Connect with us

National

ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസ് പള്ളിയില്‍ നിസ്‌കാരത്തിന് അനുമതി; ഒരു സമയം 50 പേര്‍ മാത്രം

Published

|

Last Updated

ന്യൂഡല്‍ഹി | തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഒരു വര്‍ഷമായി അടച്ചിട്ട ഡല്‍ഹി നിസാമുദ്ദീന്‍ മര്‍കസ് പള്ളിയില്‍ 50 പേര്‍ക്ക് നിസ്‌കാരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്‍കി. കൊവിഡ് മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ദിവസവും അഞ്ച് നേരം നിസ്‌കാരം നടത്താനും കോടതി അനുമതി നല്‍കി. മതപരമായ ഒത്തുകൂടലുകള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും ആരാധനാലയങ്ങള്‍ അടച്ചിടാന്‍ നിലവില്‍ നിര്‍ദേശമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഡല്‍ഹിയിൽ ഹൈക്കോടതിയുടെ നടപടി.

കൊവിഡ് സാഹചര്യം നാള്‍ക്കുനാള്‍ മോശമായി വരികയാണ്. എന്നാല്‍ എല്ലാ ആരാധനാലയങ്ങളും തുറന്നിട്ടിരിക്കെ ആരാധനാലയമായ നിസാമുദ്ദീന്‍ മര്‍കസും തുറക്കേണ്ടതുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഡല്‍ഹി വഖഫ് ബോര്‍ഡാണ് പള്ളി തുറക്കാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്.

വാദത്തിനിടെ, പോലീസ് പരിശോധിച്ച 200 പേരുടെ പട്ടികയില്‍ നിന്ന് ഒരു സമയം 20 പേരെ മാത്രമേ പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പ്രവേശിക്കാവൂ എന്ന കേന്ദ്രത്തിന്റെ നിലപാടിനെതിരെ കോടതി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഗവണ്‍മെന്റ് പുറത്തിറക്കിയ വിജ്ഞാപനങ്ങളില്‍, മതപരമായ സ്ഥലങ്ങളില്‍ ഒത്തുചേരുന്നവരുടെ എണ്ണം 20 ആയി കുറച്ചിട്ടുണ്ടോ എന്ന് കോടതി ചോദിക്കുകയും ചെയ്തു. കോവിഡ് നിയമങ്ങള്‍ ലംഘിച്ച് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മഹാകുംഭമേളയില്‍ വന്‍ ജനാവലി പങ്കെടുക്കുന്നത് വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് കോടതി ഹര്‍ജി പരിഗണിച്ചത്. കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് നയം വിശദീകരിക്കാന്‍ കുംഭമേളയെ ഹര്‍ജിക്കാര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

കഴിഞ്ഞ മാര്‍ച്ചിലാണ് നിസാമുദ്ദീന്‍ മര്‍കസ് മസ്ജിദ് അടച്ചത്. ഇവിടെ നടന്ന തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതാണ് പള്ളി അടക്കാന്‍ കാരണം.

---- facebook comment plugin here -----

Latest