Connect with us

Kerala

ലക്ഷണങ്ങളില്ലാതെ കൊവിഡ് മരണം; ഉത്തരം തേടി ആരോഗ്യ വിദഗ്ധർ

Published

|

Last Updated

കോഴിക്കോട് | ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികൾ കുഴഞ്ഞു വീണ് മരിക്കുന്ന സംഭവത്തിൽ ഉത്തരം കിട്ടാതെ ആരോഗ്യവിദഗ്ധർ. കഴിഞ്ഞ ഒരാഴ്ചക്കിടെ കോഴിക്കോട്ട് മാത്രം ഇത്തരത്തിൽ നാല് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ് ശരീരത്തിന്റെ വിവിധ ആന്തരികാവയവങ്ങളെ ബാധിക്കുന്നതാണ് ഇത്തരത്തിലുള്ള മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കൊവിഡ് ബാധിക്കുന്ന രോഗികൾക്ക് രക്തം കട്ട പിടിക്കുന്ന അവസ്ഥയുണ്ട്. അതീവ ഗുരുതരാവസ്ഥയിലുള്ള സി കാറ്റഗറിയിലെ രോഗികൾക്ക് ഈ സാഹചര്യം മറികടക്കുന്നതിനുള്ള മരുന്നും നൽകുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസങ്ങളിൽ മരണം സംഭവിച്ച കേസുകളിൽ ഊർജസ്വലരായി ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആളുകൾ പെട്ടെന്ന് കുഴഞ്ഞു വീണു മരിക്കുകയും പരിശോധനയിൽ പോസിറ്റീവാണെന്ന് തെളിയുകയും ചെയ്യുന്നതാണ് ആരോഗ്യ വിദഗ്ധരെ കുഴക്കുന്നത്.

ഇത് സംബന്ധിച്ച് രണ്ട് തരത്തിലുള്ള നിഗമനത്തിലാണ് ഡോക്ടർമാരുള്ളത്. ഒന്നാമതായി കൊവിഡ് ബാധിച്ചത് കാരണം രക്തക്കുഴലുകളിലുണ്ടാകുന്ന തടസ്സം. രണ്ടാമത്തേത് സ്വാഭാവിക ഹൃദയാഘാതം. എന്നാൽ, ലക്ഷണങ്ങളില്ലാത്ത കൊവിഡ് രോഗികളിൽ രക്തം കട്ട പിടിക്കുന്ന സാഹചര്യം അധികം കണ്ടെത്തിയിട്ടില്ല. അതുകൊണ്ട് തന്നെ കുഴഞ്ഞു വീണ് മരിക്കുന്ന കേസുകൾ കൊവിഡ് കാരണമാണോ അതല്ല സ്വാഭാവിക ഹൃദയാഘാതം മൂലമാണോ എന്നത് സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടക്കേണ്ടി വരും.
മറ്റ് അസുഖങ്ങളോ അപകടങ്ങളോ സംഭവിച്ച് മെഡി.കോളജ് ആശുപത്രിയിലടക്കം എത്തുന്നവർക്ക് നിലവിൽ കൊവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. ഈ ടെസ്റ്റുകളിൽ ഏകദേശം 15 ശതമാനത്തോളം പേർക്ക് കൊവിഡ് പോസിറ്റീവാകുന്നതും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കോട് പെരുവയൽ ഭാഗത്ത് പാചക ജോലിയിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് കഴിഞ്ഞ ദിവസം സ്ത്രീ കുഴഞ്ഞു വീണ് മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് രേഖപ്പെടുത്തിയിരുന്നു.

കൂടാതെ, കോഴിക്കോട്ടെ പ്രമുഖ സ്വകാര്യ ആശുപത്രിയിൽ ഈ തരത്തിലുള്ള മൂന്ന് മരണങ്ങളാണ് അടുത്ത ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം, ശ്വാസംമുട്ട് കാരണമുള്ള കൊവിഡ് മരണങ്ങൾ വർധിച്ചിട്ടുണ്ടെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.