Connect with us

Editorial

ബംഗാളില്‍ അടിപതറി ബി ജെ പി

Published

|

Last Updated

പശ്ചിമ ബംഗാളില്‍ രണ്ടക്കം കടക്കാന്‍ ബി ജെ പിക്കാകില്ലെന്ന പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ പ്രവചനത്തിന് അടിവരയിടുന്നു തിരഞ്ഞെടുപ്പ് ഫലം. മമതയെ പുറന്തള്ളി സംസ്ഥാനത്തിന്റെ അധികാരം പിടിച്ചടക്കാന്‍ ബി ജെ പി കേന്ദ്ര ഭരണത്തിന്റെ പിന്തുണയോടെ തങ്ങളുടെ എല്ലാ ശക്തിയും പ്രകടിപ്പിച്ചിട്ടും പൂര്‍വോപരി നേട്ടത്തോടെ ഭരണം നിലനിര്‍ത്തി തൃണമൂല്‍ കോണ്‍ഗ്രസ്. 2016ലെ 211ല്‍ നിന്ന് ഇത്തവണ നിയമസഭയിലെ അംഗസംഖ്യ 215 ആയി ഉയര്‍ത്തി തൃണമൂല്‍. 200 സീറ്റ് ലക്ഷ്യമിട്ട് രംഗത്തിറങ്ങിയ ബി ജെ പിയുടെ വിജയം 75ല്‍ ഒതുങ്ങി. ചില സര്‍വേകള്‍ തൃണമൂലിന് 148 മുതല്‍ 164 സീറ്റ് വരെയും ബി ജെ പിക്ക് 92 മുതല്‍ 108 സീറ്റ് വരെയുമായിരുന്നു പ്രവചിച്ചിരുന്നത്.

34 വര്‍ഷത്തെ ഇടതു ഭരണത്തിനു വിരാമമിട്ട് 2011ല്‍ അധികാരത്തിലേറുകയും 2016ല്‍ ഭരണം നിലനിര്‍ത്തുകയും ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസിന് ഇത്തവണ സാഹചര്യങ്ങള്‍ അത്ര അനുകൂലമല്ലെന്നായിരുന്നു രാഷ്ട്രീയ നിരീക്ഷകരുടെ പൊതുവെയുള്ള വിലയിരുത്തല്‍. രാഷ്ട്രീയ ജീവിതത്തില്‍ മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ കൊഴിഞ്ഞുപോക്കും ശാരദ ചിട്ടി തട്ടിപ്പു കേസും തൃണമൂലിന് കടുത്ത ക്ഷീണം സൃഷ്ടിക്കുമെന്ന് കണക്കു കൂട്ടിയിരുന്നു. 2011ല്‍ 184 സീറ്റുകള്‍ നേടിയ പാര്‍ട്ടി 2016ല്‍ സീറ്റുകളുടെ എണ്ണം 211 ആയി ഉയര്‍ത്തിയെങ്കിലും 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 34 സീറ്റുകള്‍ നേടിയിരുന്ന പാര്‍ട്ടിക്ക് 2019ല്‍ 22 എണ്ണത്തിലേ വിജയിക്കാനായുള്ളൂ. ഇത് സംസ്ഥാനത്ത് തൃണമൂലിന്റെ ജനപിന്തുണ കുറഞ്ഞു വരുന്നതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഈ കണക്കുകൂട്ടലുകളെയും നിരീക്ഷണങ്ങളെയുമെല്ലാം നിഷ്പ്രഭമാക്കിയാണ് മമതയുടെ ഒറ്റയാള്‍ പോരാട്ടത്തിലൂടെ തൃണമൂല്‍ മുന്നേറ്റം നടത്തിയിരിക്കുന്നത്.
പൂര്‍വോപരി കടുത്ത വെല്ലുവിളികളെയാണ് ഇത്തവണ തൃണമൂലും മമതാ ബാനര്‍ജിയും നേരിട്ടത്. കേഡര്‍ സ്വഭാവമുള്ള ആര്‍ എസ് എസിന്റെ തിരശ്ശീലക്കു പിന്നിലെ കടുത്ത യത്‌നം, കെട്ടുറപ്പുള്ള ബി ജെ പിയുടെ സംഘടനാ സംവിധാനം, കേന്ദ്രത്തിലെ അധികാരവും സാമ്പത്തിക പിന്തുണയും, പ്രധാനമന്ത്രി അടക്കമുള്ള താരപ്രചാരകരുടെ സാന്നിധ്യം വോട്ടര്‍മാരില്‍ സൃഷ്ടിക്കുന്ന സ്വാധീനം തുടങ്ങിയ പ്രതികൂല ഘടകങ്ങളെ അതിജീവിക്കേണ്ടിയിരുന്നു. ഒപ്പം, രാഷ്ട്രീയ ജീവിതത്തില്‍ മമതയുടെ വലംകൈയായിരുന്ന സുവേന്ദു അധികാരിയുള്‍പ്പെടെ പ്രമുഖ തൃണമൂല്‍ നേതാക്കളുടെ ബി ജെ പിയിലേക്കുള്ള ചുവടുമാറ്റം സൃഷ്ടിക്കുന്ന വെല്ലുവിളിയും മറികടക്കണമായിരുന്നു മമതക്ക്. ബംഗാളിലെ 30 ശതമാനം മുസ്‌ലിം വോട്ടുകളും പിന്നാക്ക വിഭാഗം വോട്ടുകളുമാണ് പ്രതിസന്ധികളെ അതിജീവിക്കാന്‍ തൃണമൂലിനു സഹായകമായത്. സ്ഥാനാര്‍ഥി പട്ടികയില്‍ ഈ രണ്ട് വിഭാഗങ്ങളെയും മമത നന്നായി പരിഗണിക്കുകയും ചെയ്തിരുന്നു. 45 മുസ്‌ലിംകളും 79 പട്ടികജാതിക്കാരും 17 പട്ടികവര്‍ഗ വിഭാഗവും ഉള്‍ക്കൊള്ളുന്നതാണ് തൃണമൂലിന്റെ സ്ഥാനാര്‍ഥി പട്ടിക.
ത്രികോണ മത്സരമാണ് ബംഗാളില്‍ നടന്നത്. തൃണമൂലിനും ബി ജെ പിക്കും പുറമെ കോണ്‍ഗ്രസ്-ഇടത്-ഐ എസ് എഫ് സഖ്യവുമുണ്ടായിരുന്നു മത്സര രംഗത്ത്. ഈ സഖ്യത്തിനു കടുത്ത പോരാട്ടം കാഴ്ചവെക്കാനാകില്ലെങ്കിലും മുസ്‌ലിം വോട്ടുകളില്‍ വിള്ളല്‍ സൃഷ്ടിക്കുന്നതിലൂടെ തൃണമൂലിനു ഭീഷണിയാകുമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ മമതയുടെ ജനപ്രീതിക്കു മുമ്പില്‍ അവരും നിഷ്പ്രഭമായി. പിണറായി വിജയനെന്ന പോലെ മമതയുടെയും ജനപിന്തുണയുടെ മുഖ്യ ഘടകങ്ങളിലൊന്ന് സംഘ്പരിവാറിന്റെ വര്‍ഗീയ രാഷ്ട്രീയത്തിനെതിരായ ചെറുത്തു നില്‍പ്പാണ്. പൗരത്വ നിയമ ഭേദഗതി വന്നപ്പോള്‍ അതിനെതിരെ വീറോടെ ശബ്ദമുയര്‍ത്തിയിരുന്നു മമത. ബംഗാളില്‍ പൗരത്വ നിയമം നടപ്പാക്കില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേദികളിലും അവര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിച്ചു. ശക്തയായ ഭരണാധികാരി എന്നതിനപ്പുറം ഹിന്ദുത്വ വിരുദ്ധ പോരാളി പരിവേഷമാണ് മമതയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നത്.

വടക്കുകിഴക്ക് മേഖലകളില്‍ കടന്നു കയറാനും ആധിപത്യമുറപ്പിക്കാനുമുള്ള ഒരവസരം എന്ന നിലയില്‍ കടുത്ത പോരാട്ടമാണ് ഇത്തവണ ബംഗാളില്‍ ബി ജെ പി നടത്തിയത്. സംസ്ഥാനത്ത് ഭരണം പിടിക്കാനായാല്‍ ഒഡീഷയടക്കം അടുത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളിലെല്ലാം അത് പാര്‍ട്ടിക്കു ഗുണം ചെയ്യുമായിരുന്നു. പ്രചാരണ രംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി പരമാവധി തന്റെ സാന്നിധ്യം പ്രകടമാക്കി. കേന്ദ്ര ഭരണത്തിന്റെ എല്ലാ അധികാരങ്ങളും പ്രയോഗിക്കപ്പെട്ടു. ജനസംഖ്യയില്‍ 70 ശതമാനത്തോളം ഹൈന്ദവരായ സംസ്ഥാനത്ത് വര്‍ഗീയ ധ്രുവീകരണത്തിനായി വിയര്‍ത്തു കളിച്ചു. വികസന അജന്‍ഡക്കൊപ്പം പൗരത്വ നിയമഭേദഗതി, അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ മുദ്രാവാക്യങ്ങളും മുഴങ്ങിക്കേട്ടു പാര്‍ട്ടിയുടെ പ്രചാരണ വേദികളിലുടനീളം. തുടര്‍ച്ചയായി പത്ത് വര്‍ഷം സംസ്ഥാനം ഭരിച്ച മമതാ സര്‍ക്കാറിനെതിരെ സ്വാഭാവികമായി ഉയരാവുന്ന ഭരണവിരുദ്ധ വികാരവും മുതല്‍ക്കൂട്ടാകുമെന്ന് പാര്‍ട്ടി കണക്കുകൂട്ടി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 എണ്ണത്തില്‍ വിജയിക്കാനായതും പാര്‍ട്ടിക്ക് ആത്മവിശ്വാസം നല്‍കി. 2019ല്‍ 40.64 ശതമാനം വോട്ടുകള്‍ സംഭരിച്ചിരുന്നു ബി ജെ പി. ആ സ്വപ്‌നങ്ങളെല്ലാം തകര്‍ന്നടിഞ്ഞിരിക്കുകയാണ് ബംഗാളില്‍ ഇക്കുറി. എങ്കിലും നിലവിലെ മൂന്ന് സീറ്റില്‍ നിന്ന് അംഗസംഖ്യ 75 ആയി ഉയര്‍ത്തിയത് അവര്‍ക്ക് പ്രതീക്ഷ നല്‍കുന്നു.

നന്ദിഗ്രാമിലെ മമതയുടെ തോല്‍വി തൃണമൂലിന്റെ ഉജ്വല വിജയത്തിനിടെയും ഒരു കല്ലുകടിയായി അനുഭവപ്പെടുന്നു. തന്റെ പഴയ വിശ്വസ്തന്‍ സുവേന്ദു അധികാരിയായിരുന്നു ഇവിടെ മമതയുടെ പ്രതിയോഗി. കടുത്ത മത്സരമായിരിക്കും നേരിടേണ്ടി വരികയെന്നറിഞ്ഞിട്ടും സുരക്ഷിതമായ മറ്റൊരു മണ്ഡലത്തില്‍ നിന്ന് കൂടി മത്സരിക്കാതെ മമത തന്റെ പോരാട്ടം നന്ദിഗ്രാമില്‍ മാത്രം ഒതുക്കിയത് ഏത് വിധേനയും വിജയിച്ചു കയറാനാകുമെന്ന പ്രതീക്ഷയിലായിരുന്നു. ആരാണ് ഈ പ്രതീക്ഷ തെറ്റിച്ചത്? വോട്ടര്‍മാരോ, അതോ ഗൂഢാലോചകരോ? വോട്ടെണ്ണലിന്റെ തുടക്കത്തിലെല്ലാം സുവേന്ദുവായിരുന്നു മുന്നിട്ടു നിന്നതെങ്കിലും അവസാനമെത്തിയപ്പോള്‍ മമതക്കായിരുന്നു ലീഡ്. എന്നാല്‍ സുവേന്ദു 1,956 വോട്ടിന് വിജയിച്ചെന്ന പ്രഖ്യാപനമാണ് ഒടുവിലുണ്ടായത്. ഇതില്‍ ദുരൂഹതയുള്ളതിനാല്‍ വീണ്ടും വോട്ടെണ്ണണമെന്ന് തൃണമൂല്‍ ആവശ്യപ്പെട്ടെങ്കിലും തിര. കമ്മീഷന്‍ സമ്മതിച്ചില്ല. കമ്മീഷന്റെ ഈ നിലപാടിനെതിരെ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മമതാ ബാനര്‍ജി.

Latest