Connect with us

National

സിതല്‍കൂച്ചിയിലെ വെടിവെപ്പ്; സി ഐ എസ് എഫ് നടത്തിയത് കൂട്ടക്കൊലയെന്ന് മമത

Published

|

Last Updated

കൊല്‍ക്കത്ത | പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് സി ഐ എസ് എഫ് നടത്തിയ വെടിവെപ്പില്‍ നാലുപേര്‍ മരിക്കാനിടയായ സംഭവം കൂട്ടക്കൊലയാണെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി. നെഞ്ചത്തും കഴുത്തിലുമാണ് വെടിയുതിര്‍ത്തത്. സംഘര്‍ഷത്തിലേര്‍പ്പെട്ട ജനക്കൂട്ടത്തെ പിരിച്ചുവിടുകയായിരുന്നില്ല ഉദ്ദേശ്യമെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അങ്ങനെയായിരുന്നെങ്കില്‍ അരക്കു താഴെയാണ് വെടിവെക്കേണ്ടിയിരുന്നത്. ഉത്തര ബംഗാളിലെ സിലിഗുരിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മമത.

ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ സി ഐ എസ് എഫിന് പരിശീലനം നല്‍കിയിട്ടില്ല. ഇപ്പോള്‍ വസ്തുതകള്‍ മറച്ചുവക്കാനാണ് അവര്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് കൂച്ച് ബിഹാറില്‍ പ്രവേശിക്കുന്നതിന് 72 മണിക്കൂര്‍ സമയത്തേക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് അവസാനിക്കുന്ന ഏപ്രില്‍ 14ന് ഇരകളുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുമെന്നും മമത കൂട്ടിച്ചേര്‍ത്തു.
കൂച്ച് ബിഹാറിലെ സിതല്‍കൂച്ചി നിയോജക മണ്ഡലത്തിലെ പോളിങ് കേന്ദ്രത്തില്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിരിച്ചുവിടാനാണ് സുരക്ഷാസേന വെടിവെപ്പ് നടത്തിയത്.