Connect with us

Socialist

സവർണ സംവരണത്തിൽ നിന്ന് തലയൂരാൻ സർക്കാറിന് സുപ്രീം കോടതി നൽകിയ സുവർണാവസരം

Published

|

Last Updated

മുന്നോക്ക സംവരണത്തിൽ നിന്ന് തലയൂരാൻ സുപ്രീം കോടതി കേരളാ സർക്കാരിന് ഒരു സുവർണ്ണാവസരം ഒരുക്കിത്തന്നിട്ടുണ്ട്. അമ്പത് ശതമാനത്തിൽ കൂടുതൽ സംവരണം നടപ്പാക്കിക്കൊണ്ടുള്ള മഹാരാഷ്ട്ര സംവരണനിയമത്തെ സുപ്രീം കോടതി എടുത്ത് കൊട്ടയിലിട്ടിട്ടുണ്ട്.

മുന്നോക്കസംവരണം എങ്ങനെ പിന്നോക്കസംവരണത്തെ നോക്കുകുത്തിയാക്കുന്നു എന്ന് റാങ്ക് ലിസ്റ്റുകളിൽ നമ്മൾ കണ്ടതാണ്. ഇപ്പോഴത്തെ നിലക്ക് ദളിതർക്കും പിന്നോക്കക്കാർക്കും തങ്ങളുടെ ഭരണഘടനാപരമായ സംവരണം ഉപേക്ഷിച്ച് മുന്നോക്കസംവരണ ക്വാട്ടയിൽ അപേക്ഷിക്കുന്നതാണ് നേട്ടം എന്ന അവസ്ഥയാണ്.

ദളിത്/പിന്നോക്കസംവരണക്വാട്ടയിൽ പ്രവേശനം നേടിയവരുടെ അവസാനത്തെ റാങ്കിന്റെ നാലിലൊന്ന് റാങ്കുള്ളവർക്കൊക്കെയാണ് മുന്നോക്ക ക്വാട്ടയിൽ പ്രവേശനം കിട്ടുന്നത്. അത് ഫലത്തിൽ ദളിത്/പിന്നോക്ക സംവരണത്തെ പരിഹാസ്യമാക്കുകയാണ്.

രാഷ്ട്രീയധാർമ്മികതയുടെ മാത്രം പ്രശ്നമല്ല അത്. അടിസ്ഥാനജനവിഭാഗങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുന്നത് കാലക്രമേണ കേരളത്തിലെ ഇടതുരാഷ്ട്രീയത്തിന്റെ അന്ത്യത്തിന്റെ ആരംഭമാണ്. കേരളത്തിലെ ഇടതുപക്ഷത്തിന്റെ വാട്ടർലൂവും നന്ദിഗ്രാമും സിംഗൂരുമാണ് മുന്നോക്കസംവരണം.

മൗദൂദികളുടെ തൊഴുത്തിൽ കെട്ടിയിട്ട നാല്പതാളും നാനൂറ് ഗ്രൂപ്പുമായിക്കിടക്കുന്ന പോസ്റ്റ് സ്ട്രക്ചറലിസ്റ്റ് ദളിത് നേതൃത്വത്തിന് പകരം സൈദ്ധാന്തികധാരണയും വർഗ്ഗപ്രതിപത്തിയും സംഘടനാശേഷിയുമുള്ള ഒരു സമാന്തരനേതൃത്വം ഈ ഒരൊറ്റ പ്രശ്നത്തിലേക്ക് ശ്രദ്ധ തിരിപ്പിച്ചാൽ അതിന്റെ ഇലക്ടറൽ പത്യാഘാതം അതിഭീമമായിരിക്കും.

നിലവിൽ 97 ശതമാനമോ മറ്റോ സവർണ്ണപ്രാതിനിധ്യമുള്ള ദേവസ്വം ബോർഡിൽ പതിനഞ്ച് ശതമാനം കൂടി മുന്നോക്കസംവരണം കൊണ്ടുവന്ന് കേരള സർക്കാരാണ് ഈ അനീതിക്ക് തുടക്കമിട്ടത്. അതും പോരാഞ്ഞ് ഇതുപോലൊന്ന് നടത്തിക്കാണിക്കാൻ കേന്ദ്ര സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു. അത് സവർണ്ണപ്രീണനമാണ് എന്ന വാദമൊക്കെ അസംബന്ധമാണ് എന്നത് അംഗീകരിക്കുന്നു, അത് വർഗ്ഗരാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന സി പി എമ്മിന്റെ നയമാണ്, സി പി ഐ യുടേതും.

അന്നേവരെ പിന്നോക്കസംവരണം ഇല്ലാതാക്കാൻ മാത്രം ശ്രമിച്ചിരുന്ന കേന്ദ്ര സർക്കാരിന് അതിനെ നോക്കുകുത്തിയാക്കാൻ കിട്ടിയ ഗംഭീര ഐഡിയയായിരുന്നു കേരളം പാസാക്കിയ നിയമം. കിട്ടിയ അവസരം പാഴാക്കാതെ അവർ പാർലമെന്റിന്റെ അവസാനത്തെ സമ്മേളനത്തിൽ അവസാനത്തെ ദിവസം കീഴ്വഴക്കമില്ലാത്തവിധം തിടുക്കപ്പെട്ട് ഒറ്റയടിക്ക് ഭരണഘടനാഭേദഗതി പാസാക്കി. രണ്ട് സഭകളിലും. ആകപ്പാടെ എതിർത്തത് മൂന്ന് പേരാണ്.

ശരി, അന്നിത് കേരളം പ്രതീക്ഷിച്ചിരുന്നില്ല എന്നുതന്നെ വെക്കുക. ഇപ്പോഴത്തെ റാങ്ക് ലിസ്റ്റുകൾ നോക്കിയാൽ ആർക്കും ബോദ്ധ്യപ്പെടുന്ന കാര്യമാണ് എന്തുമാത്രം കൊടിയ അനീതിയാണ് മുന്നോക്ക സംവരണം എന്നത്. മുഖം രക്ഷിക്കാനുള്ള ഒന്നാന്തരം അവസരമാണ്. ഒരു വലിയ തെറ്റുതിരുത്താനുള്ളതും.
---- facebook comment plugin here -----

Latest