Connect with us

Kerala

വോട്ടെടുപ്പ്‌ ആരംഭിച്ചു; ആദ്യ ഒന്നര മണിക്കൂറിൽ 7.6% പോളിംഗ്‌

Published

|

Last Updated

തിരുവനന്തപുരം | ചരിത്രത്തിലെ ഏറ്റവും വാശിയേറിയ തിരഞ്ഞെടുപ്പിന് അടുത്ത അഞ്ചു വര്‍ഷം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്ന പോളിംഗ് ആരംഭിച്ചു. രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുമ്പിലെല്ലാം വലിയ ക്യൂവാണ് രൂപപ്പെട്ടത്. മന്ത്രിമാരായ എ സി മൊയ്തീന്‍, ഇ പി ജയരാജന്‍, ചന്ദ്രശേഖര്‍, ലീഗ് നേതക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി, ബി ജെ പി നേതാവ് കെ സുരേന്ദ്രന്‍, ഇ ശ്രീധരന്‍ തുടങ്ങിയവരെല്ലാം ആദ്യ മണിക്കൂറില്‍ തന്നെ വോട്ട് രേഖപ്പെടുത്തി. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ കാന്തപുരം ജി എം എൽ പി സ്കൂളിലെ 168 ആം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. ആദ്യ ഒന്നര മണിക്കൂറിൽ 7.6% ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി.

രാവിലെ ഏഴിന് ആരംഭിച്ച വോട്ടിംഗ് രാത്രി എട്ട് വരെ നീണ്ടുനില്‍ക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള ഒമ്പപത് മണ്ഡലങ്ങളില്‍ വൈകുന്നേരം ആറിന് വോട്ടെടുപ്പ് അവസാനിക്കും. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണു വോട്ടെടുപ്പ് ആറ് വരെയാക്കി കുറച്ചിട്ടുള്ളത്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ കോവിഡ് ബാധിതര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കുമാണ്.

ആകെ 2,74,46,039 വോട്ടര്‍മാരാണ് സംസ്ഥാനത്തുള്ളത്. ഇതില്‍ 5,18,520 പേര്‍ കന്നിവോട്ടര്‍മാരാണ്. പുരുഷവോട്ടര്‍മാരുടെ എണ്ണം 1,32,83,724 ഉം സ്ത്രീവോട്ടര്‍മാരുടെ എണ്ണം 1,41,62,025 മാണ്. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി 957 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.

കൊവിഡ് നിയന്ത്രണത്തിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി അധികമായി സജ്ജീകരിച്ചിട്ടുള്ളത് 15730 പോളിംഗ് ബൂത്തുകള്‍. നിലവിലുള്ള 25041 പോളിംഗ് ബൂത്തുകള്‍ കൂടിയാകുന്‌പോള്‍ ആകെ ബൂത്തുകളുടെ എണ്ണം 40771.

---- facebook comment plugin here -----

Latest