Kerala
കൊവിഡ് രണ്ടാം തരംഗം: സ്‌കൂൾ തുറന്നേക്കില്ല; പുതിയ സർക്കാർ തീരുമാനിക്കട്ടെയെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം | കൊവിഡ് വ്യാപനത്തിന്റെ രണ്ടാം ഘട്ടം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്‌കൂളുകൾ അടുത്ത അധ്യയന വർഷാരംഭത്തിലും തുറന്നേക്കില്ല. ജൂണിൽ സ്‌കൂൾ തുറക്കുന്നതിന് പകരം ഓൺലൈൻ ക്ലാസ് തന്നെ തുടരാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ ആലോചന. തിരഞ്ഞെടുപ്പ് കഴിഞ്ഞ സ്ഥിതിക്ക് പുതിയ സർക്കാർ വന്നതിന് ശേഷം അന്തിമ തീരുമാനം എടുക്കട്ടെയെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. നിലവിൽ സംസ്ഥാന വ്യാപകമായി കൊവിഡ് കേസ് വൻതോതിൽ വർധിക്കുന്ന സാഹചര്യത്തിൽ ജൂണിൽ സ്‌കൂൾ തുറന്നാലും കഴിഞ്ഞ വർഷത്തിന് സമാനമായിട്ടായിരിക്കും ക്ലാസ് ആരംഭിക്കുക.
അതേസമയം, ഓൺലൈൻ ക്ലാസുകളിലൂടെ പഠനം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. നടന്നുവരുന്ന പരീക്ഷകൾ പൂർത്തിയാക്കി ഫലപ്രഖ്യാപനം നടത്തുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ മുന്നിലുള്ള പ്രധാന കടമ്പയെന്നാണ് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെ ഇതുസംബന്ധിച്ച പ്രതികരണം. മെയ് മാസത്തിലെ കൊവിഡ് വ്യാപനത്തിന്റെ തോത് കൂടി കണക്കിലെടുത്താകും അന്തിമ തീരുമാനം.
മാസ് വാക്‌സീനേഷൻ
ചെറിയ ഇടവേളക്ക് ശേഷം കൊവിഡ് കേസ് കുതിച്ചുയർന്നതോടെ സംസ്ഥാനത്ത് മാസ് വാക്‌സീനേഷന് തുടക്കമായി. ഒരു മാസത്തിനിടെ പരമാവധി പേരെ വാക്സീൻ എടുപ്പിക്കാനുള്ള നീക്കമാണ് നടക്കുന്നത്. സംസ്ഥാനത്ത് കൊവിഡ് വൈറസിന് ജനിതകമാറ്റം സംഭവിച്ചിട്ടുണ്ടോ എന്നറിയുന്നതിന് ജില്ലകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധനക്ക് അയച്ചു.
“ക്രഷിംഗ് ദി കർവ്” കർമ പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനവ്യാപകമായി മെഗാ വാക്‌സീനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെ മെഗാ വാക്‌സീൻ ക്യാമ്പുകൾക്ക് വിവിധയിടങ്ങളിൽ തുടക്കമായി. എല്ലാവർക്കും വാക്‌സീൻ നൽകാനാണ് ശ്രമമെങ്കിലും വാക്‌സീൻ സ്റ്റോക്കിലെ കുറവ് ആശങ്കയായി തുടരുകയാണ്. ഇന്നലത്തെ മാസ് വാക്‌സീനേഷന് മുമ്പ് 64,850 ഡോസ് കൊവാക്‌സീനും 9,37,290 ഡോസ് കൊവിഷീൽഡുമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. നിലവിൽ 47,59,883 പേരാണ് ഇതുവരെ കേരളത്തിൽ വാക്‌സീൻ സ്വീകരിച്ചത്.
സീറോ സർവയലൻസ് പഠനമനുസരിച്ച് സംസ്ഥാനത്ത് നിലവിൽ 89 ശതമാനം പേർക്കും ഇതുവരെ കൊവിഡ് വന്നിട്ടില്ലെങ്കിലും തിരഞ്ഞെടുപ്പിന് ശേഷം കുത്തനെ കേസ് കൂടുന്ന പുതിയ സാഹചര്യം ആശങ്കാജനകമാണ്. നിയന്ത്രണങ്ങൾ കൈവിട്ട തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരിലേക്കും രോഗമെത്താനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് 45ന് മുകളിലുള്ള എല്ലാവർക്കും കൊവിഡ് വാക്‌സീൻ ഉറപ്പാക്കാനുള്ള മാസ് വാക്‌സീനേഷൻ സംഘടിപ്പിക്കുന്നത്. സർക്കാർ- സ്വകാര്യ മേഖലകളിലായി 865 കേന്ദ്രങ്ങളിൽ നിലവിൽ വാക്‌സീൻ നൽകുന്നുണ്ട്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും പത്ത് ശതമാനത്തിലേക്കുയർന്ന സാഹചര്യത്തിലാണ് വൈറസിന് ജനിതക മാറ്റം സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. ഇതിനായി വിവിധ ജില്ലകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധനക്കായി ഡൽഹിയിലേക്കയച്ചിട്ടുണ്ട്.