Connect with us

Kerala

കൂടുതല്‍ നിയന്ത്രണങ്ങള്‍; സര്‍ക്കാര്‍-സ്വകാര്യ സ്ഥാപന ഓഫീസുകളില്‍ 25 ശതമാനം ജീവനക്കാര്‍ മാത്രം

Published

|

Last Updated

തിരുവനന്തപുരം |  സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓഫീസുകളുടെ പ്രവര്‍ത്തനത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ചൊവ്വാഴ്ച മുതല്‍ 25 ശതമാനം ജീവനക്കാര്‍ മാത്രമേ ഓഫീസില്‍ എത്താവൂ എന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇത് സര്‍ക്കാര്‍ ഓഫീസുകള്‍ക്കും സ്വകാര്യ സ്ഥാപന ഓഫീസുകള്‍ക്കും ബാധകമാണ്. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സൗകര്യം നല്‍കണം. ബേങ്കുകളും സമാന രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത്.

അവശ്യ സര്‍വീസുകള്‍ക്ക് ഇളവുണ്ട്. ആരോഗ്യ സ്ഥാപനങ്ങള്‍, ലാബുകള്‍, ഫാര്‍മസി, ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്ന (ബേക്കറികള്‍ ഉള്‍പ്പെടെ) കടകള്‍, പോസ്റ്റല്‍/ കൊറിയര്‍ സര്‍വീസുകള്‍, സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് ഏജന്‍സികള്‍, ടെലികോം/ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ തുടങ്ങിയവക്കാണ് ഇളവ്.

മെയ് നാല് മുതല്‍ ഒന്‍പത് വരെ സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. ഈ ദിവസങ്ങളില്‍ അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കൂട്ടം കൂടാനും അനുമതി ഉണ്ടാകില്ല.

അത്യാവശ്യമല്ലാത്ത യാത്രകള്‍ അനുവദിക്കില്ല. പാല്‍, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോം ഡെലിവറി പരമാവധി ഉപയോഗിക്കണം. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിക്കണം. 2 മാസ്‌കുകളും കഴിയുമെങ്കില്‍ കയ്യുറയും ധരിക്കണം.