Connect with us

Kerala

വേനൽ കടുക്കുന്നു: ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രതാ നിർദേശം

Published

|

Last Updated

തിരുവനന്തപുരം | വേനൽ ശക്തിപ്രാപിച്ചതോടെ ജലജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. വേനൽ കടുത്തതോടെ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ശുദ്ധജല ദൗർലഭ്യം അനുഭവപ്പെടുന്നുണ്ട്. ഈ സാഹചര്യത്തിൽ ജലജന്യ രോഗങ്ങൾ പ്രത്യേകിച്ച് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, വയറിളക്കരോഗങ്ങൾ തുടങ്ങിയവ പടർന്നുപിടിക്കാൻ സാധ്യതയുണ്ട്.

വേനൽക്കാലത്തും തുടർന്ന് വരുന്ന മഴക്കാലത്തുമാണ് വയറിളക്കരോഗം കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. ശുദ്ധമായ ജലം മാത്രം കുടിക്കുക എന്നതാണ് വയറിളക്കരോഗങ്ങളെ പ്രതിരോധിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗം. അതിനാൽ ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണം.
കടുത്ത വെയിലത്ത് യാത്ര ചെയ്യുന്നവരും സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന വിധത്തിൽ ജോലി ചെയ്യുന്നവരും പ്രത്യേകം ശ്രദ്ധിക്കണം. കൈയിൽ എപ്പോഴും ഒരു കുപ്പി തിളപ്പിച്ചാറിയ ശുദ്ധജലം കരുതണം. കടകളിൽ നിന്ന് പാനീയങ്ങൾ, പഴച്ചാറുകൾ, സിപ് അപ് എന്നിവ വാങ്ങി കഴിക്കുന്നവർ അതുണ്ടാക്കാൻ ഉപയോഗിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. മാത്രമല്ല തണുപ്പിക്കാൻ ഉപയോഗിക്കുന്ന ഐസ് ശുദ്ധജലത്തിൽ തയ്യാറാക്കിയതാണെന്നും ഉറപ്പാക്കണം. വഴിയോരങ്ങളിലും കടകളിലും തുറന്നുവെച്ചിരിക്കുന്ന ഭക്ഷണസാധനങ്ങളും പാനീയങ്ങളും കഴിക്കരുത്. പഴവർഗ്ഗങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രം ഉപയോഗിക്കുക. മത്സ്യം കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന ഐസ് മലിനമായ വെള്ളത്തിൽ തയ്യാറാക്കിയതാണെങ്കിൽ മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.

കൊവിഡ് പ്രതിരോധത്തിലെ ഏറ്റവും പ്രധാനപ്പെട്ട മാർഗം കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക എന്നതാണ്. അതുപോലെ തന്നെ മഞ്ഞപ്പിത്തം, ടൈഫോയ്ഡ്, ഷിഗല്ല, കോളറ, വയറിളക്കരോഗങ്ങൾ എന്നിവ തടയുന്നതിന് ആഹാരം കഴിക്കുന്നതിന് മുമ്പും കഴിച്ചതിന് ശേഷവും മലവിസർജനത്തിന് ശേഷവും സോപ്പുപയോഗിച്ച് നിർബന്ധമായും കൈകൾ കഴുകണം. 90 ശതമാനം വയറിളക്കരോഗങ്ങളും വീട്ടിൽ നൽകുന്ന പാനീയ ചികിത്സ കൊണ്ട് ഭേദമാക്കാൻ കഴിയും. എന്നാൽ, നിർജലീകരണ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ഡോക്ടറുടെ സേവനം തേടണം.