Connect with us

Uae

യുഎഇയുടെ നൂറ് മില്യണ്‍ മീല്‍സ് പദ്ധതി: ഒരു മില്യന്‍ ദിര്‍ഹം നല്‍കി ഡോ. ഷംഷീര്‍ വയലില്‍

Published

|

Last Updated

അബുദാബി | യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ച “നൂറു മില്യണ്‍ ഭക്ഷണപ്പൊതി” പദ്ധതിക്കായി 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി രൂപ) സംഭാവന ചെയ്ത് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. ഷംഷീര്‍ വയലില്‍. ഇതിലൂടെ വിവിധ രാജ്യങ്ങളിലെ പാവപ്പെട്ട പത്തു ലക്ഷം പേര്‍ക്ക് ഭക്ഷണമെത്തിക്കാനാവും.

റമദാനില്‍ ഇരുപത് രാജ്യങ്ങളിലുള്ളവര്‍ക്ക് പത്ത് കോടി ഭക്ഷണപ്പൊതികള്‍ എത്തിക്കാനുള്ള പദ്ധതി ലോകത്തെ ഏറ്റവും വലിയ മാനുഷിക സംരംഭങ്ങളിലൊന്നാണെന്ന് ഡോ. ഷംഷീര്‍ പറഞ്ഞു. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ജീവിതം താറുമാറായ വിവിധ രാജ്യങ്ങളിലുള്ളവര്‍ക്ക് യുഎഇയുടെ സഹായം കൈത്താങ്ങാകും. സ്‌നേഹം, അനുകമ്പ, സാഹോദര്യം, പങ്കിടല്‍ എന്നിവയുടെ പ്രാധാന്യം വിളിച്ചോതുകയാണ് ഈ മാനുഷിക യജ്ഞം. ബുദ്ധിമുട്ടുന്നവര്‍ക്ക് സഹായമെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയുമുണ്ടെന്നും പദ്ധതിയുടെ ഭാഗമായതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

താഴ്ന്ന വരുമാനക്കാര്‍, തൊഴിലാളികള്‍, കോവിഡ് ദുരിതത്തില്‍ വലയുന്നവര്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍ എന്നിവരെ സഹായിക്കുകയാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഹ്യുമാനിറ്റേറിയന്‍ & ചാരിറ്റി എസ്റ്റാബ്ലിഷ്മെന്റ് (എംബിആര്‍സിഎച്ച്) ആണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. ഐക്യരാഷ്ട്ര സഭ, ഐക്യരാഷ്ട്ര ഭക്ഷ്യ പരിപാടി, എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. അര്‍ഹരായവരുടെ വീട്ടുപടിക്കല്‍ ഭക്ഷണം എത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നത് ഫുഡ് ബേങ്കിംഗ് റീജ്യണല്‍ നെറ്റ്വര്‍ക്ക്, സന്നദ്ധ സംഘടനകള്‍ എന്നിവയാണ്. ഈജിപ്ത്, ജോര്‍ദാന്‍, അംഗോള, ഉഗാണ്ട, പാകിസ്ഥാന്‍, സിറിയ, സുഡാന്‍ അടക്കമുള്ള രാജ്യങ്ങളിലെ പാവപ്പെട്ടവര്‍ക്ക് പദ്ധതിയിലൂടെ ഭക്ഷണമെത്തിക്കുന്നുണ്ട്.

സംഭാവന നല്‍കാന്‍ നാല് വഴികള്‍

100 ദശലക്ഷം ഭക്ഷണ പദ്ധതിക്കായി നാല് വഴികളിലൂടെ സംഭാവന നല്‍കാനുള്ള സംവിധാനമാണ് സജ്ജീകരിച്ചിരിക്കുന്നത്. പ്രചാരണ വെബ്സൈറ്റായ www.100millionmeals.ae യിലൂടെയോ കാമ്പെയ്ന്‍ കോള്‍ സെന്റററിലെ ടോള്‍ ഫ്രീ നമ്പര്‍ 8004999-ല്‍ ബന്ധപ്പെടുന്നതിലൂടെയോ, ദുബായ് ഇസ്ലാമിക് ബാങ്ക് അക്കൗണ്ട് വഴിയോ (AE08 0240 0015 2097 7815 201), വെബ്സൈറ്റില്‍ ലിസ്റ്റുചെയ്തിരിക്കുന്ന യുഎഇയിലെ നിര്‍ദ്ദിഷ്ട നമ്പറുകളിലേക്ക് (ഡു അല്ലെങ്കില്‍ എറ്റിസലാത്ത്) SMS വഴി “Meal” എന്ന വാക്ക് അയച്ചുകൊണ്ടോ സംഭാവന നല്‍കാം. പത്ത് ദിര്‍ഹം സംഭാവന നല്‍കിയാല്‍ പത്തു ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യാനാവും