Connect with us

National

സിദ്ദിഖ് കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന ആവശ്യത്തെ എതിര്‍ത്ത് കേന്ദ്രം

Published

|

Last Updated

ന്യൂഡല്‍ഹി | യു എ പി എ ചുമത്തപ്പെട്ട് യു പിയില്‍ തടവില്‍ കഴിയുന്ന മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന് അടിയന്തര ചികിത്സ ഉറപ്പാക്കാന്‍ ഇടപെടണമെന്ന ഹരജി സുപ്രീം കോടതി നാളത്തേക്ക് മാറ്റി. സോളിസിറ്റര്‍ ജനറലിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് കേസ് മാറ്റിയത്. കാപ്പനെ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന പത്രപ്രവര്‍ത്തക യൂണിയന്റെ ആവശ്യത്തെ കേന്ദ്രം കോടതിയില്‍ എതിര്‍ത്തു. യൂണിയന്റെ ഹരജി നിലനില്‍ക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. കാപ്പന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. കാപ്പനെ മഥുരയിലെ ജയിലില്‍ ചങ്ങലയ്ക്കിട്ടിരിക്കുകയാണെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് യു പി സര്‍ക്കാര്‍ പറഞ്ഞു. പത്രപ്രവര്‍ത്തക യൂണിയന്റെ ഹരജി ചട്ടവിരുദ്ധമാണെന്നും ഹേബിയസ് കോര്‍പ്പസ് അപേക്ഷക്ക് പകരം സാധാരണ ജാമ്യപേക്ഷ നല്‍കുകയാണ് വേണ്ടതെന്നും തുഷാര്‍ മേത്ത പറഞ്ഞു.

കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കാപ്പനെ ഡല്‍ഹിയിലേക്ക് മാറ്റണമെന്നാണ് ഭാര്യയും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകവും നല്‍കിയ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കാപ്പന് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിട്ടുണ്ട്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കാപ്പനെ വിദഗ്ധ ചികിത്സക്കായി ഡല്‍ഹിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ആദിത്യനാഥിന് കത്ത് നല്‍കിയിരുന്നു. കൊവിഡ് ബാധിതനായി മഥുരയിലെ ആശുപത്രിയില്‍ കഴിയുകയാണ് സിദ്ദിഖ് കാപ്പന്‍.

Latest