International
ചൈനയുടെ സിനോഫോം വാക്‌സിന് ലോകാരോഗ്യ സംഘടനുയുടെ അനുമതി

ബീജിങ് | ചൈനയുടെ കൊവിഡ് വാക്സിനായ സിനോഫോമിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടന ഉപാധികളോടെ അനുമതി നല്‍കി. ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കുന്ന ആദ്യ ചൈനീസ് വാക്സിനാണ് സിനോഫോം. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അനുമതി. ഫൈസര്‍, അസ്ട്രസെനക്ക, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ , മൊഡേണ എന്നിവ നിര്‍മിക്കുന്ന വാക്‌സിനുകള്‍ക്ക് മാത്രമെ ലോകാരോഗ്യ സംഘടന ഇതിന് മുന്‍പ് അംഗീകാരം നല്‍കിയിട്ടുള്ളു. യുഎഇ, ഹംഗറി, പാകിസ്ഥാന്‍ ഉള്‍പ്പെടെ രാജ്യങ്ങള്‍ നിലവില്‍ സിനോഫോമിന്റെ ഉപഭോക്താക്കളാണ്.
ചൈനയില്‍ ഇതുവരെ ആറര കോടി വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്തെന്നാണ് റിപ്പോര്‍ട്ടുകള്‍. 79.34 ശതമാനം ഫലപ്രാപ്തി തെളിയിച്ച വാക്സിന്‍ മുതിര്‍ന്നവരില്‍ ഉപയോഗിക്കാന്‍ നേരത്തെ 45 ഓളം രാജ്യങ്ങള്‍ അനുമതി നല്‍കിയിരുന്നു. താരതമ്യേന വില കൂടിയ വാക്സിനാണ് സിനോഫോം. ഡബ്ല്യു എച്ച്ഒ യുടെ അനുമതി ലഭിക്കാത്തതിനാല്‍ ചില രാജ്യങ്ങള്‍ വാക്സിന്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നില്ല. മറ്റൊരു ചൈനീസ് വാക്സിനായ സിനോവോക്കിനും ഉടന്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി കിട്ടുമെന്നാണ് പ്രതീക്ഷ.