Connect with us

Editorial

രാജ്യത്ത് വൈറസ് വ്യാപനം വീണ്ടും രൂക്ഷം

Published

|

Last Updated

കൊവിഡ് വൈറസ് വ്യാപനം വീണ്ടും ഭീതിദമാം വിധം വര്‍ധിച്ചിരിക്കുകയാണ് രാജ്യത്ത്. ആരോഗ്യ മന്ത്രാലയം ഇന്നലെ പ്രസിദ്ധീകരിച്ച കണക്കു പ്രകാരം ബുധനാഴ്ച ഒരു ദിവസത്തിനിടെ മാത്രം 53,476 പേര്‍ക്കാണ് രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഒരു ദിവസം അര ലക്ഷത്തിലേറെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 251 മരണങ്ങളും സംഭവിച്ചു. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,17,87,534ഉം മരണസംഖ്യ 1,60,692ഉം ആയി ഉയര്‍ന്നു. രോഗവ്യാപനത്തില്‍ അമേരിക്കക്കും ബ്രസീലിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യ. വിവിധ സംസ്ഥാനങ്ങളിലായി 3,95,192 പേര്‍ ചികിത്സയിലാണ്. ഇതിനകം രാജ്യത്ത് 5,31,45,709 പേര്‍ക്ക് കൊവിഡ് വാക്‌സീന്‍ നല്‍കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ കൊവിഡ് വ്യാപനമുള്ള മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 31,855 പുതിയ കേസുകളും 95 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 53,684 ആയി. മുംബൈയിലാണ് സ്ഥിതി കൂടുതല്‍ രൂക്ഷം. ഇവിടെ ദിവസേനയുള്ള കേസുകള്‍ അയ്യായിരം കടന്നു. നഗരത്തില്‍ ഹോളി ആഘോഷങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ ഇന്ന് മുതല്‍ ഏപ്രില്‍ നാല് വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

രോഗികളുടെ എണ്ണത്തിലുള്ള വന്‍ വര്‍ധന കണക്കിലെടുത്ത് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏപ്രില്‍ ഒന്ന് മുതല്‍ 45 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വാക്‌സീനേഷന്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയും ഇതര രാജ്യങ്ങളിലേക്കുള്ള വാക്‌സീന്‍ കയറ്റുമതി നിര്‍ത്തിവെക്കുകയും ചെയ്തിട്ടുണ്ട്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന വാക്‌സീന്റെ കയറ്റുമതിയാണ് താത്കാലികമായി നിര്‍ത്തിയതെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇന്ത്യയില്‍ നിന്ന് വാക്‌സീന്‍ കയറ്റുമതി നടന്നിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റും ചൂണ്ടിക്കാട്ടുന്നു. ബ്രസീല്‍, ബ്രിട്ടന്‍, മൊറോക്കൊ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വാക്‌സീന്‍ കയറ്റുമതി ഏതാനും നാളുകളായി മന്ദഗതിയിലുമാണ്. സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത അഞ്ച് മില്യന്‍ ഡോസുകളുടെ രണ്ടാം ബാച്ച് വാക്‌സീനായി ബ്രിട്ടന്‍ കേന്ദ്രത്തെ സമീപിച്ചിട്ടുണ്ട്.
അതിനിടെ രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊവിഡ് വൈറസും വ്യാപിക്കുന്നുണ്ട്. 18 സംസ്ഥാനങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച വൈറസുകളുടെ സാന്നിധ്യം കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് വെളിപ്പെടുത്തിയത്. സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നും ശേഖരിച്ച 10,787 സാമ്പിളുകളില്‍ നിന്ന് 771 എണ്ണത്തിലാണ് വകഭേദം കാണപ്പെട്ടത്. എന്നാല്‍ രാജ്യത്ത് ഇപ്പോള്‍ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതിന് പിന്നില്‍ പുതിയ വൈറസുകളാണെന്നു സ്ഥിരീകരിച്ചിട്ടില്ല. ഇതിന് മതിയായ തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇതുസംബന്ധമായി “ഇന്‍സാകോഗ്” കൂടുതല്‍ പഠനം നടത്തി വരികയാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. വൈറസ് സാമ്പിളുകള്‍ ശേഖരിച്ച് അവയുടെ ജനിതക പ്രവര്‍ത്തനങ്ങളെക്കുറിച്ച് പഠിക്കാന്‍ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കണ്‍സോര്‍ഷ്യമാണ് “ഇന്‍സാകോഗ്”.

കേരളത്തിലെ പതിനൊന്ന് ജില്ലകളില്‍ ജനിതകമാറ്റം വന്ന വൈറസ് കാണപ്പെട്ടിട്ടുണ്ട്. പുതിയൊരു തരംഗമായി മാറാന്‍ സാധ്യതയുള്ളതാണ് ഈ വകഭേദമെന്നും കൊവിഡ് 19 ബാധിച്ചവരിലും രോഗബാധയില്ലാതെ പ്രതിരോധശേഷി കൈവരിച്ചവരില്‍ പോലും പുതിയ രോഗം വ്യാപിച്ചേക്കുമെന്നും “ഇന്‍സാകോഗ്” നിരീക്ഷിക്കുന്നു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്ന് ശേഖരിച്ച 2,032 സാമ്പിളുകളില്‍ 123 സാമ്പിളുകളിലാണ് വകഭേദം സ്ഥിരീകരിച്ചത്.
ഡിസംബര്‍ പകുതിയോടെ ഇംഗ്ലണ്ടിലും ദക്ഷിണാഫ്രിക്കയിലുമാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് ബാധ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ലണ്ടനിലെയും പരിസര പ്രദേശങ്ങളിലെയും വൈറസിന്റെ അതിവേഗ പകര്‍ച്ച ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കര്‍ശനമായ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. യൂറോപ്യന്‍ രാജ്യങ്ങള്‍ ബ്രിട്ടനില്‍ നിന്നുള്ളവര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തുകയും അതിര്‍ത്തികള്‍ അടക്കുകയും ചെയ്തു. അതിവേഗ പകര്‍ച്ചയാണ് ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ ഒരു സവിശേഷത. ആദ്യത്തെ വൈറസിനേക്കാള്‍ 70 ശതമാനം വ്യാപന കൂടുതലുണ്ട് പുതിയ വൈറസിനെന്ന് ബ്രിട്ടീഷ് ആരോഗ്യവകുപ്പ് സെക്രട്ടറി മാറ്റ് ഹാന്‍കോക് ചൂണ്ടിക്കാട്ടുന്നു. സിംഗപ്പൂര്‍, ജപ്പാന്‍, ആസ്‌ത്രേലിയ തുടങ്ങി മറ്റു പല രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് വൈറസിന്റെ വകഭേദം.

ആദ്യഘട്ട വൈറസിനെതിരെ വികസിപ്പിച്ച വാക്‌സീനുകള്‍ ജനിതകമാറ്റം സംഭവിച്ച വൈറസിനും ഫലപ്രദമാണോ എന്ന കാര്യത്തില്‍ വ്യത്യസ്താഭിപ്രായമാണ് വിദഗ്ധര്‍ക്കിടയില്‍. ഫലപ്രദമാണെന്നാണ് കാംബ്രിഡ്ജ് സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നത്. ചില വൈറല്‍ രോഗങ്ങള്‍ക്കുള്ള വാക്‌സീനുകള്‍ സമാന ഘടനയുള്ള രോഗങ്ങള്‍ക്കെതിരെ ഫലപ്രദമായി പ്രവര്‍ത്തിക്കാറുള്ള കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു. വൈറസിലുള്ള പ്രോട്ടീനുകള്‍ക്കെതിരെ ആന്റിബോഡി സജ്ജമാക്കാന്‍ ശരീരത്തെ പ്രോത്സാഹിപ്പിക്കുകയാണ് വൈറസിന്റെ മുഖ്യ ധര്‍മം. വൈറസ് അതിന്റെ പ്രോട്ടീനില്‍ വ്യതിയാനം വരുത്തിയാല്‍ വാക്‌സീന്‍ പ്രവര്‍ത്തിക്കാതെയുമാകാമെന്നാണ് മറ്റു ചിലരുടെ പക്ഷം. എങ്കിലും നിലവിലെ വ്യതിയാനങ്ങളൊന്നും ഇപ്പോള്‍ ഉപയോഗത്തിലുള്ള വാക്‌സീനുകളുടെ ഫലപ്രാപ്തിയെ മറികടക്കുന്ന തരത്തിലേക്കെത്തിയിട്ടില്ല. ഭാവിയില്‍ വാക്‌സീനെതിരെ വൈറസ് പ്രതിരോധ ശക്തി ആര്‍ജിച്ചാല്‍ തന്നെയും വകഭേദം സംഭവിച്ച വൈറസിനെതിരെ പ്രവര്‍ത്തിക്കാന്‍ വാക്‌സീനുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകുമെന്നും അത് എളുപ്പത്തില്‍ സാധ്യമാകുമെന്നുമുള്ള ആശ്വാസത്തിലാണ് ആരോഗ്യ വിദഗ്ധര്‍.

Latest