായ സമ്മർദമാണ് ബൈഡൻ ഭരണകൂടത്തെ ഇത്തരമൊരു നയം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്. ദരിദ്ര രാഷ്ട്രങ്ങൾ കടുത്ത വാക്‌സീൻ ക്ഷാമം നേരിട്ടുകൊണ്ടിരിക്കുമ്പോൾ 300 മില്യൺ അധിക ഡോസുകൾ കൈവശം വെക്കുന്ന അമേരിക്കൻ നയം ചോദ്യം ചെയ്യപ്പെട്ടു. ഇത് മനുഷ്യത്വവിരുദ്ധമായ സ്വാർഥതയാണെന്ന് ബൈഡന്റെ സ്വന്തം ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് തന്നെ എതിർസ്വരമുയർന്നു. “താങ്കളും ട്രംപും തമ്മിൽ എന്ത് വ്യത്യാസ”മെന്ന ചോദ്യവുമുയർന്നു. ഒടുവിൽ ബൈഡൻ വഴങ്ങി. പേറ്റന്റ് അവകാശം വേണ്ടെന്ന് വെക്കാനുള്ള അമേരിക്കയുടെ തീരുമാനം ലോക വ്യാപാര സംഘടനയിലെ അമേരിക്കൻ പ്രതിനിധി കാതറിൻ തയ്യാണ് ഔദ്യോഗികമായി പുറത്തുവിട്ടത്. കൊവിഡ് സൃഷ്ടിച്ച ഈ അസാധാരണ സന്ദർഭത്തിൽ അസാധാരണമായ നടപടികൾ ആവശ്യമാണെന്ന് കാതറീൻ പ്രസ്താവനയിൽ വ്യക്തമാക്കി.
മാനവരാശിയെ രക്ഷിച്ചു കളയാമെന്ന വിശാല താത്പര്യത്തിൽ ഉണ്ടാകുന്നവയല്ല വൻകിട കമ്പനികളുടെ വാക്‌സീനുകൾ. തീർച്ചയായും ലാഭം കൊയ്യാനുള്ള മുതൽ മുടക്കു തന്നെയാണ് അവ. കൊറോണവൈറസിന്റെ പുതിയ വകഭേദങ്ങളെ നേരിടാൻ ഇവ എത്രമാത്രം ഫലപ്രദമാണെന്ന് തീരുമാനമാകാനൊന്നും കാത്തു നിൽക്കാതെ ഭ്രാന്തമായ വാങ്ങലിലേക്ക് രാജ്യങ്ങൾ പ്രവേശിച്ചിരിക്കുന്നു. എന്ത് വിലക്കും വിൽക്കാവുന്ന ചരക്കായി വാക്‌സീൻ മാറിയിരിക്കുന്നു. എത്രമാത്രം രോഗഭീതിയുയരുന്നുവോ അത്രമേൽ ദുർലഭവും വിലയേറിയതുമായ ചരക്കായി വാക്‌സീൻ മാറും.

കമ്പനി രാജ്

വൻ മുതൽമുടക്കും സാങ്കേതിക സംവിധാനങ്ങളും അനിവാര്യമായ വാക്‌സീൻ ദൗത്യത്തിലേർപ്പെടാനും വിജയിക്കാനും ദരിദ്ര, പിന്നാക്ക രാജ്യങ്ങൾക്ക് സാധിക്കില്ല. അവർക്ക് മറ്റുള്ള രാജ്യങ്ങളെ ആശ്രയിച്ചേ തീരൂ. രാജ്യത്തെയാകെ പണയപ്പെടുത്തി ചോദിക്കുന്ന വില കൊടുത്ത് വാക്‌സീൻ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലാണ് ഈ രാജ്യങ്ങൾ. വാക്‌സീൻ സാങ്കേതിക വിദ്യയല്ല, ഉത്പന്നമാണ് ഇറക്കുമതി ചെയ്യുന്നത്. ബൗദ്ധിക സ്വത്തവകാശ (ഇന്റലക്ച്വൽ പ്രോപ്പർട്ടി- പേറ്റന്റ്) ചട്ടങ്ങൾ നിലനിൽക്കുന്നതിനാൽ ഉത്പാദന രഹസ്യം സൃഷ്ടി കർത്താവിൽ തന്നെയിരിക്കുകയാണ്. അയാൾ മാത്രം ഉത്പാദിപ്പിക്കും, വിതരണം ചെയ്യും. എത്ര അളവ്, എന്ത് വിലക്ക്, ആർക്ക് കൊടുക്കണം എന്നെല്ലാം കമ്പനി തീരുമാനിക്കും. മാനവരാശിയുടെ ഭാവി ഏതാനും മരുന്നു കമ്പനികളുടെ കാരുണ്യത്തിൻ കീഴിലാകുന്ന അവസ്ഥ. ഈ സ്ഥിതി വിശേഷം മറികടക്കാൻ വാക്‌സീൻ പേറ്റന്റ് എടുത്തു കളയണമെന്ന ആവശ്യം ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് ആദ്യമായി ലോകവ്യാപാര സംഘടനയിൽ ഉന്നയിച്ചത്. കഴിഞ്ഞ ഒക്‌ടോബറിലായിരുന്നു അത്. ആന്ന് ആരും അത് കാര്യമായെടുത്തില്ല. ഇതേ അമേരിക്ക രൂക്ഷമായി എതിർത്തു. ബഹുരാഷ്ട്ര മരുന്നു കമ്പനികളെ പിണക്കിയാൽ വാക്‌സീൻ ഗവേഷണം തളരുമെന്നായിരുന്നു അവരുടെ വാദം. ഏതായാലും അമേരിക്കൻ അധികാരികൾ ഈ നിർദേശത്തിന് ഇപ്പോൾ പച്ചക്കൊടി കാണിക്കുമ്പോൾ പിന്തുണക്കാൻ ഏറെ പേർ രംഗത്തെത്തിയിരിക്കുന്നു. യൂറോപ്യൻ യൂനിയനും ലോകാരോഗ്യ സംഘടനയും യു എസ് നിലപാടിനെ സ്വാഗതം ചെയ്തിരിക്കുന്നു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിലെ ചരിത്രനിമിഷമാണിതെന്നാണ് ലോകാരോഗ്യ സംഘടനാ മേധാവി ട്വീറ്റ് ചെയ്തത്.

എന്താണ് ഗുണം?

കൊവിഡ് വാക്‌സീനുകൾക്കുള്ള ബൗദ്ധിക സ്വത്തവകാശം നീക്കുന്നതോടെ ലോകത്തുടനീളം വാക്‌സീനുകൾ നിർമിക്കാനാകും. ഇതോടെ ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ നാടുകളിലും രൂക്ഷമായ വാക്‌സീൻ ക്ഷാമം പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്‌സീന്റെ വില കുറയുകയും ചെയ്യും. സാങ്കേതിക വിദ്യയും ഉത്പാദന രഹസ്യവും കൈമാറ്റം ചെയ്യപ്പെടുന്നതോടെ വാക്‌സീൻ ഉത്പാദനത്തിലെ കുത്തക ക്ഷയിക്കും. ട്രേഡ് സീക്രട്ട് വഴി സംരക്ഷിക്കപ്പെടുന്ന വാക്‌സീൻ പേറ്റന്റ് അതത് രാജ്യങ്ങളുടെ ഡ്രഗ് കൺട്രോളറുടെ കൈവശമാണുള്ളത്. ലോകവ്യാപാര സംഘടനയിൽ അംഗരാജ്യങ്ങൾ ധാരണയിലെത്തുകയാണെങ്കിൽ ഈ രഹസ്യം മറ്റ് രാജ്യങ്ങൾക്ക് കൈമാറാൻ സാധിക്കും.
വാക്‌സീനുകൾ വ്യാപകമായി ലഭ്യമാകുന്നതോടെ ലോക്ക്ഡൗൺ പോലുള്ള കടുത്ത നിയന്ത്രണങ്ങളിൽ നിന്ന് രാജ്യങ്ങൾ മോചിതമാകും. ഇത് ആഗോള സാമ്പത്തിക പ്രവർത്തനങ്ങളിൽ ഉണ്ടാക്കുന്ന ഉണർവ് വളരെ വലുതായിരിക്കും. ഇങ്ങനെ വ്യാപാര, വാണിജ്യ രംഗം സജീവമായാൽ അതിന്റെ ഗുണം എല്ലാ രാജ്യങ്ങൾക്കും ലഭിക്കും. സമ്പന്ന രാജ്യങ്ങൾ തന്നെയാകും വലിയ നേട്ടം കൊയ്യുക. ഇത് കൂടി കണക്കിലെടുത്താകണം പേറ്റന്റിന്റെ പൂട്ട് പൊളിക്കാൻ അമേരിക്ക മുൻകൈയെടുക്കുന്നത്.

കടമ്പകളേറെ

അമേരിക്ക മുൻകൈയെടുത്തു. കുറേ രാജ്യങ്ങൾ പിന്തുണച്ചു. ഡബ്ല്യു എച്ച് ഒ ക്യാമ്പയിൻ ചെയ്യുന്നു. അത്രയും ആഹ്ലാദകരം തന്നെ. എന്നാൽ വാക്‌സീൻ ബൗദ്ധിക സ്വത്താവകാശ ചട്ടങ്ങൾ പൂർണമായി മാറിക്കിട്ടാൻ ഒരു പാട് കടമ്പകൾ താണ്ടേണ്ടതുണ്ട്. കൂടിയാലോചനകളുടെ മാരത്തോൺ തന്നെ നടക്കണം. 164 അംഗരാജ്യങ്ങളുള്ള ലോക വ്യാപാര സംഘടനയിൽ ഐകകണ്‌ഠ്യേന തീരുമാനം വരണം. കാരണം സംഘടനയിലെ ഓരോ അംഗത്തിനും വീറ്റോ അധികാരമുണ്ട്. ഈ പ്രപ്പോസൽ ഡബ്ല്യു ടി ഒക്ക് മുന്നിൽ വന്നിട്ട് ഏഴ് മാസം കഴിഞ്ഞു. പത്ത് യോഗങ്ങൾ നടന്നു. ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങിയിട്ടില്ലെന്നോർക്കണം.

വൻകിട കമ്പനികൾ പല്ലും നഖവും നീട്ടി എതിർക്കുമെന്നുറപ്പാണ്. സർക്കാറുകളെ വീഴ്ത്താനും വാഴിക്കാനും കെൽപ്പുള്ളവരാണ് അവർ. അവരെ അനുനയിപ്പിക്കണം. വലിയ മുതൽ മുടക്കുള്ള പ്രക്രിയയാണ് വാക്‌സീൻ ഗവേഷണം. അവരുടെ രഹസ്യം കൈമാറുമ്പോൾ അതത് രാജ്യങ്ങളുടെ കഴിവനുസരിച്ചുള്ള റോയൽറ്റി തുക കമ്പനികൾക്ക് നൽകാൻ സംവിധാനമുണ്ടാക്കിയാൽ ഒരു പക്ഷേ എതിർപ്പിന്റെ ശക്തി കുറഞ്ഞേക്കാം. മാത്രവുമല്ല, ഭാവിയിൽ ഇത്തരം പ്രതിസന്ധികൾ രൂപപ്പെടുമ്പോൾ ഗവേഷണത്തിൽ ഏർപ്പെടാൻ ഫാർമസ്യൂട്ടിക്കൽ ഭീമൻമാരെ പ്രോത്സാഹിപ്പിക്കാൻ ഈ റോയൽറ്റി സംവിധാനം ഉപകരിക്കും. ഇക്കാര്യത്തിൽ സർക്കാറുകൾ തമ്മിൽ ധാരണയിലെത്തേണ്ടി വരും. സ്വകാര്യ മേഖലയെ തകർക്കുകയല്ല, നിയന്ത്രിക്കുകയാണ് വേണ്ടത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest