Connect with us

Kerala

കൊട്ടിക്കലാശമില്ലാതെ പരസ്യപ്രചാരണത്തിന് കര്‍ട്ടന്‍; ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍

Published

|

Last Updated

തിരുവനന്തപുരം |  കേരളം പോളിങ് ബൂത്തിലേക്ക് പോകാന്‍ നാളെ ഒരു ദിനം മാത്രം അവശേഷിക്കവെ ആവേശം അലതല്ലിയ പരസ്യപ്രചാരണത്തിന് അവസാനമായി. ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകള്‍. കൊട്ടിക്കലാശം ഇല്ലായിരുന്നെങ്കിലും മണ്ഡലങ്ങളിലെല്ലാം വലിയ ആവേശമാണ് പരസ്യപ്രചാരണത്തിന്റെ അവസാന മണിക്കൂറുകളില്‍ കണ്ടത്.

ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ റോഡ് ഷോ മണ്ഡലത്തെ അക്ഷരാര്‍ഥത്തില്‍ ചെങ്കടലാക്കി. കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേമത്ത് യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരനായി തലസ്ഥാനത്ത് നടത്തിയ റോഡ്‌ഷോയും ആവേശം പകരുന്നതായിരുന്നു. സ്വന്തം മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിലാണ് ബിജെപി നേതാക്കള്‍ അവസാനമണിക്കൂറുകളില്‍ സമയം ചെലവിട്ടത്. മുന്നണികളെല്ലാം വൈകുന്നേരം ഏഴ് മണിക്ക് കൊട്ടിക്കലാശമില്ലാതെ പരസ്യ പ്രചാരണം അവസാനിപ്പിക്കുകയായിരുന്നു .

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അമ്പത്തിയൊമ്പതിനായിരം പോലീസ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. 140 കമ്പനി കേന്ദ്ര സേനയും കേരളത്തിലെത്തിയിട്ടുണ്ട്. പോളിംഗ് ഏജന്റുമാര്‍ക്ക് സുരക്ഷാഭീഷണിയുണ്ടെങ്കില്‍ പോലീസ് സംരക്ഷണം നല്‍കും. കോഴിക്കോട്ടെത്തിയ രാഹുല്‍ ഗാന്ധി അവിടെ നിന്നാണ് നേമത്ത് എത്തിയത്.

രണ്ട് മണിമുതല്‍ ഏഴ് മണിവരെ ധര്‍മടത്തെ ചെങ്കടലാക്കിയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ റോഡ് ഷോ. ധര്‍മടം മണ്ഡലത്തില്‍ പ്രകാശ് രാജ്, ഇന്ദ്രന്‍സ്, മധുപാല്‍, ഹരിശ്രീ അശോകന്‍ എന്നിവരടങ്ങിയ വലിയ താരനിരയും ഉണ്ടായിരുന്നു. കൊവിഡ് പ്രൊട്ടോക്കോളും ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ബൈക്കുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കിയിരുന്നു.

Latest