Connect with us

Covid19

സ്പുട്‌നിക്കിന് പിന്നാലെ കൂടുതല്‍ വിദേശ നിര്‍മിത വാക്‌സിനുകള്‍ക്ക് അംഗീകാരം ഉടന്‍

Published

|

Last Updated

ന്യൂഡല്‍ഹി | റഷ്യന്‍ നിര്‍മിത സ്പുട്‌നിക് വി വാക്‌സിന് രാജ്യത്ത് അന്തിമ അനുമതി നല്‍കിയതിന് പിന്നാലെ കൂടുതല്‍ വാക്‌സിനുകള്‍ രാജ്യത്ത് വിതരണം ചെയ്യാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വിദേശനിര്‍മിത വാക്‌സിനുകള്‍ക്ക് അടിയന്തര ഉപയോഗ അനുമതി നല്‍കുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്രം ഊര്‍ജിതമാക്കി. രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കൂടുതല്‍ വാക്‌സിനുകള്‍ എത്തിക്കാന്‍ ശ്രമം നടത്തുന്നത്.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്‍ (ബയോ ഇ), സിഡസ് കാഡില്ല, സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നൊവാക്‌സ്, ഭാരത് ബയോടെക്കിന്റെ നസല്‍ തുടങ്ങിയ വാക്‌സിനുകള്‍ക്ക് ഉടന്‍ അനുമതി നല്‍കും. പല സംസഥാനങ്ങളും വാക്‌സിന്‍ വേണ്ടത്ര സ്‌റ്റോക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ കൂടിയാണ് കൂടുതല്‍ വാക്‌സിനുകള്‍ രാജ്യത്ത് വിതരണത്തിന് സജ്ജമാക്കുന്നത്. പഞ്ചാബ്, ഡെല്‍ഹി, തെലങ്കാന, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് വാക്‌സിന്‍ ക്ഷാമമുള്ളത്.

ഇതിനകം വിദേശത്ത് ഉപയോഗത്തിലുള്ള വാക്‌സിനുകള്‍ക്ക് രാജ്യത്ത് അംഗീകാരം നല്‍കുന്നതിനും ലഭ്യത ത്വരിതപ്പെടുത്തുന്നതിനും നടപടി വേണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

വാക്‌സിന്‍ ഉത്സവം നടത്തി രാജ്യത്തുടനീളം വാക്‌സിനേഷന്‍ ഊര്‍ജിതമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു. ജനുവരി 16നാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് തുടക്കമായത്. ഇതിനകം പത്ത് കോടിയിലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു.

Latest