Connect with us

Kerala

ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും മുഖത്തേറ്റ അടി: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം  | കെ ടി ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെയും മുഖത്തേറ്റ അടിയാണ് ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വജനപക്ഷപാതവും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയതിനേറ്റ പ്രഹരമാണിത്. ഹൈക്കോടതി വിധി എതിരാകുമെന്ന് മുന്‍കൂട്ടി കണ്ടാണ് ജലീല്‍ മന്ത്രി സ്ഥാനത്തു നിന്ന് രാജിവച്ചത്. അല്ലാതെ ധാര്‍മികത കൊണ്ടൊന്നുമല്ല. നില്‍ക്കക്കള്ളിയില്ലാതെ നാണംകെട്ട് രാജിവക്കുകയായിരുന്നു. പ്രതിപക്ഷത്തിന്റെ ആരോപണം ശരിയാണെന്ന് ഹൈക്കോടതി വിധിയോടെ തെളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

ജലീലിന്റെ ബന്ധുവിനെ നിയമിക്കുന്നതിന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ജനറല്‍ മാനേജര്‍ തസ്തികയുടെ യോഗ്യതയില്‍ മന്ത്രിസഭയെ മറികടന്ന് ഇളവുവരുത്തിയത് മുഖ്യമന്ത്രിയാണ്. അതുകൊണ്ടുതന്നെ കേസില്‍ മുഖ്യമന്ത്രി കൂട്ടുപ്രതിയാണ്. ഹൈക്കോടതി വിധി മുഖ്യമന്ത്രിക്കെതിരായ കുറ്റപത്രം കൂടിയാണ്. ധാര്‍മികത അല്‍പമെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ മുഖ്യമന്ത്രിയും രാജിവെക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.