ആമസോണ്‍ ഡെലിവറി ജീവനക്കാര്‍ രാജ്യവ്യാപക സമരത്തിന്; വിതരണത്തെ ബാധിക്കും

Posted on: March 24, 2021 5:28 pm | Last updated: March 24, 2021 at 5:28 pm

ന്യൂഡല്‍ഹി | ആമസോണ്‍ ഡെലിവറി ജീവനക്കാര്‍ രാജ്യവ്യാപക സമരം ചെയ്യുന്നു. കമ്മീഷന്‍ വര്‍ധിപ്പിക്കുക, ഇന്‍ഷ്വറന്‍സ് ക്ലെയിം, ഉപഭോക്താക്കള്‍ക്ക് കെ വൈ സി പ്രക്രിയ നിര്‍ബന്ധമാക്കുക അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇത് വരും ദിവസങ്ങളില്‍ വിതരണത്തെ ബാധിക്കും.

ബെംഗളൂരു, ഡല്‍ഹി, പുണെ, ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളിലെ വെയര്‍ഹൗസുകളിലടക്കം 24 മണിക്കൂര്‍ സമരമാണ് നടത്തുക. വെയര്‍ഹൗസുകളില്‍ പാഴ്‌സലുകള്‍ കുന്നുകൂടാന്‍ ഇത് ഇടയാക്കുമെന്ന് ഇന്ത്യന്‍ ഫെഡറേഷന്‍ ഓഫ് ആപ്പ് ബേസ്ഡ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് (ഇഫാറ്റ്), തെലങ്കാന ഗിഗ് ആന്‍ഡ് പ്ലാറ്റ്‌ഫോം വര്‍ക്കേഴ്‌സ് യൂനിയന്‍ തുടങ്ങിയ സംഘടനകള്‍ അറിയിച്ചു.

ഇരുപതിനായിരത്തോളം ഡെലിവറി ജീവനക്കാര്‍ സമരത്തിന്റെ ഭാഗമാകും. ഈ മാസം അവസാനമാകും സമരം. ആമസോണിന്റെ രാജ്യത്തെ മൊത്തം ലോജിസ്റ്റിക്‌സ് പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന ആദ്യ സമരമാകുമിത്.